Connect with us

Editorial

ഗ്രാമീണ ഇന്ത്യയുടെ ഇരുണ്ട മുഖം

Published

|

Last Updated

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കൊടിയ ദാരിദ്ര്യത്തിന്റെ നേര്‍ച്ചിത്രം തുറന്നുകാണിക്കുന്നതായിരുന്നു ശനിയാഴ്ച മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആത്മഹത്യാ വാര്‍ത്ത. ദാരിദ്ര്യം മൂലം കുടുംബം പോറ്റാന്‍ വഴിയില്ലാതെ മനീഷാ ഗഡ്കല്‍ എന്ന സ്ത്രീ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ജോലിയില്ലാത്തതിനാല്‍ കടം വാങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു മനീഷയും ഭര്‍ത്താവും അഞ്ച് മക്കളും അടങ്ങുന്ന കുടുംബം. ദരിദ്ര കുടുംബങ്ങള്‍ക്കുള്ള റേഷന്‍ ഉണ്ടെങ്കിലും ഒരു മാസത്തെ റേഷന്‍ ഏതാനും ദിവസത്തേക്ക് മാത്രമേ തികയുമായിരുന്നുള്ളൂ. ഭര്‍ത്താവിനോ അവര്‍ക്കോ ജോലിയുമില്ല. ഒടുവില്‍ വിഷപ്പ് മൂലം കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടും പ്രയാസവും കാണാന്‍ കരുത്തില്ലാത്തതിനാല്‍ അവര്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
ഇതൊരു ഉസ്മാനാബാദിന്റെയോ മറാത്താ മേഖലയുടയോ മാത്രം അവസ്ഥയല്ല. തൊഴിലില്ലായ്മ, കൃഷിനാശം തുടങ്ങിയ കാരണങ്ങളാല്‍ ദാരിദ്ര്യവും വറുതിയും വിളയാടുന്ന ഗ്രാമങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ എമ്പാടുമുണ്ട്. തൊഴിലില്ലായ്മയും കൊടും പട്ടിണിയും മൂലം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം ഛത്തീസ്ഗഡില്‍ നിന്ന് ഒരു ലക്ഷം ഗ്രാമീണര്‍ നാടും വീടും ഉപേക്ഷിച്ചു അയല്‍ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് നാല് മാസം മുമ്പാണ്. ഭാര്യക്ക് മരുന്ന് വാങ്ങാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ഒഡീഷ്യയിലെ മാല്‍കങ്കിരിയില്‍ ആദിവാസി യുവാവ് 700 രൂപക്ക് കുഞ്ഞിനെ വിറ്റതും മറ്റൊരു കുടുംബ നാഥന്‍ കടം വീട്ടാന്‍ പതിനഞ്ചുകാരിയെ പലിശക്കാരന് വിറ്റതും അടുത്തിടെയായിരുന്നു.
ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നതായി അധികാരികള്‍ അവകാശപ്പെടുമ്പോഴും രാജ്യത്തെ ദരിദ്രരുടെ എണ്ണത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. പല ഇന്ത്യന്‍ ഗ്രാമങ്ങളുടെയും സ്ഥിതി അതിദയനീയമാണ്. ദാരിദ്ര്യം, പോഷകാഹാരക്കുറവ്, ശുദ്ധജല ദൗര്‍ലഭ്യം, ശുചിത്വമില്ലായ്മ, ആരോഗ്യക്കമ്മി തുടങ്ങിയ പ്രശ്‌നങ്ങളാല്‍ ദുരിതപൂര്‍ണമാണ് ഈ മേഖലകളിലെ ജനജീവിതം. ഇന്ത്യന്‍ ജനതയില്‍ 21.9 ശതമാനമാണ് സര്‍ക്കാരിന്റെ കണക്കില്‍ ദരിദ്രരെങ്കിലും നാല്‍പത്തി രണ്ട് ശതമാനവും ദാരിദ്ര്യ രേഖക്ക് താഴെയാണെന്നായിരുന്നു സര്‍ക്കാര്‍ നിയോഗിച്ച ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. 50 ശതമാനം വരുമന്നാണ് സക്‌സേന കമ്മിറ്റി വിലയിരുത്തല്‍. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യവികസന സൂചികയില്‍ 130-ാം സ്ഥാനത്താണ് ഇന്ത്യ. മൂന്നാം ലോകരാജ്യങ്ങളിലെ ദരിദ്രരില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. രാജ്യത്തെ മൂന്ന് വയസ്സിന് താഴെയുള്ള 44 ശതമാനം കുട്ടികള്‍ക്കും പോഷകാഹാരങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് യു എന്നിന്റെ ലോക ഭക്ഷ്യ പദ്ധതി ഡയറക്ടറേറ്റിന്റെ പഠനം. ആഫ്രിക്കന്‍ സഹാറന്‍ മേഖലകളില്‍ ഇത് 25 ശതമാനമേ വരൂ.പട്ടിണിപ്പാവങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് അധികൃതര്‍ വളര്‍ച്ചയുടെ പെരുപ്പിച്ച കണക്കുകള്‍ നിരത്തി വെക്കുന്നത്. രാജ്യത്ത് ധാന്യപ്പുരകള്‍ നിറയുകയും ധാന്യങ്ങള്‍ പുഴുവരിച്ചു നശിക്കുകയും ചെയ്യുമ്പോഴാണ് പകുതിയോളം ജനങ്ങള്‍ അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി ദുരിത ജീവിതം നയിക്കുന്നത്. വിഭവങ്ങള്‍ ചില കേന്ദ്രങ്ങളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുകയാണ്. ഒട്ടേറെ ദാരിദ്ര്യ നിര്‍മാര്‍ജന, തൊഴിലുറപ്പ് പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഒന്നും ഫലം കാണുകയോ നേട്ടങ്ങള്‍ അര്‍ഹരില്‍ എത്തുകയോ ചെയ്യുന്നില്ല. പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ചെലവിടുന്ന ഒരു രൂപയില്‍ 15 പൈസ മാത്രമേ അവരിലേക്കെത്തുന്നുള്ളൂവെന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വാക്കുകള്‍ പദ്ധതികളുടെ കുറവല്ല, അവ നടപ്പാക്കുന്നതിലെ പാളിച്ചയാണ് ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാന്‍ കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. വിഭവങ്ങളുടെ കുറവിനേക്കാള്‍ അവ വിനിയോഗിക്കുന്നതിലെ അപാകമാണ് പ്രശ്‌നം. ബജറ്റില്‍ കുറേ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതോടെ തീരുന്നു ഭരണത്തിലിരിക്കുന്നവരുടെ കടമകള്‍. പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനേക്കാള്‍ അതിന്റെ ഫലവത്തായ പ്രയോഗവത്കരണത്തിലാണ് സര്‍ക്കാറുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. ആസൂത്രണ കമ്മീഷനെ ഉപയോഗിച്ചു കൃത്രിമ കണക്കുകളുണ്ടാക്കി ദാരിദ്ര്യത്തിന്റെ തോത് കുറഞ്ഞുവെന്ന് വരുത്തിത്തീര്‍ത്തത് കൊണ്ട് പട്ടിണിപ്പാവങ്ങളുടെ എണ്ണം കുറയില്ല.
വികസിതമായ പുതിയൊരു ഇന്ത്യ വാഗ്ദാനം ചെയ്താണ് ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഗ്രാമീണ മേഖലയുടെ വളര്‍ച്ചയാണ് വികസനത്തിന്റെ ശരിയായ അളയാളപ്പെടുത്തല്‍. എന്നാല്‍ സര്‍ക്കാറിന് ഗ്രാമീണരുടെയും സാധാരണക്കാരന്റെയും സമുദ്ധാരണത്തിന് എവിടെ സമയം? പ്രധാനമന്ത്രി മിക്ക ദിവസങ്ങളിലും വിദേശത്താണ്. ഒരു വര്‍ഷത്തിനിടയില്‍ 37 കോടി ചിലവഴിച്ച് 20 രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം പുതുതായി സന്ദര്‍ശിക്കാനുള്ള രാജ്യങ്ങളുടെ ലിസ്റ്റ് തയാറാക്കുന്ന തിരക്കിലായിരിക്കണം. മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ, റോഡുകള്‍ക്ക് പുനര്‍നാമകരണം നടത്തിയും കരിക്കുലം കാവിയില്‍ മുക്കിയും സംഘ്പരിവാര്‍ അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പാക്കാനുള്ള തിരക്കിലുമാണ്.

Latest