Connect with us

Alappuzha

പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്രം കണ്‍സല്‍ട്ടന്‍സിയെ നിയമിക്കുന്നു

Published

|

Last Updated

ആലപ്പുഴ: സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് ദേശീയപാതകള്‍ പൂര്‍ണമായും നാല് വരിയാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആരംഭിച്ചു. ദേശീയപാത 17, 47 ചേര്‍ത്തുള്ള പുതിയ എന്‍ എച്ച് 66 പൂര്‍ണമായും നാല് വരിയാക്കാനുള്ള നടപടികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ദേശീയ പാത വികസനം ഏത് തരത്തിലായിരിക്കും നടപ്പാക്കുക എന്നത് പ്രൊജക്ട് റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കേന്ദ്രം തീരുമാനിക്കുക.
ദേശീയപാത വികസനത്തിന്റെ ഭാഗമായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ദേശീയ പാത അതോറിറ്റി. പല തവണ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്‌തെങ്കിലും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് വീണ്ടും ഡി പി ആര്‍ തയ്യാറാക്കാന്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ(എന്‍ എച്ച്് എ ഐ) തീരുമാനിച്ചത്. ഇതനുസരിച്ച് കണ്‍സല്‍ട്ടന്‍സിയെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ദേശീയപാത അതോറിറ്റി ആരംഭിച്ചു.
ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഇതിന് അവസാന രൂപം നല്‍കി. കണ്‍സല്‍ട്ടന്‍സിയെ കണ്ടെത്തുന്നതിനുള്ള ഇ-ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിന് ഈ മാസം 29 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. എന്‍ എച്ച് 17 (പുതിയ എന്‍ എച്ച് 66) കര്‍ണാടക അതിര്‍ത്തി മുതല്‍ കണ്ണൂര്‍ ജില്ലയിലെ വെങ്ങാളം വരെയും വെങ്ങാളം മുതല്‍ എറണാകുളം ജില്ലയിലെ ഇടപ്പള്ളി വരെയും എന്‍ എച്ച് 47ല്‍ (പുതിയ എന്‍ എച്ച് 66) ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയും ദേശീയപാത നാല് വരിയാക്കുന്നതിന്റെ വിശദ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കണ്‍സല്‍ട്ടന്‍സിയെ നിയമിക്കുന്നത്. മൂന്ന് പദ്ധതികള്‍ക്കും കൂടി ഡി പി ആര്‍ സമര്‍പ്പിക്കുന്നതിനായി 115.46 കോടി രൂപയാണ് ദേശീയ പാത അതോറിറ്റി നീക്കി വെച്ചിട്ടുള്ളത്. നാല് വരിപ്പാത നിര്‍മിക്കുന്നതിന് ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ റവന്യൂ രേഖകളും മാപ്പും ഉള്‍പ്പെടെ ഡി പി ആര്‍ തയ്യാറാക്കുന്ന കണ്‍സല്‍ട്ടന്‍സി ദേശീയ പാത അതോറിറ്റിക്ക് ലഭ്യമാക്കണം. കരാര്‍ ഒപ്പിട്ട് ആറ് മാസത്തിനകം ഡി പി ആര്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. മൂന്ന് പാക്കേജുകളായാണ് കണ്‍സല്‍ട്ടന്‍സിയെ നിയമിക്കുക.
ദേശീയ പാത 17 ല്‍ കര്‍ണാടക അതിര്‍ത്തി കി മീ 17.200 മുതല്‍ കണ്ണൂര്‍ കി മീ 148 വരെയും കണ്ണൂര്‍ കി മീ 148 മുതല്‍ വെങ്ങാളം കി.മീ. 230 വരെയുമുള്ള പാക്കേജ് ഒന്നിന് 32.20 കോടി രൂപയാണ് ഡി പി ആര്‍ തയ്യാറാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തുക. പാക്കേജ് രണ്ടിലെ ദേശീയപാത 17 ലെ വെങ്ങാളം കി.മീ.230 മുതല്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം കി.മീ. 318 വരെയും അവിടെ നിന്ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളി കി.മീ.438.600 വരെയും നാല് വരിപ്പാത നിര്‍മിക്കുന്നതിന്റെ ഡി പി ആര്‍ തയ്യാറാക്കുന്നതിന് 36.50 കോടിയാണ് എസ്റ്റിമേറ്റ് തുക. ദേശീയപാത 47ല്‍ (പുതിയ 66) ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കി.മീ. 379 മുതല്‍ ഓച്ചിറ കി.മീ. 465 വരെയും അവിടെ നിന്ന് തിരുവനന്തപുരം കി.മീ. 551.900 വരെയും ഡി പി ആര്‍ തയ്യാറാക്കാന്‍ 46.76 കോടി രൂപയുമാണ് ദേശീയ പാത അതോറിറ്റി എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുള്ളത്.
ബി ഒ ടി, ഇ പി സി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍), അമിനിറ്റി ഹൈബ്രിഡ് മോഡ് എന്നീ മൂന്ന് രീതിയിലും നാല് വരിപ്പാത നിര്‍മിക്കുന്നതിന്റെ ഡി പി ആര്‍ ആണ് കണ്‍സള്‍ട്ടന്‍സി സമര്‍പ്പിക്കേണ്ടത്. സാമ്പത്തിക സഹായം ലഭ്യമാക്കുന്ന വിവിധ ഏജന്‍സികള്‍ നിഷ്‌കര്‍ഷിക്കുന്ന പരിസ്ഥിതി ആഘാത പഠനം കൂടി കണ്‍സല്‍ട്ടന്‍സി നടത്തേണ്ടി വരും.

---- facebook comment plugin here -----

Latest