Connect with us

Kozhikode

ഷിബിന്‍ വധക്കേസ്: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി

Published

|

Last Updated

കോഴിക്കോട്: നാദാപുരം തൂണേരി ഷിബിന്‍ വധക്കേസില്‍ അന്വേഷണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണക്കോടതി ഉത്തരവ്. എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. കേസില്‍ ഒരു പ്രതിയെക്കൂടി പിടികൂടിയിട്ടുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് അടുത്തമാസം ഏഴിലേക്ക് മാറ്റി.
കേസിന്റെ വിചാരണ ആരംഭിച്ച ഇന്നലെ നേരത്തെ അറസ്റ്റിലായ പതിനാല് പ്രതികളില്‍ 11 പേര്‍ കോടതിയില്‍ ഹാജരായി. അതേസമയം കേസിലെ ഒന്നാംപ്രതി മീത്തലെ പുനാഞ്ചിക്കണ്ടി തെയ്യമ്പാടി ഇസ്മാഈല്‍, കളിയാറമ്പത്ത് താഴെകുനിയില്‍ അസ്‌ലം, വാരാഞ്ചി താഴെകുനി സിദ്ദിഖ് എന്നിവര്‍ കോടതിയില്‍ ഹാജരായില്ല. മൂവരും അഭിഭാഷകര്‍ മുഖേന അവധി അപേക്ഷ സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ വിശ്വന്‍, അഡ്വ. ജി പി ഗോപാലകൃഷ്ണന്‍, അരുണ്‍ബോസ് എന്നിവര്‍ ഹാജരായി.
ജനുവരി 22 ന് രാത്രിയാണ് സി പി എം പ്രവര്‍ത്തകനായ ഷിബിന്‍ വെട്ടേറ്റ് മരിച്ചത്. ഒന്ന് മുതല്‍ 11 വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ പങ്കാളികളായെന്നും, 12 മുതല്‍ 17 വരെയുള്ള പ്രതികള്‍ കൊലയാളികളെ ഒളിവില്‍ കഴിയാനും രക്ഷപ്പെടാനും സഹായിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.
കഴിഞ്ഞ ഏപ്രില്‍ 18 നാണ് കുറ്റിയാടി സി ഐ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. പിന്നീട് കേസിന്റെ വിചാരണ നാദാപുരം കോടതിയില്‍ നിന്നും എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

Latest