Connect with us

Gulf

നടുക്കം മാറാതെ പ്രദേശവാസികള്‍

Published

|

Last Updated

ഷാര്‍ജ: വ്യവസായ മേഖല പത്തിലുണ്ടായ വന്‍ അഗ്നിബാധയുടെ ഞെട്ടലില്‍ നിന്നും പ്രദേശവാസികള്‍ ഇനിയും മുക്തമായില്ല.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് പ്രദേശത്തെയാകെ നടുക്കിയ തീപ്പിടുത്തമുണ്ടായത്. അഗ്നിബാധയില്‍ മൂന്നുപേര്‍ മരിക്കുകയും സുഗന്ധ ദ്രവ്യ വെയര്‍ഹൗസ്, സൂപ്പര്‍ സമാര്‍ക്കറ്റ്, ബേക്കറി അടക്കം സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിക്കുകയും ചെയ്തിരുന്നു. വന്‍ നാശനഷ്ടമാണ് സംഭവിച്ചത്. എന്നാല്‍ നഷ്ടത്തിന്റെ കണക്കുപുറത്ത് വന്നിട്ടില്ല. പതിമൂന്നോളം വാഹനങ്ങളാണ് കത്തിനശിച്ചത്. ഇവയില്‍ ടാക്‌സി കാറുകളും, വിവിധ കമ്പനികളുടെ വാഹനങ്ങളും ഉള്‍പെടും. കടയില്‍ കിടന്നുറങ്ങുകയായിരുന്നു രണ്ടു പേരെന്നാണ് സൂചന. മറ്റൊരാള്‍ ജോലിയിലായിരുന്നുവത്രെ. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
പുലര്‍ച്ചെയായിരുന്നു തീ പിടുത്തമെന്നതിനാല്‍ ആളുകളെല്ലാം ഉറക്കത്തിലായിരുന്നു. വ്യവസായ സ്ഥാപനങ്ങളും ലേബര്‍ ക്യാമ്പുകളും വ്യാപാര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഇവിടെ മലയാളികളടക്കം നൂറുക്കണക്കിനു പ്രവാസികളാണ് താമസിക്കുന്നത്.
പെടുന്നനെയാണ് തീ സ്ഥാപനങ്ങളിലേക്ക് പടര്‍ന്നുപിടച്ചത്. സ്‌പ്രേ ബോട്ടിലുകളും മറ്റും ശക്തമായ ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. പാചകവാതക സിലിണ്ടറുകളും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മലയാളികളടക്കമുള്ള താമസക്കാര്‍ സ്‌ഫോടന ശബ്ദംകേട്ട് ഉറക്കമുണരുകയും കയ്യില്‍കിട്ടിയ സാധനങ്ങളുമായി താമസ സ്ഥലം വിട്ടോടുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ താമസക്കാരെല്ലാം പ്രാണരക്ഷാര്‍ഥം പുറത്തേക്കോടി. അല്‍പനേരത്തിനകം കെട്ടിടം ശൂന്യമാവുകയായിരുന്നു. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ ഭീതി ഇനിയും വിട്ടുമാറിയിട്ടില്ലെന്ന് കണ്ണൂര്‍ സ്വദേശി രതീഷ് പറഞ്ഞു. തീ പിടിച്ച കെട്ടിടങ്ങള്‍ക്കു സമീപത്തെ കെട്ടിടത്തിലായിരുന്നു രതീഷടക്കമുള്ളവര്‍ താമസിച്ചിരുന്നത്. അഗ്നിപടരുന്നത് കണ്ട് ഭീതിയിലായ തങ്ങള്‍ ജീവനും കൊണ്ടോടുകയായിരുന്നെന്ന് ക്ലീനിംഗ് കമ്പനി ജീവനക്കാരായ രതീഷ് പറഞ്ഞു. തീപിടിച്ച കെട്ടിടങ്ങളും ആളുകള്‍ തിങ്ങിത്താമസിക്കുന്ന കെട്ടിടങ്ങള്‍ക്കുമിടയിലുള്ള ഒഴിഞ്ഞ സ്ഥലമാണ് ഈ കെട്ടിടങ്ങളിലേക്ക് തീ പടരുന്നതിനു തടസ്സമായത്. അതു കൊണ്ടുതന്നെ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. താമസക്കാര്‍ക്കു ഇന്നലെയും ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഭീതി മൂലം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പോലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും സാന്നിധ്യം സമാധാനം നല്‍കിയതായും താമസക്കാര്‍ കൂട്ടിച്ചേര്‍ത്തു.
തീ പിടിച്ച കെട്ടിടങ്ങളില്‍ നിന്നു ഇന്നലെ രാത്രിവരെയും തീയും പുകയും ഉയര്‍ന്നിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ സംഭവ സ്ഥലത്തേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ കഴിഞ്ഞില്ല. നീണ്ട മണിക്കൂറുകളുടെ പ്രയത്‌നം കൊണ്ടാണ് തീ അണച്ചിരുന്നത്.
അതിനിടെ പല തീപിടുത്തങ്ങള്‍ക്കും കാരണം താമസക്കാരുടെ അശ്രദ്ധയാണെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. ചൂട്കാലം ആരംഭിച്ച ശേഷം നിരവധി അഗ്നിബാധകളാണ് എമിറേറ്റിന്റെ പലഭാഗങ്ങളിലും ഉണ്ടായത്. വ്യവസായ മേഖലകളിലായിരുന്നു തീപിടുത്തങ്ങളിലേറെയും. അഗ്നിബാധകള്‍ക്കെതിരെ അധികൃതര്‍ നിരന്തരമായി ബോധവത്കരണം നടത്തുകയും നടപടി കൈക്കൊള്ളുകയും ചെയ്യുന്നുണ്ടെങ്കിലും പലരും ഇത് ഗൗരവമായി എടുക്കാത്തതിനാല്‍ ശ്രമങ്ങള്‍ പൂര്‍ണ വിജയത്തിലെത്തുന്നില്ല.

Latest