Connect with us

Gulf

തീവ്ര ചിന്തകളിലേക്ക് റിക്രൂട്‌മെന്റ്‌

Published

|

Last Updated

തീവ്രവാദത്തിനെതിരെ ലോകം ജാഗ്രത പുലര്‍ത്തു ന്ന കാലമാണിത്. അതേ സമയം, യുവതീയുവാക്കളില്‍ തീവ്രചിന്ത വളര്‍ത്തുന്ന വലിയൊരു ശൃംഖല ലോകമെങ്ങും പ്രവര്‍ത്തിക്കുന്നുണ്ട്. മധ്യപൗരസ്ത്യദേശം, ആഫ്രിക്ക എന്നിവടങ്ങളില്‍ നിന്ന് സിറിയയിലേക്കും ഇറാഖിലേക്കും ആളുകളെ റിക്രൂട്ട് ചെയ്യാന്‍ തീവ്രചിന്തകളെ വ്യാപിപ്പിക്കുന്നുവെന്നാണ് ഏറ്റവും പുതിയ തിരിച്ചറിവ്. റിക്രൂട്ട്‌ചെയ്യപ്പെടുന്നവര്‍ എത്തിപ്പെടുന്നത് കൊടും ക്രൂരത കൈമുതലാക്കിയ ഭീകര സംഘങ്ങളിലേക്കാണ്.
ഇസ്‌ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കാനുള്ള നാല് സുഡാനീസ് പെണ്‍ കുട്ടികളുടെ ശ്രമം യു എ ഇ അധികൃതരുടെ അവസരോചിത ഇടപെടല്‍ മൂലം കഴിഞ്ഞ ദിവസമാണ് തടയപ്പെട്ടത്. ഇസ്‌ലാമിക് സ്റ്റേറ്റ് ആശയത്തോടുള്ള കൂറുണ്ടെന്ന് സംശയിക്കുന്ന 11 ഇന്ത്യക്കാരെ യു എ ഇ നാട്ടിലേക്കയച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീവ്രവാദ ചിന്തകള്‍ക്കെതിരെ വലിയ ബോധവത്കരണം നടക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ആഫ്രിക്കയിലെയും ഇന്ത്യന്‍ ഉപ ഭൂഖണ്ഡങ്ങളിലെയും കാര്യം പറയുകയേ വേണ്ട.
നാല് സുഡാനി പെണ്‍കുട്ടികളെ യു എ ഇയിലെ ഒരു വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. അതിലൊരാള്‍ യു എ ഇയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണത്രെ. ഇവര്‍ രക്ഷിതാക്കളെ അറിയിക്കാതെ സുഡാനിലേക്ക് വിമാനം കയറി. ഇവിടെയുള്ള ബന്ധുക്കള്‍ സുഡാനിലെ ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചു. സുഡാനിലെ വിമാനത്താവളത്തില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അവിടെ സി സി ടി വി പരിശോധിച്ചപ്പോഴാണ് മുഖപടമണിഞ്ഞ നാല് സ്ത്രീകള്‍ യു എ ഇ വഴി തുര്‍ക്കിയിലേക്ക് കടക്കാന്‍ വിമാനം കയറിയതായി വ്യക്തമായത്. വിമാം യു എ ഇയിലെത്തിയപ്പോള്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുര്‍ക്കി വഴി സിറിയയിലേക്ക് മനഷ്യക്കടത്ത് നടക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാനാണ് പലരും പോകുന്നത്. പണം മാത്രമല്ല, പ്രലോഭനം. തീവ്ര ആശയങ്ങള്‍ മനസിനെ കീഴടക്കിയതും കാരണമാണ്. ജൂണില്‍ സുഡാനില്‍ നിന്ന് 12 മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ സിറിയയിലേക്ക് കടന്നതായി സംശയമുണ്ട്. ഇതില്‍ യു കെ, കാനഡ, അമേരിക്ക പൗരത്വമുള്ളവരും ഉള്‍പ്പെട്ടു.
സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് തീവ്രവാദികള്‍ ആളുകളെ വഴിതെറ്റിക്കുന്നത്. ഇന്ത്യയിലും വലിയൊരു വിഭാഗം ഏതെങ്കിലും തരത്തില്‍ തീവ്രവാദ ചിന്തകളില്‍ അഭിരമിക്കുന്നവരാണ്. ക്രൂരതകളെ മഹത്വവത്കരിക്കുന്ന പോസ്റ്റുകള്‍ ധാരാളമായി കാണാനാകും. രാഷ്ട്രീയമായി അന്ധത ബാധിച്ചവരും, വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. കാസര്‍കോട് ഒരു കൊച്ചുകുഞ്ഞിന്റെ തലയറുത്ത “മാനസികരോഗി” നിരന്തരം തീവ്ര ആശയ പ്രസംഗങ്ങള്‍ കേട്ടിരുന്ന ആളാണത്രെ- അത്തരം ആളുകള്‍ ഗള്‍ഫ് മേഖലയിലും ഉണ്ട്.
പല രാജ്യങ്ങളിലും തീവ്ര വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടിട്ടുണ്ട്. ആത്യന്തികമായി ഇവരും അണികളെ നയിക്കുന്നത് ഭ്രാന്തിലേക്കാണ്. ഗള്‍ഫില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കാന്‍ തീവ്ര ആശയഗതിക്കാര്‍ പല അടവുകളും പയറ്റുന്നു. ചോരക്ക് പകരം ചോര എന്ന വികാരമുണര്‍ത്താന്‍ രഹസ്യമായി ശില്‍പശാലകള്‍ നടത്തുന്നു. ജീവകാരുണ്യ പദ്ധതികളാണ് ഇവരുടെ ബാഹ്യമോടി. ഇതിനെതിരെ ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.