Connect with us

Gulf

സഊദി നയതന്ത്രജ്ഞന്റെ ലൈംഗിക പീഡനം: നടപടിയെടുക്കാനാകാതെ പോലീസ്

Published

|

Last Updated

ഗുഡ്ഗാവ്: സഊദി അറേബ്യന്‍ നയതന്ത്രജ്ഞന്‍ വീട്ടുവേലക്കാരികളായ നേപ്പാളി വനിതകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സംഭവത്തില്‍ നടപടിയെടുക്കാനാകാതെ പോലീസ് കുഴങ്ങുന്നു. ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷ ഉള്ളതാണ് പോലീസിനെ കുഴക്കുന്നത്. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ആരാഞ്ഞ് പോലീസ് വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ചയാണ് അന്‍പതും ഇരുപതും വയസ്സുള്ള രണ്ട് നേപ്പാളി വനിതകളെ സഊദി നയതന്ത്രജ്ഞന്റെ ഗുഡ്ഗാവിലെ വസതിയില്‍ നിന്ന് പോലീസ് മോചിപ്പിച്ചത്. ഇയാളുടെ വസതിയില്‍ പുതുതായി ജോലി തേടി എത്തിയ മറ്റൊരു സ്ത്രീ ഇവരുടെ ദുരിതം പുറംലോകത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 40 അംഗ പോലീസ് സംഘം എത്തിയാണ് സ്ത്രീകളെ മോചിപ്പിച്ചത്.

നാല് മാസത്തോളമായി തങ്ങള്‍ ഇവിടെ കൊടിയ മര്‍ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയാക്കപ്പെടുകയാണെന്ന് സ്ത്രീകള്‍ പോലീസിനോട് പറഞ്ഞു. ഭാര്യയും കുട്ടികളും വീട്ടിലില്ലാത്ത സമയത്ത് നയതന്ത്രജ്ഞനും മറ്റൊരു ഉദ്യോഗസ്ഥനും ചേര്‍ന്ന് ഇവരെ പീഡിപ്പിക്കുക പതിവായിരുന്നുവത്രെ. മൃഗങ്ങളോടെന്നപോലെയാണ് തങ്ങളോട് പെരുമാറിയിരുന്നതെന്നും ഭക്ഷണംപോലും തന്നിരുന്നില്ലെന്നും ഇവര്‍ പറയുന്നു. പോലീസ് മോചിപ്പിക്കാന്‍ എത്തുമ്പോഴും സഊദി ഇവരെ മര്‍ദിക്കുന്നുണ്ടായിരുന്നു.

നേപ്പാള്‍ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങളിലെ സ്ത്രീകളെ ജോലി വാഗ്ദാനം നല്‍കി ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും സഊദി എംബസിയിലെ സെക്രട്ടറി ഇവരെ വിലക്ക് വാങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് നയതന്ത്രജ്ഞന്റെ ജിദ്ദയിലെ വീട്ടിലെത്തിച്ച ഇവരെ അവിടെ വെച്ചും ശേഷം ഗുഡ്ഗാവില്‍ വെച്ചും പിഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് എഫ് ഐ ആര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.

അതേസമയം, സംഭവം കെട്ടിച്ചമച്ചതാണെന്ന് സഊദി എംബസി അറിയിച്ചു. നയന്ത്ര പരിരക്ഷ ഉള്ള ഉദ്യോഗസ്ഥന്റെ വസതിയിലേക്ക് പോലീസ് മുന്നറിയിപ്പില്ലാതെ എത്തിയതില്‍ എംബസി കടുത്ത പ്രതിഷേധവും രേഖപ്പെടുത്തി.