Connect with us

Articles

അശാന്തമായ അതിര്‍ത്തി

Published

|

Last Updated

സ്വാതന്ത്ര്യം നേടി ഏഴുപതിറ്റാണ്ടിനോടടുക്കുകയാണ് രാജ്യം. ഇനിയുമൊരു എഴുപതാണ്ടോ അതിലപ്പുറമോ സംഘര്‍ഷഭരിതമാകാന്‍ മാത്രം വിഷം വിതച്ചുകൊണ്ടാണ് വിഭവ ചുഷണവും വിലപ്പെട്ട മാനവവിഭവ ശേഷിയും കൊള്ളയടിച്ച വൈദേശികാധിപത്യം രാജ്യത്ത് നിന്നു കെട്ടിയെടുത്തത്. കഴിഞ്ഞ രണ്ട് മാസമായി അതിര്‍ത്തിയില്‍ നിന്നു കേള്‍ക്കുന്ന അശുഭകരമായ വാര്‍ത്തകള്‍ വിഭജനം ഉള്‍പ്പെടെ ഇവര്‍ ഇട്ടേച്ചുപോയ കൂലൂഷ്യത്തിന്റെ വിത്തുകള്‍ മുളച്ചുപന്തലിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് നമുക്ക് മനസ്സിലാക്കിത്തരുന്നത്. ജൂലൈ മാസാവസാനം പഞ്ചാബിലും തുടര്‍ച്ചയായി കാശ്മീരിലും നടക്കുന്ന അക്രമങ്ങള്‍ അതിര്‍ത്തി ഇപ്പോഴും അശാന്തവും അസ്വസ്ഥവുമാണെന്ന സന്ദേശം രാജ്യത്തിന് നല്‍കിക്കൊണ്ടിരിക്കുകയാണ്.
ജൂലൈ 27ന് ഗുരുദാസ്പൂരില്‍ പോലീസ് സ്‌റ്റേഷനു നേരെ നടന്ന ഭീകരാക്രമണത്തോടെയാണ് പഞ്ചാബ് ഒരിടവേളക്ക് ശേഷം വീണ്ടും തീവ്രവാദ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. പടിഞ്ഞാറന്‍ കാശ്മീര്‍ ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ പോയ മാസങ്ങളിലൊക്കെ പൊതുവെ സമാധാനപരമായിരുന്നു പഞ്ചാബ്. എഴുപതുകളിലും എണ്‍പതുകളിലും ശക്തമായിരുന്ന സ്വതന്ത്ര സിഖ് വിഘടനവാദം രാജ്യത്തിനും രാജ്യസുരക്ഷക്കും ഉയര്‍ത്തിയിരുന്ന വെല്ലുവിളി കനത്തതായിരുന്നു. ഗുരുദാസ്പൂരില്‍ സൈനിക വേഷത്തിലെത്തിയ ഭീകരര്‍, തട്ടിയെയുത്ത കാറില്‍ ദിനാനഗര്‍ ബസ്റ്റാന്‍ഡിലൂടെ കടന്നാണ് പോലീസ് സ്‌റ്റേഷനു നേരെ ആക്രമണം അഴിച്ചുവിട്ടത്. 12 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ ഏഴ് പോലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തു. അമര്‍നാഥ് യാത്രികരെ ലക്ഷ്യം വെച്ച് ജമ്മുവിലേക്കുള്ള ബസിനു നേരെയും അക്രമം നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഈ ആക്രമത്തോടെ അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും രാജ്യത്തെിനകത്തേക്ക് അരിച്ചിറങ്ങുന്ന ഭീകരതയെ കുറിച്ചുമുള്ള ഉണര്‍ത്തലാണ് നല്‍കിയത്. മൂന്ന് തീവ്രവാദികള്‍ സംഭവവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടെങ്കിലും ഭീകരര്‍ ആരായിരുന്നെന്നോ ഭീകരരുടെ ദേശമേതെന്നോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ പതിവു നീരീക്ഷണത്തിനപ്പുറത്തേക്ക് സുക്ഷ്മമായ വിശകലനമോ കൃത്യമായ വിലയിരുത്തലോ ഇതുവരെയും നടന്നിട്ടില്ല. “പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്നെത്തിയ ദേശവിരുദ്ധരാണ് അക്രമത്തിനുപിന്നിലെ”ന്ന ചൊല്ലിപ്പഠിച്ച ശ്ലോകം മാത്രമാണ് ഒരു മാസത്തിലേറെയായിട്ടും സംഭവത്തിന്റെ ബാക്കിപത്രം.
എന്നാല്‍ ഗുരുദാസ്പൂരിലെ തീവ്രവാദി ആക്രമണം വാര്‍ത്തകളില്‍ നിന്ന് മായും മുമ്പെയണ് ജമ്മു കാശ്മീരിലെ ഉദംപൂരില്‍ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് സൈനികര്‍ മരിക്കുന്നത്. സൈനിക വാഹനങ്ങള്‍ ജമ്മു-ശ്രീനഗര്‍ ഹൈവേയിലുടെ നീങ്ങുമ്പോഴാണ് ഇരു ഭാഗത്തു നിന്നും ഗ്രനേഡും ഗണ്ണും ഉപയോഗിച്ച് തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടത്. വെടിവെപ്പിനെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു തീവ്രവാദിയെ കൈയോടെ പിടികൂടി എന്നതാണ് 2008 ന് ശേഷം രാജ്യത്ത് നടന്ന ഏറ്റുമുട്ടലുകളില്‍ നിന്നും ഉദംപൂര്‍ സംഭവത്തെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല, പാകിസ്താനിലെ ഫൈസാബാദ് ജില്ലക്കാരനായ നവീദാണ് അറസ്റ്റിലായത് എന്ന വാര്‍ത്തയും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അക്രമത്തിന് ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാരാണ് പ്രതിയെ കുടുക്കിയത്. വാസ്തവത്തില്‍, ഭീകരവൃത്തിക്കുശേഷം ഓടിയകലാന്‍ ശ്രമിച്ച ഇയാളുടെ ഭീഷണി മറികടന്ന് പോലീസിനോടൊപ്പം ചേര്‍ന്ന് നാട്ടുകാര്‍ പ്രതിയെ അഴിക്കകത്താക്കിയത് കാലങ്ങളായി കാശ്മീരികള്‍ക്കുനേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു. ദേശവിരുദ്ധതയുടെ പേരുപറഞ്ഞ് രാജ്യസ്‌നേഹികളായ ബഹുഭൂരിപക്ഷത്തെ അകറ്റിനിര്‍ത്തുന്ന ഇന്ത്യന്‍ പൊതുമനോഘടനക്ക് നിലനില്‍പ്പില്ലെന്ന വ്യക്തമായ സന്ദേശമാണ് ഉദംപൂര്‍ സംഭവം നല്‍കുന്നത്. പാക്കിസ്ഥാനില്‍ നിന്നോ അനുബന്ധ പ്രദേശങ്ങളില്‍ നിന്നോ രാജ്യാതിര്‍ത്തി ഭേദിക്കുന്ന നുഴഞ്ഞുകയറ്റക്കാര്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാനും രാജ്യദ്രോഹ നീക്കങ്ങളില്‍ ഏര്‍പ്പെടാനും കാശ്മീരികള്‍ സൗകര്യം ചെയതുകൊടുക്കുന്നുവെന്ന പ്രശ്‌നം നിരന്തരമായി ഉയര്‍ത്താറുള്ള പല കേന്ദ്രങ്ങളും ഉദംപൂര്‍ സംഭവത്തിന് പിന്നിലെ പാക് സ്വദേശി നവീദിനെ പിടികൂടിയത് കാശ്മീരകളാണെന്ന സത്യം പുറത്തുപറയാന്‍ താത്പര്യപ്പെടുന്നില്ല. നഗ്നയാഥാര്‍ഥ്യങ്ങള്‍ പോലും ചില താത്പര്യങ്ങള്‍ക്കായി നിര്‍ലജ്ജം മറച്ചുവെക്കുന്നു എന്നത് ഖേദകരമാണ്.
ഇന്ത്യ -പാകിസ്താന്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അപരിഹാര്യമായി തുടരണമെന്ന നിര്‍ബന്ധ ബുദ്ധിയുള്ളവര്‍ ഇരു രാജ്യത്തുമുണ്ടെന്ന് തന്നെ കരുതേണ്ടിവരും. കര്‍മനിരതരായിരുന്ന രണ്ട് സൈനികരെ വെടിവെച്ചുകൊന്ന ഭീകരന്‍ തങ്ങളുടെ രാജ്യക്കാരനല്ലെന്ന് പാകിസ്താന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. എന്നാല്‍, സാന്ദര്‍ഭിക തെളിവുകള്‍ പാക്കിസ്ഥാന് എതിരാണ്. ലഭ്യമായ തെളിവുകള്‍ നിരത്തി നവീദ് പാക്കിസ്ഥാന്‍ സ്വദേശിയാണെന്ന് സമര്‍ഥിക്കേണ്ടത് ഇന്ത്യയായിരുന്നു. എന്നാല്‍ സ്‌ഫോടനാനന്തരം, പാക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്ന പല്ലവി പാടുകയാണ് ഇന്ത്യ ചെയ്തത്. ഇന്ത്യ- പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ നടത്തേണ്ടിയിരുന്ന ചര്‍ച്ച നടക്കാതെ പോയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ വസ്തുനിഷ്ഠമായി പാക്കിസ്ഥനു മുമ്പാകെ തെളവുകള്‍ നിരത്തി ഉദംപൂര്‍ സം ഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നവീദ് പാക്കിസ്ഥാന്‍ സ്വദേശിയാണെന്ന് ആണയിടേണ്ടതിന് പകരം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച റദ്ദാക്കി. പ്രശ്‌നപരിഹാരം ആരുടേയും അജന്‍ഡയിലില്ല. സമാധാനം കാംക്ഷിക്കുന്നവര്‍ക്ക് എന്നും അതൊരു വിദൂര സ്വപ്‌നമാണ്. ഒരു ടേബിള്‍ ചര്‍ച്ചകൊണ്ട് പൂര്‍ണസുഖം പ്രാപിക്കുന്ന അസുഖമല്ല ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. എങ്കില്‍ പോലും ഒരു പ്രാവശ്യമെങ്കിലും ഒന്നിച്ചിരിക്കാന്‍ മനസ്സുവെക്കേണ്ടതായിരുന്നു. ഈ ഒളിച്ചുകളി കാശ്മീരികളോടും കൊല്ലപ്പെടുന്ന സിവിലിയന്‍മാരോടും മാത്രം കാണിക്കുന്ന നന്ദികേടല്ല, മറിച്ച് കൊടും ശൈത്യം കാരണം അതി സാഹസികമായി ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെ കൊല്ലപ്പെട്ട ഉധംപൂര്‍ സൈനികരോടുമുള്ള നന്ദികേട് കൂടിയാണ്. ഭരണകൂടം ചര്‍ച്ചയെ ഭയക്കുന്നത് എന്തിന്റെ സൂചനയാണ്? ജമ്മു കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ പേരിലല്ല, നടത്തുമെന്ന റിപ്പോര്‍ട്ടുകളുടെ പേരിലാണ് ഒരു രാജ്യത്തെ ഉന്നതരായ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയത്. കാശ്മീരിലാകമാനം വ്യാപിച്ച് രാജ്യത്തൊട്ടാകെ അശാന്തി വിതച്ച പ്രസ്ഥാനമല്ല ഹുര്‍റിയത്ത്. എന്നിട്ടും ചര്‍ച്ചക്കൊരുങ്ങിയില്ല എന്നതാണ് പ്രശ്‌നം.
ഇതിനിടയിലും കാശ്മീരില്‍ മരണങ്ങള്‍ വാര്‍ത്തകളില്‍ നിന്ന് മായുന്നില്ല. പടിഞ്ഞാറന്‍ കാശ്മീരലെ ഹാന്റ്‌വാര തഹസിലില്‍ കുറച്ചു ദിവസം മുമ്പ് നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനുള്‍പ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം അര്‍ധരാത്രി കാട്ടില്‍ വെച്ചു നടന്ന വെടിവെപ്പിലാണ് അഞ്ച് മരണങ്ങളും. തീവ്രവാദികളുടെ പ്രവര്‍ത്തനം സജീവമയതറിഞ്ഞെത്തിയ സൈനികരും പോലീസും വനമ്പ്രദേശം വളയുകയായിരുന്നു.
തുടര്‍ന്ന് ശക്തമായ വെടിവെപ്പ് ഇരു ഭാഗത്തുനിന്നുമുണ്ടായി. ഒടുവില്‍ അഞ്ച് മരണങ്ങളും. കൊല്ലപ്പെട്ട നാല് പേരുടെ ദേശവും ഭാഷയും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഈ സംഭവത്തിന്റെ രണ്ടാഴ്ച മുമ്പാണ് പടിഞ്ഞാറന്‍ കാശ്മീരലെ തന്നെ അിര്‍ത്തി പ്രദേശമായ ഉറി ഭാഗത്ത് സൈനികരുടെ വെടിയേറ്റ് മറ്റൊരാള്‍ മരിച്ചത്. മൂന്നാഴ്ച മുമ്പ് ഷോപ്പിയാനില്‍ നമസ്‌കാരത്തിനായി എത്തിയവര്‍ക്കു നേരെ ആക്രമം നടന്നു. പതിനൊന്നു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. അക്രമികള്‍ ആരാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ബാരാമുല്ല ജില്ലയിലെ ലഡൂറ ഗ്രാമത്തില്‍ താമസിക്കുന്നവര്‍, സൈനികര്‍ ഭീകരവാദികളെ തുരത്താനെന്ന പേരില്‍ തകര്‍ത്ത അഞ്ച് വീടുകള്‍ പുനഃസ്ഥാപിക്കാനും നീതി ആവശ്യപ്പെട്ടും സമരം നടത്തിവരികയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് ലഡുറ ഗ്രാമം ഒരു ദിവസം പൂര്‍ണമായി നിശ്ചലമായിരുന്നു. എന്നിട്ടും ചര്‍ച്ചകള്‍ക്ക് വിശ്രമം കൊടുക്കുകയാണ് ഇരു രാജ്യത്തെയും രാഷ്ട്രീയ നേതാക്കള്‍ എന്നതാണ് വൈരുധ്യം.
അതിര്‍ത്തിയിലെ വാര്‍ത്തകളും ഏറ്റുമുട്ടലുകളും സംബന്ധിച്ചുള്ള വിശാദാംശങ്ങള്‍ പലതും വ്യക്തത കുറഞ്ഞതാണ് എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. മലമ്പ്രദേശത്തോ ജനവാസയോഗ്യമല്ലാത്ത കുന്നിന്‍പുറങ്ങളിലോ ഒക്കെയായി അര്‍ധരാത്രി നടക്കുന്ന ഏറ്റുമുട്ടലുകളും വെടിവെപ്പുകളും വാര്‍ത്തയായി നാമറിയുന്നത് സൈനികര്‍ക്കിടയില്‍ തന്നെ ചുമതലപ്പെടുത്തിയവര്‍ നല്‍കുന്ന കുറിപ്പുകള്‍ക്കനുസരിച്ചാണ്. സംഭവസ്ഥലത്ത് നിന്നും തല്‍സമയം പിടിച്ചെടുക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വം. മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ മാത്രമല്ല, വാര്‍ത്തകളുടെ ഉറവിടവും പ്രധാനമാണല്ലോ. എത്രപേര്‍ കൊല്ലപ്പെടുന്നു, എങ്ങനെ കൊല്ലപ്പെടുന്നു, ആര് കൊല്ലപ്പെടുന്നു എന്നതൊക്കെ അറിയുക പ്രയാസകരമാണ്. പ്രത്യേകിച്ച് അതിര്‍ത്തിയിലെ വാര്‍ത്തകള്‍. നാമറിയാത്ത എത്രയോ കൊലപാതകങ്ങള്‍.
ഇന്ത്യ-പാക് അതിര്‍ത്തിയിലെ കാശ്മീര്‍ എല്‍ ഒ സിയില്‍ (ലൈന്‍ ഒാഫ് കണ്‍ട്രോള്‍) ഒരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ ഇന്ത്യന്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ത്തു എന്ന് ഇവിടുത്തെ മാധ്യമങ്ങള്‍ എഴുതുമ്പോള്‍ നേരെ മറിച്ചാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ എഴുതുന്നത്. ഇരു രാജ്യങ്ങളും ആയുധമുപയോഗിക്കുമ്പോള്‍ “തിരിച്ചടിച്ചു” എന്നാണ് മാധ്യമങ്ങളുടെ പൊതുഭാഷ. ചില മരണങ്ങള്‍ വേഗം വാര്‍ത്തയാകുന്നു. ചില മരണങ്ങളും മരണവാര്‍ത്തകളും ഉടനെ അപ്രത്യക്ഷമാവുന്നു. പാകിസ്താനില്‍ കഴിഞ്ഞാഴ്ച “റോ”യുടേതെന്ന് സംശയിക്കപ്പെടുന്ന നാല് ചാരന്മാരെ അറസ്്റ്റ് ചെയ്തുവെന്ന് പാകിസ്താനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ എഴുതിയപ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയായില്ല. താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. വാര്‍ത്തകള്‍ സത്യമാണെന്നറിയുന്നത് കാലങ്ങള്‍ കഴിഞ്ഞിട്ടും. സ്ഥിരോാത്സാഹത്തോടെയുള്ള നീക്കങ്ങളും ഇച്ഛാശക്തിയുമാണ് കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയും പാകിസ്താനും കാണിക്കേണ്ടത്. കാലതാമസം വരുത്തി ഉറങ്ങാനൊരുമ്പെട്ടാല്‍ ജീര്‍ണിക്കുന്നതാകട്ടെ ഇരു രാജ്യങ്ങളുടെ യശസ്സും.

Latest