Connect with us

National

ഗോള്‍ഡ് മൊണറ്റൈസേഷന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ പൊതു ബജറ്റില്‍ പ്രഖ്യാപിച്ച ഗോള്‍ഡ് മൊണറ്റൈസേഷന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പത്മനാഭ സ്വാമി ക്ഷേത്രത്തിലേതുള്‍പ്പെടെ സ്വര്‍ണശേഖരം ആഭ്യന്തര വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. കുടുംബങ്ങളിലും, സ്ഥാപനങ്ങളിലും സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി.
ആഭ്യന്തര ആവശ്യം നേരിടുന്നതിനായി സ്വര്‍ണം ഇറക്കുമതി ചെയ്യേണ്ടിവരുന്നത് കുറക്കുകയെന്നതും പദ്ധതിയുടെ ദീര്‍ഘകാല ലക്ഷ്യമാണ്.
കയറ്റുമതി രംഗത്ത് ഇന്ത്യക്ക് പ്രധാന സംഭാവനകള്‍ നല്‍കുന്ന രത്‌ന, ആഭരണ വ്യാപാര രംഗത്തിന് ഗോള്‍ഡ് മൊണറ്റൈസേഷന്‍ പദ്ധതി ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. 2014-15 കാലയളവിലെ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 12 ശതമാനം സംഭാവന ചെയ്തത് രത്‌ന, ആഭരണ വ്യാപാര രംഗമാണ്. ഇതില്‍ സ്വര്‍ണാഭരണങ്ങളുടെ മൂല്യം മാത്രം ഏകദേശം 13 ബില്യണ്‍ ഡോളര്‍ വരും. ഗോള്‍ഡ് മൊണറ്റൈസേഷന്‍ പദ്ധതിയിലൂടെ സമാഹരിക്കുന്ന സ്വര്‍ണം റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ ശേഖരത്തില്‍ സൂക്ഷിക്കുന്നതിലൂടെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് തുകയില്‍ കുറവ് വരുത്താനാകും. മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രത്തില്‍ പദ്ധതി തുടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Latest