Connect with us

Kozhikode

ചോമ്പാല്‍ തുറമുഖത്ത് പനി പടരുന്നു

Published

|

Last Updated

വടകര: ചോമ്പാല്‍ തുറമുഖത്ത് പനി പടരുന്നു. ആരോഗ്യ വകുപ്പ് നടപടികള്‍ കര്‍ശനമാക്കി. തുറമുഖത്ത് മത്സ്യത്തൊഴിലാളികളായ നിരവധി പേര്‍ക്കാണ് പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഒരു മാസത്തിനിടയില്‍ ഇരുപതിലേറെ പേരാണ് പനിയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കൊതുക് ജന്യരോഗങ്ങളും മറ്റും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കി. ആരോഗ്യ വകുപ്പ് തുറമുഖ വകുപ്പ്, ചോമ്പാല പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. സെപ്തംബര്‍ 15ന് രാവിലെ പത്തിന് അഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഫീസര്‍ ക്ലിനിക് സംഘടിപ്പിക്കും. മത്സ്യ കച്ചവടക്കാരുടെ മത്സ്യചെടികളില്‍ മഴവെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നത് തടയിടാനായി തുറമുഖത്തിന്റെ തെക്ക് ഭാഗത്തെ ലാന്റിംഗിന് സമീപം ടാര്‍പോളിന്‍ കൊണ്ട് മൂടിക്കെട്ടി സൂക്ഷിക്കും. ഉപയോഗ ശൂന്യമായ തോണികള്‍ കൊതുക്കിന്റെ ഉറവിടമായി മാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തോണികള്‍ മഴവെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കാനും തീരുമാനമായി. ഉപയോഗ ശൂന്യമായ ഫ്രിഡ്ജും, ഫ്രീസറും നീക്കം ചെയ്യാനും യോഗം തീരുമാനിച്ചു. ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളികള്‍, മത്സ്യ വ്യാപാരികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മത്സ്യ ബോക്‌സുകള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.