Connect with us

Palakkad

വേഗ പരിശോധന ഓട്ടം വിജയകരം

Published

|

Last Updated

പാലക്കാട്: ഗേജ് മാറ്റത്തെതുടര്‍ന്ന് പാലക്കാട്- പൊള്ളാച്ചിയില്‍ ലൈനില്‍ നടത്തിയ ആദ്യവേഗ പരീക്ഷണഓട്ടം വിജയകരം.
ഇന്നലെ രാവിലെ 10.15ന് പാലക്കാട് ടൗണ്‍ ജംഗ്ഷനില്‍ നിന്നും എന്‍ജിനും ഒരു ബോഗിയുമായി ആരംഭിച്ച പരീക്ഷണ ഓട്ടത്തിന്റെ ആദ്യഘട്ടം 12.05ന് പൊള്ളാച്ചിയില്‍ സമാപിച്ചു. 12.25ന് പൊള്ളാച്ചിയില്‍ നിന്ന് പുറപ്പെട്ട് ട്രെയിന്‍ ഉച്ചക്ക് 1.45ന് പാലക്കാട് തിരിച്ചെത്തി.
പാലക്കാട് ജംഗ്ഷനില്‍ നിന്ന് 20 കി മീ വേഗതയില്‍ പോയ തീവണ്ടി പൊള്ളാച്ചിയില്‍ നിന്ന് 60 കിമീ വേഗതയിലാണ് തിരിച്ച് വന്നത്.
2008 ഡിസംബര്‍ പത്തിന് ഗേജ്മാറ്റത്തിന് സര്‍വീസ് നിര്‍ത്തിവെച്ച് ലൈനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സുരക്ഷാ പരിശോധന നടത്തുന്നതിന് മുന്നോടിയാണ് റെയില്‍വേയുടെ നേതൃത്വത്തില്‍ പരീക്ഷണഓട്ടം നടത്തിയത്. സാധാരണ റെയില്‍വേ പാളത്തിലൂടെ ട്രെയിന്‍ ഓടുന്ന സന്ദര്‍ഭത്തിലുള്ള എല്ലാ വിധം സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
വേഗതയുടെ വ്യതിയാനങ്ങള്‍, സിഗ്നലുകളുള്‍പ്പെടെ പരിശോധന നടത്തിയതിന് പുറമെ എല്ലാ ലെവല്‍ ക്രോസുകളിലും എന്‍ജിന്‍ എത്തുന്നതിന് മുമ്പെ ഗേറ്റടക്കുകയും ചെയ്തു. എന്‍ജിന്‍ വരുന്ന സമയത്ത് അപ്രതീക്ഷിതമായആളുകളും വാഹനങ്ങളും പാളം മുറിച്ച് കടക്കുന്നത് ഒഴിവാക്കാന്‍ ആളില്ലാ ലവല്‍ക്രോസുകളില്‍ ഗേറ്റ്മാന്‍മാരെ പ്രത്യേകം നിയോഗിച്ചിരുന്നു. പാത കമ്മീഷന്‍ ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു പരീക്ഷണ ഓട്ടം.
സേഫ്റ്റി കമ്മീഷണറുടെ പരിശോധന ഒക്ടോബറില്‍ ഉണ്ടായേക്കും പാത കമ്മീഷന്‍ ചെയ്യുന്നതിന് മുന്പ് പാളങ്ങള്‍,സിഗ്‌നലുകള്‍ ലെവല്‍ ക്രോസ് തുടങ്ങിയവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നേരത്തെ 80 കിലോമീറ്റര്‍ വേഗത്തിലാണ് ഓടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും 60 കി മീറ്ററിലാണ് ഓടിയത്. സേഫ്റ്റ്റ്റി കമ്മീഷണറുടെ പരീശോധനയാണ് അടുത്ത ഘട്ടം.
ചിലസ്ഥലങ്ങളില്‍ മരകൊമ്പുകള്‍ ചാഞ്ഞു നിന്നതൊഴിച്ചാല്‍ ബാക്കി എല്ലാം കാര്യങ്ങളും എപ്പോള്‍ വേണമെങ്കിലും ലൈന്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ മാസം 22നോ അതിന് മുമ്പോ സേഫ്റ്റി കമ്മീഷണറുടെ പരിശോധന ഉണ്ടാകുമെന്നാണ് സൂചന. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പല ടെസ്റ്റുകളും ഉള്ളതിനാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
ഊട്ടറ ഗെയ്റ്റ് അടക്കുമ്പോള്‍ ഉണ്ടാകുന്ന ഗതാഗതതടസ്സത്തിന് ശാശ്വത പരിഹാരമായ മേല്‍പ്പാലം യുദ്ധാകാലാടിസ്ഥാനത്തില്‍ അനുവദിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എ ഡി ആര്‍ എം മോഹന്‍ എ മേനോന്‍, കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ രാമകൃഷ്ണന്‍, ഡിവിഷനല്‍ സീനിയര്‍ എന്‍ജിനീയര്‍, മെക്കാനിക്കല്‍, സിഗ്‌നല്‍, ഓപ്പറേറ്റിങ് വിഭാഗത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണു പരീക്ഷണ ഓട്ടത്തെ വിലയിരുത്തിയത്. സ്‌റ്റേഷനുമായി ബന്ധപ്പെട്ട ലൂപ്പ് ലൈനിലേക്ക് എന്‍ജിന്‍ കയറണമെങ്കില്‍ വേഗത ഇരുപത് കിലോമീറ്ററിലെത്തണമെന്നതിനാല്‍ പ്രധാന ലൈനിലൂടെ മാത്രം പരീക്ഷണ ഓട്ടം നടത്തുകയായിരുന്നു.

Latest