Connect with us

Gulf

കോഴിക്കോട് വിമാനത്താവള പ്രതിസന്ധിക്കു പിന്നില്‍ ഉദ്യോഗസ്ഥ ലോബി: ഇ ടി

Published

|

Last Updated

അബുദാബി: കോഴിക്കോട് വിമാനത്താവള പ്രശ്‌നം സങ്കീര്‍ണമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതിന് പിന്നില്‍ ഉദ്യോഗസ്ഥലോബിയാണെന്നും ഇ ടി മുഹമ്മദ് ബശീര്‍ എം പി. അബുദാബിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം ഉപദേശക സമിതി യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാറിന്റെ അനുമതി വാങ്ങാതെയാണ് വിമാനത്താവളം അടച്ചിട്ടത് എന്ന് വ്യക്തമായി. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥ ലോബിയാണ്. നിരവധി ചര്‍ച്ചകളാണ് ഉപദേശക സമിതി യോഗത്തിലുണ്ടായത്. വിമാനത്താവളം അടച്ചിടുന്ന കാലത്ത് വലിയ വിമാനങ്ങള്‍ക്ക് പകരം ചെറിയ വിമാനം സര്‍വീസ് നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എളുപ്പത്തില്‍ അറ്റകുറ്റപ്പണി നടത്തി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യം ഉദ്യോഗസ്ഥന്മാരുടെ മുന്നില്‍വെച്ചെങ്കിലും എയര്‍പോര്‍ട്ട് അധികൃതര്‍ മുടന്തന്‍ ന്യായമാണ് നിരത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുവാന്‍ ചെറിയ വിമാനങ്ങള്‍ അനുവദിക്കുവാന്‍ തയ്യാറാണെന്ന് എമിറേറ്റ്‌സും സഊദി എയര്‍ലൈന്‍സും എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും വിമാനകമ്പനികളുമായി ചര്‍ച്ച ചെയ്യുവാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തയ്യാറാകുന്നില്ല. ബോധപൂര്‍വമായി കോഴിക്കോട് എയര്‍പോര്‍ട്ടിനെ മന്ദീഭവിപ്പിക്കാനും ക്രമത്തില്‍ ഇല്ലാതാക്കാനുമുള്ള അജണ്ടയാണ് ഉദ്യോഗസ്ഥ തലത്തല്‍ നടക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കണം. കേരളത്തിലെ എം പിമാര്‍ ഒരുമിച്ച് ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ മുന്നില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് വിഷയം ഉന്നയിക്കും, അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇടതു ജനാധിപത്യമുന്നണി വിശിഷ്യ സി പി എം ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ ധര്‍മ സങ്കടത്തിലാണുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ പശ്ചാത്തലമുണ്ട്. അതില്‍ നിന്നും ഭിന്നമായി ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്ന നയങ്ങള്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളത്തിലുണ്ടാക്കാന്‍ പോകുന്നത്. ബി ജെ പിയുടെ ചുവട് പിടിച്ച് വര്‍ഗീയതയെ സി പി എം താലോലിക്കുകയാണ് തങ്ങളുടെ കാലിനടിയില്‍ നിന്നുള്ള മണ്ണൊലിപ്പിനെ പ്രതിരോധിക്കുവാന്‍ വേണ്ടി അപകടകരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് സി പി എം നടത്തിക്കൊണ്ടിരിക്കുന്നത്. മത ചിഹ്നങ്ങളെ പാര്‍ട്ടി ചിഹ്നങ്ങളായി അവതരിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
അറബിക് യൂനിവേഴ്‌സിറ്റി ലീഗിന്റെ സാമുദായിക അജണ്ടയല്ല. യൂനിവേഴ്‌സിറ്റിക്കെതിരെയുള്ള പ്രചരണം രാജ്യത്തിന്റെ നന്മക്ക് വളരെ ദോഷമാണ്. ലോകത്ത് 30 കോടി ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് അറബി. ലോക സംസ്‌കാരത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ഭാഷയാണ് അറബിയെന്നും അദ്ദേഹം പറഞ്ഞു. നസീര്‍ മാട്ടൂല്‍, ഷുക്കൂര്‍ അലി കല്ലുങ്ങല്‍, പി കെ ശാഫി, അശ്‌റഫ് പൊന്നാനി, അബ്ദുല്ല ഫാറൂഖി സംബന്ധിച്ചു.