Connect with us

Articles

ഫാസിസത്തിന്റെ ഭിന്ന ഭാവങ്ങള്‍

Published

|

Last Updated

ഫാസിസം ഇന്ന് പൊതു ചര്‍ച്ചകളില്‍ കേന്ദ്രബിന്ദുവായ ഒന്നാണ്. ഫാസിസം എന്ന് പറയുമ്പോള്‍ തന്നെ പല ബുദ്ധിജീവികളും സാധാരണക്കാരും അസഹിഷ്ണുക്കളാണ്. എന്തിനാണ് ഈ പദം ആവശ്യത്തിനും ആനാവശ്യത്തിനും ഒക്കെ ഉപയോഗിക്കുന്നത് എന്നാണ് അവരുടെ ചോദ്യം. ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ഐ ഐ ടി പ്രഫസര്‍ ദീര്‍ഘമായ ലേഖനം എഴുതി. ഫാസിസത്തെ നിര്‍വചിച്ചു നിര്‍വചിച്ചു നിലവില്‍ ഇല്ലാത്തൊരു തത്വസംഹിതയാണ് അതെന്ന് അദ്ദേഹം വ്യാഖ്യാനിക്കുകയുണ്ടായി.
ഫാസിസം സത്യത്തില്‍ എന്താണ്? എന്താണ് ഫാസിസത്തിന്റെ ലക്ഷ്യം? ഉമ്പര്‍ട്ടോ എക്കോയുടെ നിര്‍വചനപ്രകാരം ഫാസിസത്തിന് പതിനാല് ലക്ഷ്യങ്ങള്‍ ഉണ്ട്. ഈ പതിനാലു ലക്ഷ്യങ്ങളെ വച്ച് വിലയിരുത്തുമ്പോള്‍ ഇന്ത്യനവസ്ഥയില്‍ എത്രത്തോളം മാരകമായി ഫാസിസം കടന്നുകൂടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ പറ്റും. ഈ പതിനാല് ലക്ഷണങ്ങളെ വിലയിരുത്താന്‍ അദ്ദേഹം വിശകലനം ചെയ്തത് ചില ഫാസിസ്റ്റ് സംഭവങ്ങളെയായിരുന്നു; ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നടന്നത്, ഇറ്റലിയില്‍ മുസ്സോളിനിയുടെ നേതൃത്വത്തില്‍ നടന്നത്, സ്‌പെയിനില്‍ നടന്നത്, ഇന്ത്യനോഷ്യയില്‍ സുഹോര്‍ത്തയുടെ നേതൃത്വത്തില്‍.
ഇതില്‍ ആദ്യത്തെ ലക്ഷ്യം അതിശക്തമായ ദേശീയത എന്ന ആശയമാണ്. അതിന്റെ ഫലമായി മുദ്രാവാക്യങ്ങള്‍ എല്ലായിടത്തും മുഴങ്ങി കേള്‍ക്കാം; പതാകകള്‍ പാറിക്കളിക്കുന്നത് കാണാം. ഈ ദേശീയത ഭൂരിപക്ഷ വര്‍ഗത്തിന്റെ ദേശീയതയാണ്. വര്‍ഗീയതയും ദേശീയതയും അങ്ങനെയാണ് ഒരേ തലത്തില്‍ കൈകോര്‍ക്കുന്നത്.
ലക്ഷ്യം രണ്ട്: മാനവാധികാരങ്ങളോടുള്ള അവഗണന. ദേശീയ സുരക്ഷ എന്ന ഒരൊറ്റ താത്പര്യത്തിന് വേണ്ടി മനുഷ്യന്റെ ചെറുതും വലുതുമായ അധികാരങ്ങളും അവകാശങ്ങളും ഹനിക്കാം എന്നതാണ് ഫാസിസം കണക്കുകൂട്ടുന്നത്. ഇത് നമ്മള്‍ ഒരിക്കല്‍ അനുഭവിച്ചതാണ്. അടിയന്താരാവസ്ഥക്കാലത്ത് എത്രയെത്ര മനുഷ്യജന്മങ്ങളാണ് അവകാശങ്ങള്‍ ഹനിക്കപ്പെട്ട് ഇന്ത്യയില്‍ പിടഞ്ഞുവീണത്! ജീവിക്കാനുള്ള അവകാശം എന്ന ഭരണഘടനയിലെ മൗലിക അവകാശം പോലും നിഷേധിക്കപ്പെട്ട കലമായിരുന്നു അത്. അഥവാ ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി മാനുഷിക അവകാശം പാടെ ഇല്ലാതാക്കപ്പെട്ടു.
മൂന്നാമത്തേത് ശത്രുവിനെ നിര്‍വ്വചിക്കുക എന്നതാണ്. ശത്രു പൊതുവില്‍ അബലനായിരിക്കും. ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ അവിടെയും സംരക്ഷിക്കപ്പെടുന്നു. ഇന്ത്യയില്‍ ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്ക് നേരെയും ഒഡീഷയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുമൊക്കെ ഉണ്ടായത് ഈ ശത്രു നിര്‍മിതിയാണ്. ഗോത്രപരമായ ന്യൂനപക്ഷങ്ങള്‍ അടിച്ചമാര്‍ത്തപ്പെടുന്നതും ഇങ്ങനെ. ഒഡിഷയിലെ ഗോത്ര വര്‍ഗങ്ങളെ എങ്ങനെയാണ് ഫാസിസം അടിച്ചമര്‍ത്തിയത് എന്ന് സമകാലിക ഇന്ത്യയില്‍ നമുക്കറിയാം. കാരണം അവര്‍ ശത്രുക്കളാണ്. ഭരണത്തില്‍ ഇരിക്കുന്നവരുടെ വീക്ഷണത്തില്‍ വികസനത്തിന് എതിര് നില്‍ക്കുന്നവരാണ്. വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ തുടങ്ങുമ്പോള്‍ പ്രതിഷേധിക്കുന്നവരാണ്. അതിനാല്‍ അവരെ അടിച്ചമര്‍ത്തുന്നു. ജര്‍മനിയുടെയും ഇറ്റലിയുടെയും സ്‌പെയിനിന്റെയും കാര്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ തന്നെയായിരുന്നു അവിടുത്തെ മതന്യൂനപക്ഷങ്ങള്‍ക്കൊപ്പം ഫാസിസ്റ്റുകളുടെ മുഖ്യ ശത്രുക്കള്‍.
നാലാമത്തേത് പുരുഷ കേന്ദ്രീകൃതമാണ്. അത് എപ്പോഴും സ്ത്രീവിരുദ്ധമാണ്. ഒരു ഹിന്ദു സ്ത്രീക്ക് അഞ്ചു കുട്ടികള്‍ ഉണ്ടാകണമെന്നാണു ഹൈന്ദവ ഫാസിസ്റ്റുകള്‍ നിര്‍വചിക്കുന്നത്. തികച്ചും സ്ത്രീ സ്വാതന്ത്രം അവഗണിക്കുന്നു.
അഞ്ച്: വാര്‍ത്താവിനിമയ മാധ്യമങ്ങളെ പൂര്‍ണമായി നിയന്ത്രിക്കുക. അത് ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു. ടി വി ചാനലുകള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് നല്‍കിയ നിര്‍ദേശങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാം. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി നിലപാടുകള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്രം വിലക്കെപ്പെടാന്‍ പോകുന്നു എന്ന്. ക്രമേണ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ പറയുന്നത് മാത്രം റിപ്പോര്‍ട്ട് ചെയ്യണ്ട ഗതിയിലേക്ക് നമ്മുടെ മാധ്യമങ്ങള്‍ എത്തിച്ചേരാം.
ദേശീയ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് ആറാമാത്തെത്. ഏഴാമത്തെത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അഥവാ മതവും രാഷ്ട്രീയവും തമ്മില്‍ കൂടിക്കലരല്‍. അതിന്റെ ഏറ്റവും പ്രകടമായ ഒരു ഉദാഹരണം നമ്മള്‍ ഈയിടെ കണ്ടു. ഈ സര്‍ക്കാറിന്റെ വാര്‍ഷികം ആഘോഷിച്ചപ്പോള്‍, ഓരോ മന്ത്രിമാരെയും കുറിച്ച് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത് അവര്‍ എത്രത്തോളം ഈ മതപരമായ താത്പര്യങ്ങള്‍ നടപ്പിലാക്കി എന്ന് പറയുകയുണ്ടായി.
എട്ട്: കോര്‍പ്പറേറ്റ് ശക്തികള്‍ ഭരണത്തിനു മുകളില്‍ പിടിമുറുക്കുക. വന്‍കിട വ്യവസായികളാണ് സത്യത്തില്‍ നിലവിലെ ഭരണത്തെ നിയന്ത്രിക്കുന്നത്. ഈയിടെ നരേന്ദ്ര മോദി നടത്തിയ പല വിദേശ സന്ദര്‍ശനങ്ങളിലും കൂടെയുണ്ടായിരുന്നത്, ഗുജറാത്തിലെ പ്രധാനപ്പെട്ടൊരു വ്യവസായിയായിരുന്നു എന്ന് നാമോര്‍ക്കണം. ഇങ്ങനെ വ്യവസായികളാല്‍ നിയന്ത്രിക്കപ്പെടുന്ന വ്യവസ്ഥിതിയാണ് ഫാസിസ്റ്റുകളിലൂടെ കാണാന്‍ കഴിയുന്നത്.
ഒമ്പതാമത്തെ ലക്ഷണം ഫാസിസം തൊഴിലാളികളെ അടിച്ചമര്‍ത്തുന്നു എന്നതാണ്. വ്യവസായികള്‍ ഒക്കെ ആഗ്രഹിക്കുന്നത് തൊഴില്‍ നിയമങ്ങള്‍, രാജസ്ഥാനില്‍ ചെയ്ത പോലെ ബി ജെ പി സര്‍ക്കാര്‍ ഉദാരീകരിക്കാനാണ്. തൊഴിലാലികളെ പൂര്‍ണ്ണമായി നിയന്ത്രിക്കാനുള്ള അവകാശം അവര്‍ ആവശ്യപ്പെടുന്നു. ഇതും ക്രമേണ ഗവണ്‍മെന്റ് നടപ്പിലാക്കുന്നു.
പത്ത്: ബുദ്ധിജീവികളോടുള്ള വിദ്വേഷം. ഫാസിസ്റ്റുകള്‍ക്ക് ധിഷണാശാലികളെ ഒട്ടും ഇഷ്ടമല്ല. ചിന്തിക്കുന്നവര്‍ ഫാസിസത്തോട് വിയോജിക്കും എന്നറിയാവുന്നത് കൊണ്ട്തന്നെയാണത്. ഇന്ത്യയില്‍ ഇതിനു നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ചരിത്ര കൗണ്‍സില്‍ പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ലോകമറിയപ്പെട്ട ചരിത്രകാരി റോമിലഥാപ്പറിനെയൊക്കെ ഒഴിവാക്കി പകരം പ്രതിഷ്ഠിക്കുന്നത് സുദര്‍ശനനെയാണ്. സുദര്‍ശനനുള്ള യോഗ്യത, അദ്ദേഹം മഹാഭാരതവും പുരാണകഥകളും ഒക്കെ സത്യവും ചരിത്രവുമാണെന്ന് വിശ്വസിക്കുന്നു എന്നതാണ്.
പതിനൊന്നാമത്തെ ലക്ഷണം ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കുക എന്നതാണ്. ബി ജെ പി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോഴേ അവരതിന് ശ്രമിച്ചു. സ്മൃതി ഇറാനിയെന്ന അധികം യോഗ്യതകള്‍ ഒന്നുമില്ലാത്ത സ്ത്രീയെ വിദ്യാഭ്യാസ മന്ത്രി ആക്കിയത് അതിന്റെ ഉദാഹരണമാണ്. അബ്ദുല്‍ കലാം ആസാദും സക്കീര്‍ ഹുസൈനും പോലുള്ള പ്രഗല്ഭരായ വിദ്യാഭ്യാസ വിചക്ഷണര്‍ ഇരുന്ന കസേരയാണ് അതെന്നു നാം ഓര്‍ക്കണം. നളന്ദ പോലുള്ള സര്‍വകലാശാലകള്‍ പല നിലക്കും തകരുന്നത് നാം സ്മൃതി ഇറാനിയുടെ വരവിനു ശേഷം കാണുന്നു.
ശിക്ഷാ നടപടി കൂട്ടുക: ഇവര്‍ക്ക് കുറ്റവും ശിക്ഷയും വളരെയധികം ഇഷ്ടപ്പെട്ട കാര്യങ്ങളാണ്. പെട്ടന്നു ശിക്ഷിക്കുക എന്നതാണ് ഫാസിസ്റ്റ് രീതി. ഇതിനു വളരെ അടുത്ത കാലത്ത് വന്ന ഉദാഹരണം യാക്കൂബ് മേമന്റെ വധശിക്ഷയാണ്. ദയാഹരജി തള്ളിക്കളഞ്ഞാല്‍ പതിനഞ്ച് ദിവസം ഒരാള്‍ക്ക് വധശിക്ഷക്ക് അര്‍ഹാനാണെങ്കില്‍ നല്‍കണം എന്നാണു സുപ്രീം കോടതി വിധി. പന്ത്രണ്ടാമത്തെ ലക്ഷണം അഴിമതി: ചങ്ങാത്ത കാപിറ്റലിസം. ഇത്രെയെങ്കിലും ഉദാഹരണങ്ങള്‍ സമകാലിക ഇന്ത്യയിലെ ബി ജെ പി ഭരണകൂടത്തില്‍ നിന്ന് അഴിമതിക്ക് കാണാന്‍ പറ്റും. ഫാസിസത്തിന്റെ പതിനാലു സവിശേഷതകളില്‍ രണ്ടെണ്ണം മാത്രമേ ഇന്ത്യയില്‍ ഇനി നടപ്പിലാകാന്‍ ബാക്കിയുള്ളൂ. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുക, പട്ടാളത്തിന്റെ അധ്വീശത്വം എന്നിവയാണവ.
ഫാസിസത്തിന്റെ എല്ലാ വിധത്തിലുമുള്ള ലക്ഷണമൊത്ത ഒരു പരിസരത്താണ് നാം ജീവിക്കുന്നത്. ഫാസിസം പ്രകടമായിക്കൊണ്ടിരിക്കുന്ന ഒരു കാലം. അത് ഹിറ്റലറിന്റെ ഫാസിസമാണോ മുസോളിനിയുടെ ആശയമാണോ എന്നൊന്നും അന്വേഷിക്കേണ്ടതില്ല. ഫാസിസത്തിന്റെ രൂപഭാവങ്ങള്‍ ഇവിടെയുണ്ടോ എന്ന ചര്‍ച്ച പോലും ഇപ്പോള്‍ അപ്രസക്തമാണ്.
മലയാളികളായ നാം ഇപ്പോഴും വിചാരിക്കുന്നത് കേരളത്തിന് പുറത്ത് സംഭവിക്കുന്നത് പോലെയുള്ള ഫാസിസം ഇവിടെ ഇല്ല എന്നതാണ്. എന്നാല്‍ ഇവിടെയും അവര്‍ പിടിമുറുക്കുന്ന കാഴ്ചകള്‍ ധാരാളമുണ്ട്. രാമായണ വ്യാഖ്യാനം എഴുതിയതിന് ഭാഷാ പണ്ഡിതനായ ഡോ. എം എം ബഷീറിനെ നിശ്ശബ്ദനാക്കിയ സംഭവം ഉണ്ടായി. അദ്ദേഹം എന്താണ് ചെയ്തത്? വാല്മീകി എഴുതിയ രാമായണത്തെ മനോഹരമായി വ്യാഖ്യാനിച്ചു എന്നതിനാണ് എം എം ബഷീര്‍ ക്രൂശിക്കപ്പെട്ടത്. കേരളത്തിലെ പൊതുസമൂഹവും മാധ്യമങ്ങളും ഇതിനെതിരെ പ്രതികരിച്ചില്ല. ഇത്തരം കാര്യങ്ങള്‍ നമ്മുടെ കാലത്താണ് സംഭവിക്കുന്നത്.
മലയാളികള്‍ വ്യത്യസ്തമായ ഒരു സമൂഹമാണ്. കേരളത്തിനു പുറത്ത് കാര്യങ്ങള്‍ അങ്ങനെയല്ല. ബീഹാറില്‍ ജോലി ചെയ്ത ആളാണ് ഞാന്‍. ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും ഉള്ളത് പോലെ സാമൂഹിക സ്പര്‍ധകളോ ജാതീയ വിദ്വേഷങ്ങളോ ഇവിടെ വ്യാപകമായിട്ടില്ല. നമുക്ക് സമ്പന്നമായ നവോത്ഥാനമുണ്ട്, ചരിത്രമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി വളര്‍ന്ന നവോത്ഥാാന പ്രസ്ഥാനം ജന്മിത്വത്തിനെതിരായ ഒരു പടയോട്ടമായിരുന്നു. ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവും നമുക്ക് വഴികാട്ടികളായി. അന്നുണ്ടായിരുന്ന എല്ലാ ജാതികളും ഒരുമിച്ചു നിന്നാണ് ജന്മിത്വത്തിനും അന്നത്തെ വ്യവസ്ഥക്കും എതിരായ മഹത്തായ മുന്നേറ്റം നടത്തിയത്. ഇതാണ് കേരള സംസ്ഥാനത്തിന്റെ അടിത്തറ. അങ്ങനെയാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ ഇവിടെ വേരുറപ്പിച്ചതും ജനകീയമായതും. ഈയൊരു രാഷ്ട്രീയ പ്രബുദ്ധത കേരളത്തിനു പുറത്ത് കാണാന്‍ കഴിയില്ല. ഈ ചരിത്ര ബോധമാണ് ഇവിടുത്തെ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള മലയാളി സമൂഹത്തിന് മതനിരപേക്ഷതയുടെ ഊര്‍ജം പകരുന്നത്. നിരീശ്വര വാദികള്‍ പോലും ഒരു പോലെ കണ്ടിരുന്ന ശ്രീനാരായണ ഗുരുവാണ് ഈയൊരു മതനിരപേക്ഷ സമൂഹത്തെ കെട്ടിപ്പടുത്തത്. ഈ നവോത്ഥാന പ്രസ്ഥാനത്തെയാണ് ഫാസിസ്റ്റ് ശക്തികള്‍ ലക്ഷ്യമിടുന്നത്. നവോത്ഥാന പ്രസ്ഥാനത്തിന്റെ വേരുകള്‍ അറുത്താല്‍ കേരളത്തെ പിടിച്ചടക്കാം എന്നാണ് ഇവരുടെ ധാരണ. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യ മന്ത്രിയായിരുന്നപ്പോള്‍ കേരളത്തില്‍ വന്നത് ഈ ലക്ഷ്യം വെച്ചായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തെ തങ്ങളുടെ ഭാഗമാക്കി മാത്രമേ കേരളത്തില്‍ പ്രവേശിക്കാന്‍ പറ്റൂ എന്നും അതിലൂടെ മാത്രമേ കേരള സംസ്‌കാരത്തെ നശിപ്പിക്കാന്‍ കഴിയൂ എന്നുമുള്ള ബോധ്യമാണ് ഫാസിസ്റ്റ് ശക്തികളെ ഈ വിധത്തില്‍ ചരിത്രത്തോടും സംസ്‌കാരത്തോടും അടുപ്പിക്കുന്നത്. ശ്രീനാരായണ ധര്‍മ പരിപാലനം സ്ഥാപിച്ചപ്പോള്‍ ശ്രീനാരായണ ഗുരു തിരഞ്ഞെടുത്ത വേഷം മഞ്ഞ ആയിരുന്നു. കാവി സ്വീകാര്യമല്ലെന്നും അത് ഉന്നതകുല ജാതരായ ഹിന്ദുക്കളുടെ വേഷമാണെന്നും ഗുരു പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മഞ്ഞയും കാവിയും കൂട്ടിക്കെട്ടുക എന്നത് വൈരുധ്യമാണ്. വര്‍ഗീയത നിറഞ്ഞുനില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ നാരായണ ഗുരു മുന്നോട്ടു വെച്ച ആശയങ്ങള്‍ ക്രൂശിക്കപ്പെടുന്ന പ്രവണതകള്‍ക്കെതിരെ നാം പ്രതികരിച്ചേ പറ്റൂ. നിശ്ശബ്ദത വെടിയേണ്ട ഒരു കാലഘട്ടമാണിത്. നവോത്ഥാന പ്രസ്ഥാനത്തില്‍ നിന്ന് ആവാഹിച്ച ചരിത്ര ബോധത്തില്‍ നിന്ന് നാം ഫാസിസത്തിനെതിരെ പ്രതികരിക്കുക.
…………………………………………………………………………………………………………..
കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാറില്‍ നടത്തിയ പ്രഭാഷണം.

Latest