Connect with us

National

മുംബൈ ട്രെയിന്‍ സ്‌ഫോടനം: 12 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച

Published

|

Last Updated

മുംബൈ: ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ പതിമൂന്ന് പ്രതികളില്‍ പന്ത്രണ്ട് പേരും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി. ഒരാളെ വെറുതെ വിട്ടു. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കണ്ടെത്തിയ ഫൈസല്‍ ഷെയ്ഖ് ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ എട്ടാം പ്രതിയായ വാഹിദിനെ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കി. ശിക്ഷ വിധിക്കുന്നതിന് മുമ്പുള്ള അന്തിമ വാദം കേള്‍ക്കല്‍ തിങ്കളാഴ്ച നടക്കും. അന്ന് തന്നെ ശിക്ഷ വിധിക്കും. കേസില്‍ വിധി പറയുന്നതിന് മുമ്പ് പ്രത്യേക മക്കോക്ക കോടതി ജഡ്ജി വൈ ഡി ഷിന്‍ഡെ മാധ്യമ പ്രവര്‍ത്തകര്‍ കോടതിക്കുള്ളില്‍ പ്രവേശിക്കുന്നത് തടഞ്ഞു.
മഹാരാഷ്ട്ര ആസൂത്രണ കുറ്റകൃത്യം തടയല്‍ നിയമം (എം സി ഒ സി എ- മക്കോക്ക), ഐ പി സി, സ്‌ഫോടകവസ്തു നിയമം, റെയില്‍വേ നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്.
2006 ജൂലൈ 11ന് ഏഴ് ട്രെയിനുകളില്‍ എട്ട് മിനിട്ടുകള്‍ക്കകം നടന്ന ഏഴ് സ്‌ഫോടനങ്ങളില്‍ 188 പേര്‍ കൊല്ലപ്പെടുകയും 817 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുംബൈയുടെ പ്രാന്ത പ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലെ ഒന്നാം ക്ലാസ് കമ്പാര്‍ട്ട്‌മെന്റുകളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 2014 ആഗസ്റ്റില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് വിധിപ്രഖ്യാപനം നടത്തിയത്. ജഡ്ജി മുഴുവന്‍ പ്രതികള്‍ക്കും പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വൈകീട്ട് 6.23നായിരുന്നു ആദ്യ സ്‌ഫോടനം. ഖാര്‍ റോഡ്, ബാന്ദ്ര, ജോഗേശ്വരി, മാഹിം, ബോറിവലി, മാട്ടുംഗ, മിറാ റോഡ് സ്റ്റേഷനുകളിലോ അതിന് സമീപത്തോ ആയാണ് സ്‌ഫോടനങ്ങള്‍ നടന്നത്. 2007 ജൂണിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കേസിലെ പ്രതികളില്‍ ഒരാളായ കമാല്‍ അന്‍സാരി, മകോകക്ക് “തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍” എന്ന നിര്‍വചനം നല്‍കിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ പരമോന്നത കോടതി കേസ് രണ്ട് വര്‍ഷത്തേക്ക് സ്റ്റേ ചെയ്തു. എന്നാല്‍, 2010 ഏപ്രിലില്‍ സുപ്രീം കോടതി കമാലിന്റെ ഹരജി തള്ളുകയും വിചാരണ പുനരാരംഭിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് പാക് ചാര സംഘടനയായ ഐ എസ് ഐയും ലശ്കറെ ത്വയ്യിബയുമാണെന്ന് എ ടി എസ് വ്യക്തമാക്കിയിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെടുത്താനും നീട്ടിവെപ്പിക്കാനും പ്രതികള്‍ പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷികളായി 188 പേരുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

Latest