Connect with us

Wayanad

ഗുരുദേവനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; സാംസ്‌കാരിക കേരളത്തിന് അപമാനകരം - എം ഐ ഷാനവാസ്

Published

|

Last Updated

കല്‍പ്പറ്റ: കേരളത്തില്‍ കക്ഷിതിരിഞ്ഞ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ബി ജെ പി യും സി പി എമ്മും ശ്രീ നാരയണ ഗുരു ദേവനെ അവഹേളിക്കുന്ന ഏറ്റവും തരം താണതും സാംസ്‌കാരിക കേരളത്തിന് അപമാനകരവുമായ പ്രവര്‍ത്തിയാണ് നടത്തുന്നതെന്ന് എം പി, എം ഐ ഷാനവാസ് പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ പുന:സംഘടിപ്പിച്ച ജില്ലാ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു പ്രശ്‌നങ്ങളും ഇല്ലാതെ ജില്ലയിലെ പുന:സംഘടന പൂര്‍ത്തിയാക്കാന്‍ സഹായിച്ചത് മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഇടപെടലുകളാണ്. ചടങ്ങിനെത്തിയ മുഴുവന്‍ നേതാക്കളുടെയും സാന്നിധ്യം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുന്നതാണ്. അവരില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍കൊണ്ട് മുന്നോട്ട് പോകാന്‍ പുതിയ ഭാരവാഹികള്‍ക്ക് കഴിയുമെന്നും ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ജില്ലയിലെ എല്ലാ വിഭാഗ നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണമായ സന്തോഷത്തോടും ഐക്യത്തോടും ഒരുമിച്ച് പങ്കെടുത്ത ചടങ്ങ് ഏറെ ശ്രദ്ധേയമായി.പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്താണ് ഓഫീസിലെത്തിയ പ്രവര്‍ത്തകര്‍ സന്തോഷം പങ്കിട്ടത്.പുതിയ ഭരവാഹികളെ നേതാക്കള്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മന്ത്രി പി കെ ജയലക്ഷമി, പി കെ ഗോപാലന്‍, എം എല്‍ എ. ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ പി തോമസ്, സി പി വര്‍ഗീസ്, കെ കെ വിശ്വനാഥന്‍, എന്‍ കെ വര്‍ഗ്ഗീസ്, റ്റി ജെ ഐസക്ക്, വി എ മജീദ്, ഒ എം ജോര്‍ജ്, ഗോകുല്‍ദാസ് കോട്ടയില്‍, വി എന്‍ ലഷ്മണന്‍, എം എ ജോസഫ്, മംഗലശേരി മാധവന്‍, കെ എം ആലി, ഒ വി അപ്പച്ചന്‍, എം ജി ബിന്ദു, പി ഡി സജി, ശ്രീകാന്ത് പട്ടയന്‍, എന്‍ എം വിജയന്‍, ഡി പി രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

Latest