Connect with us

Palakkad

സമ്പൂര്‍ണ പാലിയേറ്റീവ് പരിചരണ ജില്ലയായി പാലക്കാടിനെ പ്രഖ്യാപിക്കും

Published

|

Last Updated

പാലക്കാട്: ജില്ലയെ സമ്പൂര്‍ണ്ണ പാലിയേറ്റീവ് പരിചരണ ജില്ലയായി 14ന് രാവിലെ 10ന് ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ പ്രഖ്യാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി എന്‍ കണ്ടമുത്തന്‍ അറിയിച്ചു. 2008ലാണ് സംസ്ഥാനത്ത് പാലിയേറ്റീവ് പരിചരണം ആരംഭിച്ചത്. ജില്ലയില്‍ കണ്ണാടി പഞ്ചായത്തിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. ഇപ്പോള്‍ 91 പഞ്ചായത്തിലും നാല് മുനിസിപ്പാലിറ്റികളിലും പ്രാവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. സംസ്ഥാനതലത്തില്‍ ജില്ലാ ആശുപത്രികളില്‍ രണ്ടാമത് ഹോംകെയര്‍ തുടങ്ങിയത് പാലക്കാട് ജില്ലയിലാണെന്ന നേട്ടവുമുണ്ട്.
മൂന്ന് തലങ്ങളിലായി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയിരിക്കുന്നു. പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍, വിദഗ്ധ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍, പരിശീലനകേന്ദ്രങ്ങള്‍ എന്നിവ. പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഇവയുടെ പദ്ധതി വിഹിതം ഉപയോഗിച്ച് നടത്തുന്ന യൂണിറ്റുകളാണ്. ഇതില്‍ ഹോം കെയര്‍, ഒ.പി, പരിചരണ സമഗ്രാകള്‍ ലഭ്യമാക്കല്‍, സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കു പിന്തുണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍ എന്നിവ നടപ്പിലാക്കും.
വിദഗ്ധ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും താലൂക്ക്/ജില്ലാ/ജനറല്‍ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ ഇത്തരം പത്ത് വിദഗ്ധ യൂണിറ്റുകളുണ്ട്. വിദഗ്ധ നേഴ്‌സിംഗ് പരിചരണം, ഒ പി- മോര്‍ഫിന്‍ അടക്കമുള്ള പാലിയേറ്റീവ് മരുന്നുകളും വിദഗ്ധ ഡോക്ടറുടെ സേവനവും ലഭിക്കുന്നു. ജില്ലയില്‍ അട്ടപ്പാടിയടക്കം എട്ട് സ്ഥലങ്ങളില്‍ മോര്‍ഫിന്‍ ലഭ്യമാണ്. പരിശീലന കേന്ദ്രങ്ങള്‍ ഇവിടെ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫ് നേഴ്‌സുമാര്‍ക്കും കമ്മ്യൂണിറ്റി നഴ്‌സുമാര്‍ക്കും പാലിയേറ്റീവ് പരിചരണത്തില്‍ പ്രാവീണ്യം നേടുന്നതിനുളള നിശ്ചിത കാലാവധിയുള്ള കോഴ്‌സുകള്‍ നടത്തുന്നു. ജില്ലയിലെ പരിശീലനകേന്ദ്രത്തില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ കമ്മ്യൂണിറ്റി നേഴ്‌സുമാര്‍ 96, ആശ വര്‍ക്കര്‍മാര്‍ 25, സ്റ്റാഫ് നേഴ്‌സ് 32, കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍ 236 മാണ്.

Latest