Connect with us

Kerala

മൂന്നാര്‍ സമരം വിജയം

Published

|

Last Updated

കൊച്ചി/മൂന്നാര്‍: ശമ്പള വര്‍ധനവും ബോണസും ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ഒമ്പത് ദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം തൊഴിലാളികള്‍ക്ക് ഇരുപത് ശതമാനം ബോണസ് നല്‍കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചു. നേരത്തെ നല്‍കിയ 8.33 ശതമാനം ബോണസിനു പുറമെ 11.67 ശതമാനം എക്‌സ് ഗ്രേഷ്യ ആയുമാകും നല്‍കുക. ശമ്പള വര്‍ധന സംബന്ധിച്ച കാര്യങ്ങള്‍ ഈ മാസം 26ന് ലേബര്‍ കമ്മീഷനുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകും. തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മുഖ്യമന്ത്രി നേരിട്ട് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് സമരം അവസാനിപ്പിച്ചു കൊണ്ടുള്ള തൊഴിലാളികളുടെ പ്രഖ്യാപനം ഉണ്ടായത്. മന്ത്രി പി കെ ജയലക്ഷ്മി സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു.
ഇന്നലെ രാവിലെ 11ന് മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, ഷിബു ബേബിജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച ആരംഭിച്ചത്. ആദ്യം തൊഴിലാളി പ്രതിനിധികളുമായും പിന്നീട് മാനേജ്‌മെന്റുമായും ഇവര്‍ ചര്‍ച്ച നടത്തി. എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുത്ത കമ്പനി പ്രതിനിധികള്‍ നിയമ, സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ചതോടെ ചര്‍ച്ച നീളുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ടെത്തി ചര്‍ച്ച നടത്തുകയും സമരം അവസാനിപ്പിക്കാന്‍ സഹകരിക്കണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയാല്‍ അതംഗീകരിക്കമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കുകയായിരുന്നു.
പ്ലാന്റേഷന്‍ ലേബര്‍ ആക്ട്, ഫാക്ടറീസ് ആക്ട് എന്നിവ ശക്തമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമം അനുസരിച്ച് ചികിത്സാ സൗകര്യമായി എക്‌സ് റേ സൗകര്യം മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഈ സാങ്കേതിക പ്രശ്‌നം പരിഹരിക്കാനും സ്‌കാനിംഗ് അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയിലെ വ്യവസ്ഥകള്‍ മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും തമ്മിലാണ് കരാറിലെത്തുന്നത്. ഇത് സാങ്കേതികത മാത്രമണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രാവിലെ സമരരംഗത്ത് എത്തിയിരുന്നു. വി എസിനൊപ്പം മന്ത്രി പി കെ ജയലക്ഷ്മി, കെ പി സി സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ എന്നിവരും സമരക്കാര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തിരുന്നു. വായ്പ, താമസ സൗകര്യം, ചികിത്സാ സഹായം, ഇ എസ് ഐ, വിദ്യാഭ്യാസ സഹായം തുടങ്ങിയ ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തോട്ടം തൊഴിലാളികള്‍ സമരം നടത്തിയത്. ഇത്തരം ആവശ്യങ്ങളില്‍ നിലവിലുള്ള പ്ലാന്റേഷന്‍ ലേബര്‍ ആക്ട് അനുസരിച്ച് കാര്യങ്ങള്‍ പരിശോധിക്കും.
ജോയ്‌സ് ജോര്‍ജ് എം പി, ഇ എസ് ബിജിമോള്‍ എം എല്‍ എ, ഇടുക്കി കലക്ടര്‍, റീജ്യനല്‍ ലേബര്‍ ജോയിന്റ് കമ്മീഷണര്‍ പി ജെ ജോയ്, കണ്ണന്‍ ദേവന്‍ എം ഡി മാത്യു എബ്രഹാം, കമ്പനി ഉപദേഷ്ടാവ് ടി ദാമു, സമരത്തിന് നേതൃത്വം നല്‍കിയ സ്ത്രീ തൊഴിലാളികളായ ലിസി, സംഗീത, വനറാണി, തൊഴിലാളി സംഘടനാ നേതാക്കളായ സി എ കുര്യന്‍ (എ ഐ ടി യു സി), എം വി ശശികുമാര്‍ (സി ഐ ടി യു), എ കെ മണി (ഐ എന്‍ ടി യു സി) തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുതത്.

Latest