Connect with us

Kerala

മൂന്നാര്‍ സമരമുഖത്ത് വി എസ് എത്തി; ആരവങ്ങളോടെ വരവേല്‍പ്പ്

Published

|

Last Updated

ഇടുക്കി : നേതാക്കളോട് മുഖം തിരിച്ച മൂന്നാര്‍ സമരമുഖത്ത് ആവേശമായി വി എസ് അച്യുതാനന്ദന്‍ എത്തി. മൂന്നാറിലെ ടാറ്റാ ആധിപത്യത്തിനെതിരെ എന്നും ഒറ്റയാള്‍ പോരാട്ടം നടത്തിയ വി എസ് ഒരിക്കല്‍ കൂടി മലകയറിയെത്തിയപ്പോള്‍ എട്ട് ദിവസമായി തിളച്ചുമറിയുന്ന മൂന്നാറിന്റെ പോരാട്ടത്തിന് അമരക്കാരനെത്തിയ പ്രതീതി. അന്‍പാന ഉടന്‍ മക്കളേ എന്ന് ജനനായകന്‍ വിൡപ്പോള്‍ കാത്തിരുന്നത് പോലെ അവര്‍ മറുവിളി ചൊല്ലി. അതേസമയം സമരവേദിയിലേക്ക് ആദ്യമായി എത്തിയ മന്ത്രി പി കെ ജയലക്ഷ്മി അടക്കമുളള കോണ്‍ഗ്രസ് വനിതാ നേതാക്കളെ വരവേറ്റത് സ്ത്രീ തൊഴിലാളികളുടെ രോഷം. ആര്‍ എം പി നേതാവ് കെ കെ രമക്ക് സമരവേദിയില്‍ കടക്കാനായത് വി എസിന്റെ സഹായത്താല്‍. ജില്ലാ സെക്രട്ടറി അടക്കമുളള സി പി എം നേതാക്കളാരും വി എസിന്റെ വരവ് അറിഞ്ഞ മട്ടുകാണിച്ചില്ല. തൊട്ടപ്പുറത്ത് നിരാഹാരം കിടക്കുന്ന സ്ഥലം എം എല്‍ എ എസ് രാജേന്ദ്രനെ കാണാന്‍ വി എസ് പോയതുമില്ല. മണിക്കൂറുകളോളം വി എസ് സമരപ്പന്തലില്‍ ഇരുന്ന് പ്രക്ഷോഭകര്‍ക്ക് കരുത്ത് പകര്‍ന്നു.
രാവിലെ 11 മണിയോടെയാണ് പ്രതിപക്ഷ നേതാവ് ആലുവ, കോതമംഗലം വഴി മൂന്നാറിലെത്തിയത്. ആലുവയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ പാര്‍ട്ടി തീരുമാനപ്രകാരം നടക്കുന്ന രാജേന്ദ്രന്റെ നിരാഹാര സമരത്തിന് വി എസ് ഒരു കൊട്ടു കൊടുത്തിരുന്നു. ഞാന്‍ പോകുന്നത് രാജേന്ദ്രന്റെ അടുക്കലല്ല. സമരക്കാരുടെ അടുക്കലേക്കാണ്-വി എസ് പ്രഖ്യാപിച്ചു.
സമരപ്പന്തലിലെത്തിയ വി എസിനെ ആരവങ്ങളോടെയാണ് തൊഴിലാളികള്‍ വരവേറ്റത്. പതിനായിരങ്ങളെ കൈയുയര്‍ത്തി അഭിവാദ്യം ചെയ്ത ശേഷം കസേരയിലിരുന്ന വി എസ് എഴുതി തയ്യാറാക്കിയ പ്രസംഗം വായിച്ചു. സര്‍ക്കാറും കമ്പനിയും നിങ്ങളുടെ തീരുമാനം അംഗീകരിക്കും വരെ ഈ സമരത്തില്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാകും. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ടാറ്റ നിങ്ങളോട് നടത്തുന്നത്. കൈയേറ്റക്കാരായ ടാറ്റയില്‍ നിന്നും 14,000 ഏക്കര്‍ ഭൂമി വീണ്ടെടുത്ത് നിങ്ങളുടെ പാര്‍പ്പിടാവശ്യത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കും നല്‍കി നവീന മൂന്നാര്‍ ഒരുക്കാനാണ് എല്‍ ഡി എഫ് തീരുമാനിച്ചത്. യു ഡി എഫ് സര്‍ക്കാര്‍ ഇത് അട്ടിമറിച്ച് കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തു. അടുത്ത എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കും- വി എസിന്റെ വാക്കുകള്‍ സമരക്കാര്‍ ഹൃദയത്തിലേറ്റുവാങ്ങി. ഇടക്ക് പലരും വി എസിന് അടുക്കലെത്തി പരിദേവനങ്ങള്‍ പറഞ്ഞു. എല്ലാം ക്ഷമയോടെ കേട്ട് എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കി.
ഇന്നലെ രാവിലെ സമരവേദിയില്‍ ആദ്യമായെത്തിയത് കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷാണ്. പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയും ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരനും വന്നു. ഈ സമരം ന്യായമാണ്, ഇവര്‍ക്കൊപ്പം ഞങ്ങളുണ്ട് എന്നൊക്കെ പറഞ്ഞെങ്കിലും സമരക്കാരുടെ മനസ്സിളകിയില്ല. ഒപ്പം ഇരിക്കാന്‍ തുനിഞ്ഞ അവര്‍ക്കു നേരെ സ്ത്രീകള്‍ ശകാരവര്‍ഷം ചൊരിഞ്ഞു. ഇതോടെ നേതാക്കള്‍ പുറത്തേക്ക്. അല്‍പ്പസമയം കഴിഞ്ഞെത്തിയ കെ കെ രമക്കും ഇതേ അനുഭവം.
ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ച് വി എസ് സമരമുഖത്ത് ഇരിക്കുമ്പോഴാണ് വന്‍ പോലീസ് അകമ്പടിയോടെ പട്ടിക വിഭാഗ ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിയുടെ വരവ്. മന്ത്രിയാണെന്നറിഞ്ഞതോടെ സ്ത്രീകള്‍ ക്ഷുഭിതരായി. ഇത്രയും ദിവസം എവിടെയായിരുന്നു- അവര്‍ ചോദിച്ചു. തടയാനെത്തിയ പോലീസുകാരും അറിഞ്ഞു പെണ്‍രോഷം. മുദ്രാവാക്യത്തിന്റെ ചൂട് അടങ്ങിയപ്പോള്‍ മന്ത്രി ജയലക്ഷ്മി മാധ്യമങ്ങളോട് സംസാരിച്ചു. ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള നിങ്ങളുടെ പോരാട്ടത്തിന് അഭിവാദ്യം അര്‍പ്പിക്കാനാണ് ഞാന്‍ എത്തിയിരിക്കുന്നത്. അപ്പോഴും ഉയര്‍ന്നു ചോദ്യം. എട്ട് ദിവസം ഞങ്ങള്‍ വെയിലും മഴയും കൊള്ളുമ്പോള്‍ എവിടെയായിരുന്നു? തൊട്ടു പിന്നില്‍ നിന്ന ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസ് പറഞ്ഞുകൊടുത്തത് മന്ത്രി ഏറ്റുപറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രി തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോള്‍ വീണ്ടും ചര്‍ച്ച നടക്കുകയാണ്. നിങ്ങളുടെ ബോണസ്-കൂലി പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. എന്നിട്ടും സ്ത്രീകള്‍ അടങ്ങാതായതോടെ മന്ത്രി അവര്‍ക്കൊപ്പം സമര വേദിയില്‍ ഇരുന്നു. ഒപ്പം ബിന്ദു കൃഷ്ണയും ലതികാ സുഭാഷും വനിതാ കമ്മീഷന്‍ അംഗം ലിസി ജോസും.
അപ്പോഴെല്ലാം 500 മീറ്റര്‍ അകലെ രാജേന്ദ്രന്‍ എം എല്‍ എയുടെ നിരാഹാരം തുടര്‍ന്നു. വി എസ് നിരാഹാര പന്തല്‍ സന്ദര്‍ശിക്കാത്തതിനെപ്പറ്റി സി പി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും എസ് രാജേന്ദ്രന്‍ എം എല്‍ എയും കരുതലോടെയാണ് പ്രതികരിച്ചത്. ഇത്രയധികം സ്ത്രീ തൊഴിലാളികള്‍ ദിവസങ്ങളായി പോരാട്ടം നടത്തുമ്പോള്‍ വി എസ് അവിടേക്ക് പോകുന്നതില്‍ തെറ്റില്ല.
രാത്രി 8.20ന് മന്ത്രി പി കെ ജയലക്ഷ്മിക്ക് ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ വിവരിച്ച് മുഖ്യമന്ത്രിയുടെ ഫോണ്‍ സന്ദേശമെത്തി. 8.24ന് വി എസ് അച്യുതാനന്ദന്‍ ഇക്കാര്യം സമരപ്പന്തലില്‍ വിവരിച്ചതോടെ കേരളം കണ്ട ഏറ്റവും വലിയ പെണ്‍പോരാട്ടത്തിന് ശുഭാന്ത്യം.

Latest