Connect with us

Editorial

ഈ മനുഷ്യര്‍ക്ക് എവിടെയാണ് അഭയം?

Published

|

Last Updated

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ അഭയാര്‍ഥി പ്രവാഹത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. സിറിയയില്‍ നിന്ന് പലായനം ചെയ്ത് വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ അഭയത്തിനായി കാത്തുനില്‍ക്കുകയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറായത് ആശ്വാസകരമാണ്. യു എന്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടുന്നുവെന്നതും മനുഷ്യസ്‌നേഹികള്‍ക്കാകെ ആശ്വാസം പകരുന്ന കാര്യമാണ്. ഹംഗറിയെപ്പോലെ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് വന്‍ സ്വാധീനമുള്ള ചില രാജ്യങ്ങള്‍ അഭയാര്‍ഥികളെ ആട്ടിയോടിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് സുരക്ഷിത വഴിയൊരുക്കാന്‍ ആസ്ട്രിയ പോലുള്ള രാജ്യങ്ങള്‍ മുന്നോട്ടുവരുന്നത് പ്രതിസന്ധിയുടെ കാഠിന്യം കുറയ്ക്കുന്നുണ്ട്. എന്നാല്‍ ഈ സന്നദ്ധതകള്‍ക്കെല്ലാം അപ്പുറത്തേക്ക് ആഗോളമായ സഹകരണത്തിലൂടെ പരിഹരിക്കേണ്ട ഒന്നായി പ്രതിസന്ധി വളര്‍വന്നിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇനിയും രണ്ട് ലക്ഷത്തിലധികം പേരെ യൂറോപ്യന്‍ യൂനിയന്‍ തന്നെ സ്വീകരിക്കണമെന്നാണ് യു എന്‍ അഭയാര്‍ഥി വിഭാഗം പറയുന്നത്. ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍ ഒറ്റക്കൊറ്റക്ക് അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെങ്കിലും ഈ പ്രവാഹത്തെ ഇതേപടി അനുവദിക്കുന്നതിനോട് യൂറോപ്യന്‍ യൂനിയന്‍ നേതൃത്വത്തിന് കടുത്ത വിയോജിപ്പുണ്ട്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് ബ്രസല്‍സില്‍ ഇ യു ആഭ്യന്തര മന്ത്രിമാരുടെ യോഗം നടക്കാനിരിക്കുകയാണ്.
അഭയാര്‍ഥികള്‍ക്കൊപ്പം തീവ്രവാദികളും നുഴഞ്ഞുകയറുന്നുണ്ടെന്നാണ് ഇ യു നേതൃത്വത്തിന്റെ പ്രധാന പരാതി. മറ്റൊന്ന് ഗ്രീസിനെപ്പോലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യങ്ങള്‍ക്ക് അഭയാര്‍ഥികളുടെ ഒഴുക്ക് താങ്ങാനാകില്ലെന്നതാണ്. ഇസ്‌ലാമോഫോബിയയുടെ തലവും ഈ ആശങ്കകള്‍ക്ക് പിന്നിലുണ്ട്. ഹംഗേറിയന്‍ സര്‍ക്കാര്‍ ചെയ്യുന്നതുപോലെ മറ്റുള്ളവര്‍ അത് പുറത്ത് പറയുന്നില്ലെന്നേയുള്ളൂ. വംശശുദ്ധി, യൂറോപ്യന്‍ മൂല്യം, ഭാഷാ ഉത്കൃഷ്ടതാവാദം തുടങ്ങിയ ശാഠ്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ് യൂറോപ്പിനെ ഇപ്പോള്‍ നയിക്കുന്നത്. ഹിറ്റ്‌ലര്‍ ആട്ടിയോടിച്ച ജൂതന്‍മാര്‍ക്ക് ഇടം നല്‍കിയ ഉദാര ജനാധിപത്യത്തിന്റെ യൂറോപ്യന്‍ മാതൃക അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യര്‍ അതിര്‍ത്തി കടന്ന് വരുമ്പോള്‍ മാനവവിഭവശേഷിയാണ് വന്നുചേരുന്നതെന്ന വസ്തുത മറയ്ക്കപ്പെടുന്നു. മിക്ക രാജ്യങ്ങളിലും ശക്തിയാര്‍ജിച്ചു കഴിഞ്ഞ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ അഭയാര്‍ഥി പ്രവാഹത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ ഭരണകൂടങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുന്നു. അയ്‌ലാന്‍ കുര്‍ദിയെന്ന മൂന്ന് വയസ്സുകാരന്‍ തുര്‍ക്കി തീരത്തെ മണലില്‍ മുഖം പൂഴ്ത്തി ഉറങ്ങും പോലെ മരിച്ചുകിടക്കുന്ന ഒറ്റച്ചിത്രമാണ് ഇത്തവണ അഭയാര്‍ഥി പ്രതിസന്ധിയെ ഇത്രമേല്‍ ഹൃദയഭേദകമായി ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ഈ ചിത്രം മാധ്യമങ്ങളില്‍ നിറഞ്ഞതോടെ അയ്‌ലാന്‍ ഒരു പ്രതീകമായി മാറി. ഉറച്ചുപോയ അവബോധങ്ങളെയാകെ ഇളക്കിമറിക്കാന്‍ പോന്ന പ്രതീകം. അതിന് പിറകേ വന്ന രൂക്ഷമായ പ്രതികരണങ്ങളാണ് ജര്‍മനിയെയും ബ്രിട്ടനെയും അമേരിക്കയെയും യു എന്നിനെപ്പോലും കണ്ണുതുറപ്പിച്ചത്.
ജനസാന്ദ്രതക്കുറവും ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യവുമാണ് യൂറോപ്യന്‍ രാജ്യങ്ങളെ അഭയാര്‍ഥികള്‍ക്ക് പഥ്യമാക്കുന്നത്. വിസയോ മറ്റ് രേഖകളോ ഇല്ലാതെ ചെല്ലാമെന്നതാണ് പ്രധാന ആകര്‍ഷണം. സ്വന്തം രാജ്യത്തെയും അയല്‍ രാജ്യങ്ങളിലെയും അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നാണ് ഇവരില്‍ പലരും പലായനം ചെയ്യുന്നത്. സിറിയക്കാരുടെ കാര്യമെടുത്താല്‍ ലബനാനിലും തുര്‍ക്കിയിലുമൊക്കെ അവര്‍ക്ക് വിശാലമായ അഭയാര്‍ഥി ക്യാമ്പുകള്‍ ഉണ്ട്. ഈ ക്യാമ്പുകളില്‍ കഴിയുകയെന്നത് ജയിലില്‍ കഴിയുന്നതിന് സമാനമാണ്. പുതിയ അഭയാര്‍ഥി ക്യാമ്പുകള്‍ തുറക്കുകയോ പുതിയ രക്ഷാ കേന്ദ്രങ്ങള്‍ കണ്ടെത്തുകയോ അതിനായി പണം സ്വരൂപിക്കുകയോ അഭയാര്‍ഥികളെ പങ്കിട്ടെടുക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവുകയോ ചെയ്യുക എന്നതല്ല ഈ പ്രതിസന്ധിയുടെ യഥാര്‍ഥ പരിഹാരം. ഈ മനുഷ്യര്‍ക്ക് സ്വന്തം രാജ്യത്ത് ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടത്. അങ്ങോട്ട് ചിന്തിക്കുമ്പോള്‍ ഇവരെ ഇങ്ങനെ അലയുന്നവരാക്കി മാറ്റിയത് ആരെന്ന ചോദ്യമുയരും. ഇന്ന് ഇസില്‍ സംഘത്തെ മുടിക്കാന്‍ നടക്കുന്നുവെന്ന് പറയുന്ന വന്‍ശക്തികള്‍ തന്നെയാണ് ഇന്നത്തെ സ്ഥിതിവിശേഷത്തിന് ഉത്തരവാദികള്‍. ബശര്‍ അല്‍ അസദിനെ താഴെയിറക്കാനും സംരക്ഷിക്കാനും കരുക്കള്‍ നീക്കിയവരാണ് സിറിയയെ ഇങ്ങനെ അരക്ഷിത ഭൂമിയാക്കി മാറ്റിയത്. അസദിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ സര്‍വ സായുധ ഗ്രൂപ്പുകള്‍ക്കും ആയുധം നല്‍കിയത് അമേരിക്കയും കൂട്ടാളികളുമാണ്. അസദിനെ താങ്ങിനിര്‍ത്താന്‍ ആളും അര്‍ഥവും ആയുധവും ഇറക്കിയത് ഇറാനും റഷ്യയും. പിന്നെ പക്ഷം ചേര്‍ന്ന മറ്റെല്ലാവര്‍ക്കും ഈ ദുരവസ്ഥയില്‍ ഉത്തരവാദിത്വമുണ്ട്. ശിഥിലമാക്കിയ ഇറാഖില്‍ നിന്നാണല്ലോ ഇസില്‍ ഉഗ്രരൂപം പൂണ്ടത്. ഇങ്ങനെ രാജ്യങ്ങളെ അസ്ഥിരമാക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്ത് ദൂരവ്യാപകമായിരിക്കുമെന്നും തീവ്രവാദികളെ രാഷ്ട്രീയ അജന്‍ഡകള്‍ക്ക് തരാതരം ഉപയോഗിക്കുകയും ആയുധം വിതറുകയും ചെയ്യുന്നത് അവസാനിപ്പിക്കാതെ ലോകത്തിന്റെ സ്വാസ്ഥ്യം സാധ്യമല്ലെന്നും വന്‍ ശക്തികള്‍ മനസ്സിലാക്കണം. ഒപ്പം മുല്ലപ്പൂ വിപ്ലവം പോലുള്ള മൂപ്പെത്താത്ത ജനാധിപത്യ ഒച്ചപ്പാടുകള്‍ അധികാര ശൂന്യത സൃഷ്ടിക്കുമെന്നും അത് മിലീഷ്യകളെ വളര്‍ത്തുമെന്നും തിരിച്ചറിയുകയും വേണം.

Latest