Connect with us

National

അമേരിക്കയെയും ചൈനയെയും പിന്‍തള്ളി വ്യോമയാനവളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Published

|

Last Updated

കൊച്ചി: ആഗോള വ്യോമയാന രംഗം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും ഇന്ത്യക്ക് വന്‍നേട്ടം. അമേരിക്കയെയും ചൈനയെയും പിന്‍തള്ളി വ്യോമയാനവളര്‍ച്ച നിരക്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. വിനോദസഞ്ചാര മേഖലയില്‍ രാജ്യത്തിന് ഉണ്ടായിട്ടുള്ള വര്‍ധനവും തൊഴില്‍ നേടാനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി ഇവിടെ നിന്ന് ജനങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതുമാണ് പ്രധാനമായും വ്യോമയാനരംഗത്ത് ഇന്ത്യക്ക് വളര്‍ച്ചയുണ്ടാകാന്‍ കാരണമായിട്ടുള്ളത്.
ആഭ്യന്തര വിനോദസഞ്ചാരമേഖലകളിലും വിദേശത്തുനിന്നും ഇന്ത്യയില്‍ വിനോദസഞ്ചാരത്തിന് എത്തുന്നതും ഇന്ത്യയില്‍ വ്യോമയാനരംഗത്തുള്ള വളര്‍ച്ചക്ക് കാരണമായിട്ടുണ്ട്. ഇതില്‍ കേരളത്തിലെ വിമാനത്താവളങ്ങളിലാണ് രാജ്യത്തിലെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുള്ളത്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷ(അയാട്ട)ന്റെ റിപ്പോര്‍ട്ടിലാണ് അമേരിക്കയെയും ചൈനയെയും പിന്‍തള്ളികൊണ്ട് ഇന്ത്യ ഒന്നാമത് എത്തിയ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഓരോ മാസവും വ്യോമയാനരംഗത്തെ ഓരോ രാജ്യത്തിലെയും പുരോഗതി വ്യക്തമാക്കുന്ന ജൂലൈ മാസം വരെയുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2015 – 2016 സാമ്പത്തിക വര്‍ഷം ആരംഭിച്ച ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളിലെ വ്യോമയാനരംഗത്തെ കണക്കുകളാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യോമയാനരംഗത്ത് ഇന്ത്യയുടെ തൊട്ടുപിന്നിലുള്ള ചൈനയുടെ വളര്‍ച്ച 22 ശതമാനവും ഇന്ത്യയുടെ വളര്‍ച്ച 18. ശതമാനവും ആയിരുന്നു. അതായത് 2014- 2015 സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ചില്‍ വ്യോമയാന രംഗത്തെ വളര്‍ച്ച ചൈനയെക്കാള്‍ നാല് ശതമാനം കുറവായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ച ഏപ്രില്‍ മുതലുള്ള കാലയളവില്‍ വ്യോമയാന രംഗത്ത് ഇന്ത്യക്ക് അസൂയാവഹമായ ഒരു കുതിച്ചുചാട്ടം തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ വ്യോമയാനരംഗത്ത് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 20.7, 18.2, 16.3 എന്നീ ക്രമത്തിലായിരുന്നു.
വ്യോമയാനരംഗത്ത് ഇതുവരെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ചൈനക്ക് യഥാക്രമം 15.7, 12.7, 12.1 എന്നീ ക്രമത്തിലായിരുന്നു വളര്‍ച്ച. ഈ കാലയളവില്‍ ആഗോള വര്‍ച്ചാ ശരാശരി രാജ്യാന്തര മേഖലയില്‍ 5.86 ശതമാനവും ആഭ്യന്തര മേഖലയില്‍ 6.76 ശതമാനവുമായിരുന്നു രാജ്യത്തെ വ്യോമയാനരംഗത്തെ യാത്ര. അതായത് ആഗോള വര്‍ധനവിലെ ശരാശരിയെ അപേക്ഷിച്ച് മൂന്നിരിട്ടിയിലേറെ വര്‍ധനവാണ് ഇന്ത്യക്ക് നേടാനായത്.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യ വ്യോമയാനരംഗത്ത് തുടര്‍ച്ചയായ നേട്ടം കൈവരിക്കുന്നത്. വ്യോമയാനരംഗത്ത് മുന്‍നിരയിലുള്ള ഏഴ് രാജ്യങ്ങളുടെ സര്‍വേ റിപ്പോര്‍ട്ടാണ് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷ(അയാട്ട)ന്റെ റിപ്പോര്‍ട്ടിലാണ് വ്യോമയാനരംഗത്തെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Latest