Connect with us

Sports

യു എസ് ഓപണ്‍: പെന്നെറ്റക്ക് കിരീടം

Published

|

Last Updated

ന്യൂയോര്‍ക്ക്: സെറീന വില്യംസിനെ അട്ടിമറിച്ച റോബര്‍ട്ടോ വിന്‍സിയെ കീഴടക്കി ഇറ്റാലിയന്‍ താരം ഫഌവിയ പെന്നെറ്റ യു എസ് ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. നാട്ടുകാരിയായ വിന്‍സിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പെന്നെറ്റ കീഴടക്കിയത്. സ്‌കോര്‍: 7-6, 6-2.
യു എസ് ഓപണ്‍ ഗ്രാന്‍സ്ലാം ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ സെറീനയെ സെമിയില്‍ കീഴടക്കിയ വിന്‍സിക്ക് ഫൈനലില്‍ ആ മികവ് നിലനിര്‍ത്താനായില്ല. ആദ്യ സെറ്റില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് പെന്നെറ്റ ജയിച്ചത്. എന്നാല്‍ രണ്ടാം സെറ്റ് തികച്ചും ഏകപക്ഷീയമായിരുന്നു. പൊരുതാന്‍ പോലുമാകാതെ വിന്‍സി കീഴടങ്ങി. രണ്ട് തവണ വിന്‍സിയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് പെന്നെറ്റ 4-0ത്തിന്റെ ലീഡ് നേടിയ ശേഷമാണ് വിന്‍സിക്ക് ആദ്യ പോയിന്റ് നേടാന്‍ കഴിഞ്ഞത്.
ലോക റാങ്കിംഗില്‍ 26ാം സ്ഥാനത്തുള്ള പെന്നെറ്റയുടെ ആദ്യ ഗ്രാന്‍സ്‌ലാം കിരീടമാണിത്. ആസ്‌ത്രേലിയന്‍ ഓപണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നതാണ് ഇതിന് മുമ്പത്തെ വലിയ നേട്ടം. യു എസ് ഓപണ്‍ നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും ഈ 33 കാരി സ്വന്തമാക്കി. കിരീട നേട്ടത്തിനു പിന്നാലെ പെന്നെറ്റ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനവും നടത്തി.
ലോക രണ്ടാം നമ്പര്‍ താരം സിമോണ ഹാലപ്പിനെ തോല്‍പ്പിച്ചാണ് പെന്നെറ്റ ഫൈനലിലെത്തിയത്. സ്റ്റെഫിഗ്രാഫിന് ശേഷം ഒരേ വര്‍ഷം എല്ലാ ഗ്രാന്‍സ്ലാമും സ്വന്തമാക്കി കലണ്ടര്‍ സ്ലാം നേട്ടം കൈവരിക്കാമെന്ന സെറീനയുടെ സ്വപ്‌നം തകര്‍ത്താണ് വിന്‍സി ഫൈനലില്‍ കടന്നത്.
കലാശപ്പോരിനെത്തിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയെ സാക്ഷിനിര്‍ത്തിയാണ് പെന്നെറ്റ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു മുമ്പുതന്നെ വിരമിക്കല്‍ തീരുമാനമെടുത്തിരുന്നതായി പെന്നറ്റ പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണിത്. വിരമിക്കാനുള്ള ഏറ്റവും ഉചിതമായ വേദി ഇതുന്നെയാണ്- പെന്നെറ്റ പറഞ്ഞു.

Latest