Connect with us

Sports

മധുരപ്രതികാരം; ഓസീസിന് പരമ്പര

Published

|

Last Updated

മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയിലെ ദയനീയ തോല്‍വിക്ക് കങ്കാരുപ്പടയുടെ മധുരപ്രതികാരം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ആസ്‌ത്രേലിയ കിരീടം ചൂടി. പരമ്പരയിലെ അവസാന മത്സരത്തില്‍ പേസ് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടന മികവില്‍ എട്ട് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് പരമ്പര നേട്ടം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് സമനിലയിലായതോടെയാണ് മത്സരം നിര്‍ണായകമായത്. ഓസീസ് താരം മിച്ചല്‍ മാര്‍ഷാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 138 റണ്‍സിന് പുറത്താക്കിയ ആസ്‌ത്രേലിയ 24.2 ഓവറില്‍ ലക്ഷ്യം മറികടന്നു. ചെറിയ സ്‌കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗ് ആരംഭിച്ച ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ഓപണര്‍ ജെയിംസ് ബേണ്‍സ് (പൂജ്യം ) പുറത്ത്. വില്ലെയുടെ പന്തില്‍ ബ്രിസ്റ്റോക്ക് ക്യാച്ച്. പിന്നാലെ 12 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ആരോണ്‍ ഫിഞ്ചും ജോര്‍ജ് ബെയ്‌ലിയും ചേര്‍ന്ന് ഓസീസിനെ വിജയ തീരത്തെത്തിക്കുകയായിരുന്നു.
മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 109 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി. 64 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സും പറത്തി 70 റണ്‍സ് നേടിയ ഫിഞ്ചായിരുന്നു ഏറ്റവും അപകടകാരി. ബെയ്‌ലി 41 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഓസീസ് വരിഞ്ഞുമുറുക്കി. മിച്ചല്‍ മാര്‍ഷിന്റെയും ജോണ്‍ ഹാസ്റ്റിംഗിന്റെയും പന്തുകള്‍ക്ക് മുന്നില്‍ പതറിപ്പോയ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിന് പുറകെ ഒന്നായി കൂടാരം കയറിയപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 33 ഓവറില്‍ 138ല്‍ അവസാനിച്ചു.
മാര്‍ഷ് നാലും ഹാസ്റ്റിംഗ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഓപണര്‍മാരായ ജേസണ്‍ റോയ്, അലക്‌സ് ഹെയ്ല്‍സ് എന്നിവര്‍ നാല് റണ്‍സ് വീതമെടുത്ത് പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ട ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ കളം വിടുകയും ചെയ്തതോടെ ഇംഗ്ലണ്ട് കൂടുതല്‍ തകര്‍ച്ചയിലേക്ക് പതിച്ചു. ആറ് വിക്കറ്റിന് 72 എന്ന ദയനീയ നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ അവര്‍. 42 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സും 35 റണ്‍സെടുത്ത ആദില്‍ റാഷിദും ചേര്‍ന്നാണ് സ്‌കോര്‍ നൂറ് കടത്തിയത്. മറ്റാര്‍ക്കും തിളങ്ങാനായില്ല.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ആസ്‌ത്രേലിയ ജയിച്ചു. എന്നാല്‍ അടുത്ത രണ്ട് മത്സരങ്ങളില്‍ വിജയിച്ച് ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവന്നു. തുടര്‍ന്ന് അവസാന മത്സരം നിര്‍ണായകമായിത്തീര്‍ന്നു.

---- facebook comment plugin here -----

Latest