Connect with us

Kozhikode

ഇന്ധനവില കുറഞ്ഞിട്ടും കുറയാതെ ബസ് ചാര്‍ജ്

Published

|

Last Updated

കോഴിക്കോട്: ഇന്ധനവില കുറഞ്ഞിട്ടും സംസ്ഥാനത്ത് മാറ്റങ്ങളില്ലാതെ ബസ് ചാര്‍ജ്. 2014ല്‍ 64 രൂപയുണ്ടായിരുന്ന ഡീസലിന് തുടര്‍ച്ചയായുണ്ടായ ക്രൂഡോയില്‍ വില ഇടിവില്‍ ഡീസലിന്റെ വില കുറഞ്ഞ് ഇപ്പോള്‍ 48 രൂപയിലെത്തിയിരിക്കുകയാണ്. ആകെ 16 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. എന്നാല്‍ വില കുറഞ്ഞതിന്റെ ആനുകൂല്യം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നില്ല. ഡീസല്‍ വില കൂടിയതിനെ തുടര്‍ന്ന് ഉയര്‍ത്തിയ ചാര്‍ജജ് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. ഇതുകൊണ്ട് തന്നെ സര്‍ക്കാര്‍ സ്വകാര്യബസ് ലോബികളെ സഹായിക്കുകയാണെന്ന ആരോപണം ശക്തമാവുകയാണ്. മാത്രമല്ല ഗതാഗതവകുപ്പ് ഡീസല്‍ വില കുറയുന്നത് അറിയുന്നേയില്ല. ഡീസല്‍ വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് മുന്‍പ് ബസ് ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ചിരുന്നത്.
അതേസമയം ബസുകളില്‍ ഡീസല്‍ ചെലവ് 40 ശതമാനം മാത്രമേ വരുന്നുളളൂവെന്നും മറ്റു ചെലവുകളാണ് 60 ശതമാനമെന്നും അതുകൊണ്ട് തന്നെ ഡീസല്‍ വില കുറഞ്ഞതുകൊണ്ട് ബസ് ചാര്‍ജ്ജ് കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ഗോപിനാഥ് പറഞ്ഞു. ഡീസല്‍ വിലക്കയറ്റമാണ് തങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന ്പറയാറുളള ബസുടമകള്‍ പുതിയ വാദവുമായാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
അതേസമയം കെ എസ് ആര്‍ ടി സി പ്രതിദിനം 4.5 ലക്ഷം ലിറ്റര്‍ ഡീസലാണ് ഉപയോഗിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ധനവില കുറഞ്ഞതോടെ ദിവസേന 65ലക്ഷം രൂപയാണ് കെ എസ് ആര്‍ ടി സിക്ക് ലാഭം കിട്ടുന്നതെന്ന് അവര്‍ തന്നെ സമ്മതിക്കുമ്പോള്‍ സ്വകാര്യബസുകള്‍ ഈക്കാര്യം മിണ്ടുന്നേയില്ല.
റോഡുകളില്‍ കുഴികള്‍ കുറഞ്ഞതിനാലും കൂടുതല്‍ ഇന്ധനക്ഷമതയുളള വാഹനങ്ങള്‍ പുറത്തിറങ്ങുകയും ചെയ്തതിനാല്‍ നിരക്കുകുറച്ചാലും സ്വകാര്യ ബസ് സര്‍വ്വീസ് ലാഭകരമാകുമെന്ന് പൊതുഗതാഗത സംരക്ഷണ സമിതിക്കാര്‍ പറയുന്നു. മിനിമം ബസ് ചാര്‍ജ്ജ് അഞ്ച് രൂപയാക്കണമെന്നാണ് ഉയരുന്ന ആവശ്യം. വില കൂട്ടുന്നതുപോലെ തന്നെ കുറയ്ക്കുന്നതിലും സര്‍ക്കാര്‍ ഇടപ്പെടണം. സര്‍ക്കാറിന്റെ മൗനം ജനങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്.
അതേസമയം തൊഴിലാളികളുടെ കൂലി, സ്‌പെയര്‍ പാര്‍ട്‌സ്, ഇന്‍ഷൂറന്‍സ്, ടയര്‍ തുടങ്ങിയവയെല്ലാമാണ് ബസിന്റെ 60 ശതമാനത്തില്‍ വരുന്ന ചെലവുകള്‍. മാത്രമല്ല തൊഴിലാളികളുടെ ശമ്പളം നൂറ് ശതമാനം വര്‍ധിച്ചുവെന്നും ഇതുകൊണ്ട് തന്നെ ഡീസല്‍ വില കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇത് നിരക്ക് കുറയ്ക്കാന്‍ കഴിയില്ലെന്നും ബസുടമകള്‍ പറയുന്നു. ഡീസല്‍ വില വര്‍ധിപ്പിക്കുമ്പോള്‍ ബസ്ചാര്‍ജ്ജ് വര്‍ധിപ്പിച്ചിട്ടില്ല, ഡീസല്‍ വില നിരക്ക് വര്‍ധനയുടെ മാനദണ്ഢമല്ലെന്നുമാണ് ബസുടമകളുടെ സംഘടന പറയുന്നത്. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ പറയുന്നില്ലെന്നും കഴിഞ്ഞ തവണയും ഇതേ വിഷയം ചര്‍ച്ചയായപ്പോള്‍ വീണ്ടും ഇത് പഠിച്ച നല്‍കിയ റിപ്പോര്‍ട്ടില്‍ ബസ് ചാര്‍ജ്ജ് കുറയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് പറഞ്ഞത്. 55 രൂപയുളളപ്പോഴാണ് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചതെന്നും ഡീസലല്ലാത്ത അനുബന്ധചെലവുകള്‍ ഭീമമാണെന്നും ഇത്‌കൊണ്ട് തന്നെ ബസ് ചാര്‍ജ്ജ് കുറയ്ക്കാന്‍ കഴിയില്ലെന്നുമാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന്‍ പറയുന്നത്.
ട്രെയിനുകളിലും ടൂവിലറുകളിലും സഞ്ചരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ബസുകളില്‍ കയറുന്നവരുടെ എണ്ണം 30 ശതമാനം കുറഞ്ഞിട്ടുണ്ടെന്നുമാണ് ബസുടമകള്‍ നിരത്തുന്ന ന്യായങ്ങള്‍. ചാര്‍ജ്ജ് കുറയ്ക്കുന്ന നടപടി ഉണ്ടായാല്‍ ബസുകള്‍ക്ക് ഓടാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.
2014ല്‍ ഇന്ധനവില ഉയര്‍ന്നപ്പോള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസുടമകള്‍ മുറവിളികൂട്ടി. നിരക്ക് കൂട്ടിയില്ലെങ്കില്‍ വ്യവസായം തകരുമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് യാത്രനിരക്ക് കുത്തനെകൂട്ടി. മിനിമം ബസ് ചാര്‍ജ്ജ് 7 രൂപയാക്കി. കിലോമീറ്റര്‍ ചാര്‍ജ്ജ് 64 പൈസയുമാക്കി വര്‍ധിപ്പിച്ചു.എന്നാല്‍ പത്ത് കിലോ മീറ്റര്‍ സഞ്ചരിക്കുന്നവര്‍ ഇപ്പോഴും നല്‍കേണ്ടിവരുന്നത് പത്ത് രൂപയാണ്, ആറു രൂപയല്ല ഇത്തരത്തിലുളള അനീതികളും സ്വകാര്യ ബസില്‍ നടക്കുന്നുണ്ട്. സ്വകാര്യബസുടമകള്‍ നഷ്ടകണക്കുകളാണ് നിരത്തുന്നത്. സര്‍വ്വീസ് ചെലവിനെകുറിച്ചുളള നാറ്റ്പാക്കിന്റെയും ബസുടമകളുടെയും സ്വന്തം കണക്കുകള്‍ വെച്ചാണ് ബസ് കൊളള നടത്തുന്നത്. സര്‍ക്കാര്‍ അധികനികുതി ഈടാക്കുന്നു, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുടങ്ങിയവയും അവര്‍ ആയുധമാക്കുന്നു.
വില കുറഞ്ഞിട്ടും യാത്രനിരക്ക് കുറയ്ക്കുന്നതിന്റെ കാര്യം സര്‍ക്കാര്‍ പരിഗണനയിലില്ല. സര്‍ക്കാര്‍ സ്വകാര്യ ബസുകളെ അനുകൂലിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശകത്മാവുകയാണ്. സ്വകാര്യബസുകളുടെ പെര്‍മിറ്റ് കാലാവധി 15 വര്‍ഷമെന്നുളളത് 20 വര്‍ഷമാക്കി നല്‍കുവാന്‍ പോവുകയുമാണ്. അന്യസംസ്ഥാനങ്ങളിലെല്ലാം ബസ് ചാര്‍ജ്ജ് കുറയ്ക്കുമ്പോഴും സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് കുറയ്ക്കാത്തതിന്റെ സര്‍ക്കാറിന്റെ നിലപാടില്‍ ജനങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാവുകയാണ്. അതേസമയം പ്രധാന രാഷ്ട്രീയപാര്‍ട്ടികളൊന്നും തന്നെ ബസ് ചാര്‍ജ്ജ് കുറയ്ക്കണമെന്നാവശ്യപ്പെടാത്തത് ശ്രദ്ധേയമാണ്.