Connect with us

Malappuram

സന്‍സദ് ആദര്‍ശ യോജന പദ്ധതിയില്‍ കരുളായി പഞ്ചായത്തും

Published

|

Last Updated

നിലമ്പൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ സന്‍സദ് ആദര്‍ശ യോജന പദ്ധതിയില്‍ കരുളായി പഞ്ചായത്തിനെ ഉള്‍പെടുത്തുന്നതിന്റെ പ്രഖ്യാപനം നടത്തി. പി വി അബ്ദുല്‍ വഹാബ് എം പി യാണ് പദ്ധതിയിലേക്ക് കരുളായി പഞ്ചായത്തിനെ നിര്‍ദേശിച്ചത്.
സംസ്ഥാന വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യക്തമായ പ്ലാനുകളില്ലാത്തതാണ് വികസന പദ്ധതികള്‍ പരാജയപ്പെടാന്‍ കാരണമെന്നും മുന്‍ പ്ലാനുകളോടെയുള്ള പദ്ധതികള്‍ക്കേ പൂര്‍ണ ലക്ഷ്യം പ്രാപിക്കാനാവുകയൊള്ളൂവെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ സന്‍സദ് ആദര്‍ശ യോജന പദ്ധതിയില്‍ സംസ്ഥാനത്തിന് പങ്കുണ്ടെന്നും വികസന പദ്ധതികളില്‍ രാഷ്ട്രീയത്തിനതീതമായി സഹകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കരുളായി പഞ്ചായത്തിന്റെ സമ്പൂര്‍ണ വികസനം ലക്ഷ്യമാക്കിയാണ് പദ്ധതിയിലേക്ക് പഞ്ചായത്തിനെ നിര്‍ദേശിച്ചതെന്നും സന്‍സാദ് ആദര്‍ശ യോജന പദ്ധതിയിലൂടെ എല്ലാം നേടാനാവുമെന്ന് കരുതരുതെന്നും പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു. പദ്ധതിക്ക് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ വേണമെന്നും പി വി അബ്ദുല്‍ വഹാബ് എം പി ആവശ്യപ്പെട്ടു. ചടങ്ങില്‍ പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി.
കരുളായി പഞ്ചായത്ത് പ്രസിഡന്റ് ഷീബ പൂഴിക്കുത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കല്കടര്‍ അമിത് മീണ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കക്കോടന്‍ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ മനോജ്, സി ബി വര്‍ഗീസ് സംസാരിച്ചു. പരിപാടിയുടെ മുന്നോടിയായി കരുളായി ടൗണില്‍ വര്‍ണ ശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു.
പി വി അബ്ദുല്‍ വഹാബ് എം പി, പഞ്ചായത്ത് പ്രസിഡന്റ് ഷീബ പൂഴിക്കുത്ത്, വൈസ് പ്രസിഡന്റ് കക്കോടന്‍ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ മനോജ്, സി ബി വര്‍ഗീസ്, പഞ്ചായത്തംഗങ്ങളായ കെ അലി അക്ബര്‍, ടി പി സിദ്ദീഖ്, വസന്തകുമാരി ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

Latest