Connect with us

Wayanad

ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം: ശാസ്ത്രസാഹിത്യപരിഷത്ത്

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ ആരോഗ്യരംഗം നേരിടുന്ന ശോച്യാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസവത്തിനായി ജില്ലാ ആശുപത്രിയില്‍ എത്തിച്ച പാവപ്പെട്ട ആദിവാസി യുവതിക്ക് ആവശ്യമായ ചികിത്സ കിട്ടാതെ പോയതും ജന്മം നല്‍കിയ മൂന്നു കുഞ്ഞുങ്ങളും മരണപ്പെട്ടതും ആയ ദാരുണ സംഭവം അധിക്യതരൂടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
ഡോക്ടര്‍മാരുടേയും അനുബന്ധ ജീവനക്കാരുടേയും ഒഴിവുകള്‍ നികത്താതെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെയും സര്‍ക്കാര്‍ കാണിക്കൂന്ന അനാസ്ഥയാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കപ്പെടുന്നത്.
56 ഡോക്ടര്‍മാരൂടെ തസ്തിക അനൂവദിച്ചിട്ടൂള്ള ജില്ലാ ആശുപത്രിയില്‍ മുപ്പതോളം ഡോക്ടര്‍മാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇവര്‍ക്ക് തന്നെ പല തരത്തിലുള്ള ചികിത്സേതര ചുമതലകള്‍ നിര്‍വഹിക്കാനൂണ്ട്. രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ ലഭ്യമാകൂന്നത് വിരലിലെണ്ണാവുന്ന ഡോക്റ്റര്‍മാര്‍ മാത്രമാണ്. അഞ്ച് ഡോക്ടര്‍മാര്‍ ഉണ്ടാവേണ്ട ഗൈനക്കോളജി വിഭാഗത്തില്‍ ഇപ്പോള്‍ ഒരാളുടെ സേവനമാണ് ലഭ്യമായിട്ടുള്ളത് എന്നിരിക്കെ ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കവുന്നതേയുള്ളു. അത്യാഹിത വിഭാഗത്തിലെ സ്ഥിതിയും ഇതു തന്നെ. അഞ്ച് വേണ്ടിടത്ത് ഇപ്പോള്‍ ഒരാള്‍ മാത്രമാണൂള്ളത്.
272 കിടക്കകളുള്ള ജില്ലാ ആശുപത്രിയില്‍ മിക്ക ദിവസങ്ങളിലും 500 നടുത്ത് രോഗികള്‍ക്ക് കിടത്തി ചികില്‍സ നല്‍കി വരുന്നുണ്ട്. ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സ്റ്റാഫ് പാറ്റേണ്‍ ഉണ്ടാക്കിയിരിക്കുന്നത് ഈ 272 കിടപ്പു രോഗികളെ കണക്കിലെടുത്തു കൊണ്ടാണ്. അതിലാണ് പകുതിയോളം ഒഴിഞ്ഞു കിടക്കുന്നത്.
നിലവിലുള്ള ഒഴിവുകള്‍ എല്ലാം നികത്തിയാലും അവിടെ എത്തുന്ന രോഗികള്‍ക്ക് വേണ്ടത്ര പരിചരണം കൊടുക്കാന്‍ കഴിയില്ല എന്നിരിക്കെ ഈ അനാസ്ഥ വച്ചു പൊറുപ്പിക്കാവുന്നതല്ല.
ഇപ്പോഴത്തെ അവസ്ഥയില്‍ 80 ലധികം ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും നിയോഗിച്ചാല്‍ മാത്രമേ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ കഴിയൂ.
ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളോട് സര്‍ക്കാരും പൊതു സമൂഹവും കാണിക്കുന്ന അവഗണന അവസാനിപ്പിക്കേണ്ടതുണ്ട്. ഇതേ പ്രശ്‌നം മധ്യവര്‍ഗ്ഗ സമൂഹത്തിലെ ആര്‍ക്കെങ്കിലും ആണ് നേരിടേണ്ടി വന്നത് എങ്കില്‍ ഉണ്ടാകുമായിരുന്ന സമര കോലാഹലങ്ങള്‍ ഊഹിക്കാവുന്നതെയുള്ളു. ആദിവാസി ജനസംഖ്യ കൂടുതലുള്ള ജില്ല എന്ന നിലയില്‍ സര്‍ക്കാര്‍ ആശുപ്ത്രികളുടെ സേവനം മറ്റ് ജില്ലകളേക്കാള്‍ കൂടുതല്‍ പരിഗണന വയനാട് പോലുള്ള ജില്ലകള്‍ക്ക് നല്‍കേണ്ടതുണ്ട് എന്നിരിക്കെ ഒരു പരിഗണനയും നല്‍കാതെ അവഗണിക്കുന്ന ഈ സമീപനം മാറ്റിയേ തീരൂ എന്നൂം ഇതിനായി ബഹജന സമ്മര്‍ദ്ദം ഉയര്‍ത്തി കൊണ്ടു വരേണ്ടതുണ്ടെന്നും പരിഷത് ജില്ലാ കമ്മിറ്റി വിലയിരൂത്തി.
ജില്ല പ്രസിഡന്റ് പി സി ജോണ്‍ അധ്യക്ഷത വഹിച്ചു. കെ കെ സുരേഷ്‌കൂമാര്‍,കെ ബാലഗോപാലന്‍, പി ആര്‍ മധുസൂധനന്‍, കെ. ടി ശ്രീവല്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.