Connect with us

Gulf

അത്യാഹിത നമ്പര്‍ അടിയന്തിര ഘട്ടങ്ങളില്‍ മാത്രം

Published

|

Last Updated

ഷാര്‍ജ: അത്യാഹിത നമ്പര്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഷാര്‍ജ പോലീസ്. പലരും 999 ലേക്ക് വിളിച്ച് നിസാര ആവശ്യങ്ങളാണ് പറയുന്നത്. ഒരു സ്ത്രീ 999 ലേക്ക് വിളിച്ചിട്ട് അവരുടെ തത്ത അടുത്ത വീട്ടിലേക്ക് പറന്നുപോയെന്നും അതിനെ തിരിച്ചുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. മറ്റൊരാള്‍ അയാളെഴുതിയ പുതിയ കവിത കേള്‍പ്പിക്കാനാണ് വിളിച്ചത്. ഇത്തരത്തില്‍ ധാരാളം പേരാണ് എമര്‍ജന്‍സി നമ്പര്‍ ദുരുപയോഗം ചെയ്യുന്നത്.
അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായാണ് എമര്‍ജന്‍സി നമ്പരിലേക്ക് പലരും വിളിക്കുന്നത്. അടിയന്തിര സാഹചര്യമുള്ളവരെ സഹായിക്കുന്നതിനാണ് എമര്‍ജന്‍സി നമ്പറെന്ന് ജനങ്ങള്‍ മനസിലാക്കണമെന്ന് ഷാര്‍ജ പോലീസ് വകുപ്പിലെ കണ്‍ട്രോള്‍ റൂം ഡയറക്ടര്‍ ലഫ്. കേണല്‍. ജസീം ബിന്‍ ഹദ അറിയിച്ചു. വാഹനാപകടം, ഹൃദയാഘാതം, തീപിടുത്തം തുടങ്ങി അടിയന്തിര സാഹചര്യത്തിലാകണം 999 ലേക്ക് വിളിക്കേണ്ടത്.
പൊതു അന്വേഷണത്തിനായി ഫോണ്‍ ഹോള്‍ഡ് ചെയ്യുന്ന സമയത്ത് അടിയന്തിര ആവശ്യത്തിനായി വിളിക്കുന്നവര്‍ക്ക് സഹായം എത്തില്ല. അതിനാല്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ആദ്യ പകുതിയില്‍ 280, 312 കോളുകളാണ് 999 ലേക്ക് വന്നത്. ഇതില്‍ 181, 370 കോളുകളും നിസാരമായ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനായിരുന്നു. 999 നമ്പര്‍ എമര്‍ജന്‍സിക്കും 901 പരാതികളും നിര്‍ദേശങ്ങളും അറിയിക്കാനുമാണ്.

Latest