Connect with us

Kerala

പ്രാദേശിക തലത്തില്‍ കുറുമുന്നണികള്‍ക്ക് സി പി എം

Published

|

Last Updated

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ചെറു കക്ഷികളുമായി കൂട്ടുകൂടാന്‍ സി പി എം ശ്രമം. തങ്ങള്‍ക്ക് സ്വാധീനം കുറഞ്ഞ പഞ്ചായത്തുകളില്‍ അധികാരം പിടിക്കാന്‍ വേണ്ടി മുന്നണിയുമായി ബന്ധമില്ലാത്ത പാര്‍ട്ടികളെയാണ് സി പി എം നോട്ടമിടുന്നത്. ആം ആദ്മി പാര്‍ട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി, ജെ എസ് എസ്, പി ഡി പി, ഐ എന്‍ എല്‍ പാര്‍ട്ടികളുമായി ഇതിനകം സി പി എം നേതൃത്വം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഭരണം നിലനിര്‍ത്താന്‍ ആരുമായും കൂട്ടുകൂടുമെന്ന 1969ലെ ഇ എം എസിന്റെ പ്രസ്താവനക്ക് ചൂട്ടുപിടിച്ചാണ് സി പി എം ഇങ്ങനെയൊരു രംഗപ്രവേശം നടത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രാദേശിക കൂട്ടുകെട്ടല്ലാതെ മുന്നണി പ്രവേശം നല്‍കുകയില്ല. ഇക്കാര്യം പിണറായി വിജയന്‍ ഇന്നലെ കൊല്ലത്ത് ശരിവെക്കുകയും ചെയ്തു.
2000ത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ ഏറനാട്, വള്ളുവനാട് മേഖലകളിലെ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ വേണ്ടി മുസ്‌ലിം ലീഗുമായി കൂട്ടുചേര്‍ന്ന് സി പി എം അധികാരം പങ്കിട്ടിരുന്നു. അതിന് ഇരു പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കും ഏറെ പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അത് ഒഴിവാക്കാനാണ് പ്രാദേശിക തലത്തില്‍ ചെറുപാര്‍ട്ടികളുമായി കൂട്ടുകൂടാന്‍ സി പി എമ്മിന്റെ തീരുമാനം. ഇതാകട്ടെ, സംസ്ഥാനതലത്തില്‍ ചര്‍ച്ചയാവുകയുമില്ല. പഞ്ചായത്തുകളില്‍ ചെറുപാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യം നല്‍കി അധികാരം പങ്കുവെക്കാനാണ് സി പി എം ശ്രമം. ഇതോടൊപ്പം ബ്ലോക്ക്, ജില്ലാ തലങ്ങളിലും ചെറു പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുകയും ചെയ്യും. ആറ് മാസത്തിനകം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
മലപ്പുറം ജില്ലയെയാണ് പാര്‍ട്ടി കൂടുതലായും നോട്ടമിടുന്നത്. ഇവിടെ എണ്‍പത് ശതമാനം പഞ്ചായത്തും ഭരിക്കുന്നത് യു ഡി എഫാണ്. പ്രദേശിക കൂട്ടുകെട്ടോടെ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് നേടാനാകുമെന്നാണ് സി പി എം കണക്കുകൂട്ടല്‍. മാത്രമല്ല, എക്കാലവും മലപ്പുറം ജില്ലാ പഞ്ചായത്തില്‍ രണ്ട് സീറ്റില്‍ തൃപ്തിപ്പെടുന്ന പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനും സാധിക്കും. ജില്ലയിലെ കീഴക്കന്‍ എറനാടന്‍ പഞ്ചായത്തുകളില്‍ മുസ്‌ലിം ലീഗ്- കോണ്‍ഗ്രസ് പോര്‍വിളി ആരംഭിച്ചിട്ടുണ്ട്. ഇതും ഇത്തരം കൂട്ടുകെട്ടുകള്‍ക്ക് സഹായമാകുമെന്നാണ് സി പി എം കണക്കുകൂട്ടല്‍. മലപ്പുറം ജില്ല വിഭജിക്കണമെന്ന ജില്ലാ പഞ്ചായത്ത് പ്രമേയത്തെ ശക്തമായി സി പി എം എതിര്‍ക്കുന്നുണ്ട്. ജില്ലയുടെ വളര്‍ച്ചാ മുരടിപ്പിന് കാരണം ലീഗാണെന്നാണ് സി പി എം നേതാവ് ടി കെ ഹംസ അഭിപ്രായപ്പെട്ടത്. ജനസംഖ്യാ ആനുപാതികമായി വികസനം ജില്ലയില്‍ എത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വം ലീഗുമായി പലകാര്യങ്ങളിലും പൊരുത്തപ്പെടുന്നില്ല. വണ്ടൂര്‍, പോരൂര്‍, കാളികാവ്, വള്ളിക്കുന്ന് പഞ്ചായത്തുകളിലാണ് വാഗ്വാദങ്ങള്‍ അധികം നടക്കുന്നത്. ലീഗിന്റെ ജില്ലാ പഞ്ചായത്ത് പ്രമേയത്തില്‍ കൊണ്ടുവന്ന ജില്ലാ വിഭജന പ്രമേയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയായിരുന്നു.