Connect with us

Kerala

ഡോക്ടര്‍മാര്‍ 17 മുതല്‍ സമ്പൂര്‍ണ നിസ്സഹകരണ സമരത്തിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാറും സമര സമിതിയും നിലപാടുകളില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതോടെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ഒത്തുതീര്‍പ്പാകാതെ നീളുന്ന സമരം മൂലം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. ആറാം ദിവസമായ ഇന്നലെ മുതല്‍ ക്യാമ്പ് ഡ്യൂട്ടികളും വി ഐ പി ഡ്യൂട്ടികളും ബഹിഷ്‌കരിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ സമ്പൂര്‍ണ നിസ്സഹകരണ സമരവും കെ ജി എം ഒ എ പ്രഖ്യാപിച്ചു.
അതേസമയം, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. നോട്ടീസ് നല്‍കാതെയാണ് ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ ആരോഗ്യ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, 17 മുതല്‍ നിസ്സഹകരണ സമരത്തിന് കെ ജി എം ഒ എയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടില്ല. എല്ലാ ജില്ലകളിലെയും സ്ഥിതിഗതികള്‍ കൃത്യമായി സര്‍ക്കാറിനു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനവങ്ങള്‍ തടസ്സപ്പെട്ടാല്‍ സര്‍ക്കാര്‍തലത്തിലാണ് നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ക്യത്യമായി നോട്ടീസ് നല്‍കിയാണ് ഒമ്പത് മുതല്‍ നിരാഹാര സമരം ആരംഭിച്ചതെന്ന് കെ ജി എം ഒ എ ജനറല്‍ സെക്രട്ടറി ഡോ. ജോസഫ് ചാക്കോ പറഞ്ഞു. ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് സമരം നടക്കുന്നത്. സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതികരണമായാണ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തതെന്നും ഡോ. ജോസഫ് ചാക്കോ പറഞ്ഞു. അവതാളത്തിലായ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കെ ജി എം ഒ എ പ്രസിഡന്റ് ഡോ. പ്രമീളാ ദേവി ആവശ്യപ്പെട്ടു. ജനാധിപത്യരീതിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ എസ്മ പ്രയോഗിക്കുമെന്ന വകുപ്പ് മന്ത്രിയുടെ പ്രസ്താവന ധാര്‍ഷ്ട്യമാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍, സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിയ അവസ്ഥയിലാണ്. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ രോഗികള്‍ മതിയായ ചികിത്സ ലഭിക്കാതെ ദുരിതത്തിലാണ്. ശസ്ത്രക്രിയകള്‍ പലതും മുടങ്ങി. പേവാര്‍ഡ് അനുവദിക്കുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്. രോഗികളെ ബുദ്ധിമുട്ടിച്ച് ഇത്തരത്തില്‍ സമരം നടത്തുന്നനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
അതേസമയം, കെ ജി എം ഒ എ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന റിലേ സത്യാഗ്രഹം ഇന്നലെ നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ. കേശവനുണ്ണിയും സംസ്ഥാന സമിതിയംഗം ഡോ. സാബു സുഗതനും ഏറ്റെടുത്തു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഈ മാസം ഒമ്പത് മുതലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

Latest