Connect with us

Kozhikode

മാനാഞ്ചിറ- വെള്ളിമാട്കുന്ന് നാല് വരിപ്പാത യാഥാര്‍ഥ്യമാക്കണമെന്ന്

Published

|

Last Updated

കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാട് കുന്ന് റോഡ് നാല് വരിപ്പാത യാഥാര്‍ഥ്യമാകുന്നതു സംബന്ധിച്ച് ഗൂഡാലോചന പുറത്തുവരുന്ന സാഹചര്യത്തില്‍ മന്ത്രി എം കെ മുനീറും, പ്രദീപ്കുമാര്‍ എം എല്‍ എയും, എം കെ രാഘവന്‍ എം പിയും, മേയര്‍ എ ക പ്രേമജവും നിലപാട് വ്യക്തമാക്കണമെന്ന് മാനാഞ്ചിറവെള്ളിമാടുക്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എം ജി എസ് നാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റോഡ് യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രക്ഷോബം തുടങ്ങും. റോഡ് യാഥാര്‍ഥ്യമായാല്‍ മാനാഞ്ചിറയില്‍ നിന്നും വെള്ളിമാട്കുന്നിലേക്കും മലാപ്പറമ്പ് ബൈപ്പാസിലേക്കുമുള്ള യാത്ര വളരെ എളുപ്പമാകും. നഗര പാതാ വികസന പദ്ധതിയില്‍ ഈ റോഡിനെ ഏഴാം സ്ഥാനത്തേക്ക് തള്ളി അവഗണിച്ചിരിക്കുകയാണ്. നഗരത്തിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ എന്‍ എച്ച് 766ന്റെ ഭാഗമായ ഈ റോഡിന്റെ വികസനം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ നടത്തിയ ഗൂഡാലോചന ഇന്നും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2008- 09 ലെ സംസ്ഥാന ബജറ്റിലാണ് ഈ റോഡ് നാലുവരിപാതയാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
എന്നാല്‍ റോഡിന്റെ വികസനത്തിന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 25 കോടി രൂപ അനുവദിക്കുകയും മലാപറമ്പ് ജംക്ഷനില്‍ 36 കടകള്‍ ഒഴിപ്പിച്ച് ഏതാനും സ്ഥലം അക്വയര്‍ ചെയ്യുകയും ചെയ്തിരുന്നു. മാനാഞ്ചിറ മുതല്‍ വെള്ളിമാട്കുന്ന് വരെ എട്ടര കിലോമീറ്ററാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. ഇതില്‍ 750ഓളം വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് സ്ഥലം ഏറ്റെടുക്കാനുള്ളത്.
മലാപ്പറമ്പ് സ്‌കൂള്‍ മുതല്‍ മലാപ്പറമ്പ് ജംക്ഷന്‍ വരെ റോഡ് നിര്‍മിക്കാനാവശ്യമായ സ്ഥലം ഏറ്റെടുക്കലും കടകള്‍ ഒഴിപ്പിക്കുന്ന ജോലിയുമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇതിനായി മലാപ്പറമ്പ് ഭാഗത്തെ മിക്ക കടകളും ഒഴിഞ്ഞു കൊടുത്തിരുന്നു. 555 ഭൂവുടമകളില്‍ 420 പേര്‍ സമ്മതപത്രം നല്‍കിയിട്ടുമുണ്ട്. ഫോര്‍ വണ്‍ നോട്ടിഫിക്കേഷന്റെയും കരട് വിജ്ഞാപനത്തിന്റെയും കാലാവധി അവസാനിച്ചിട്ടും ഈ പദ്ധതി റദ്ദുചെയ്യണമെന്ന ചില ഭൂവുടമകളുടെ റിട്ട് ഹരജി ഹൈക്കോടതി തള്ളി പദ്ധതി മുന്നോട്ട് കൊണ്ടുപോവാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27ന് കോഴിക്കോട്ടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഈ റോഡ് പ്രത്യേക സ്‌കീമില്‍ ഉള്‍പെടുത്തി വികസിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മെയ് 15ന് രണ്ടാം ഗഡുവായി 25 കോടി രൂപ ഉടനെ നല്‍കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിരുന്നെങ്കിലും വളരെ വൈകി 10 കോടി രൂപ മാത്രമാണ് അനുവദിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഈ റോഡിലും അനുബന്ധ റോഡുകളിലും നടന്ന വാഹനാപകടങ്ങളിലായി 90ഓളം പേര്‍ മരിക്കുകയും 600ല്‍ ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.നിരവധി തവണ വാഗ്ദാനങ്ങള്‍ നല്‍കി അവ ലംഘിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രക്ഷോഭമല്ലാതെ മറ്റു മാര്‍ഗമില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

Latest