Connect with us

Wayanad

മന്ത്രി മഞ്ഞളാംകുഴിയുടെ പ്രസ്താവനക്കെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ കെട്ടിട നിര്‍മാണ നിയന്ത്രണ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രി മഞ്ഞളാംകുഴി അലിക്ക് അധികാരമില്ലെന്ന് വയനാട് പ്രകൃതി സംരക്ഷണസമിതി പ്രസിഡന്റ് എന്‍ ബാദുഷ,സെക്രട്ടറി തോമസ് അമ്പലവയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റദ്ദാക്കിയാല്‍ കോടതിയില്‍ ചോദ്യംചെയ്യും. വയനാടിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള കാശ്മീര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ സമീപകാലത്ത് ഉണ്ടായ അതിദാരുണമായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കുന്നുകള്‍ ഇടിച്ചും ചതുപ്പുകള്‍ നികത്തിയും അരുവികള്‍ ബന്ധിച്ചും വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന അനിയന്ത്രിതമായ കെട്ടിട നിര്‍മ്മാണങ്ങളെ നിയന്ത്രിച്ചുജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാനോ മരവിപ്പിക്കാനോ മന്ത്രി മഞ്ഞളാംകുഴി അലിക്ക് യാതൊരു അധികാരവുമില്ല. ഈ ഉത്തരവ് റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്താല്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പ്രകൃതി സംരക്ഷണസമിതി തയ്യാറാകും.
തനിക്ക് യാതൊരു അധികാരവുമില്ലാത്ത കാര്യത്തില്‍ ഇടപെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും സത്യപ്രതിജ്ഞാലംഘനം നടത്തുകയും ചെയ്ത മന്ത്രി പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം.
ആദിവാസികളും തോട്ടം തൊഴിലാളികളും ചെറുകിട കര്‍ഷകരുമായ എട്ട് ലക്ഷത്തോളം വരുന്ന മനുഷ്യരുടെ കുടിവെള്ളവും പ്രാണവായുവും ജീവിതോപാധികളും ഉന്മലനം ചെയ്ത് വയനാടിനെ മരുഭൂമിയാക്കാനും പ്രകൃതി ദുരന്തത്തിലേക്ക് തള്ളിവിടുവാനുമുള്ള ആരാച്ചാര്‍മാരായി മന്ത്രിയും അധികാരികളും അധഃപ്പതിക്കുന്നത് ഖേദകരമാണ്.
വയനാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, എം പിയും, എം എല്‍ എമാരും മറ്റു ജനപ്രതിനിധികളും, സാമൂഹ്യ സംഘടനകളും ഈ ഉത്തരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
വയനാട്ടില്‍ ഇത്രയധികം രാഷ്ട്രീയ-സാമൂഹ്യസമവായമുണ്ടായ മറ്റൊരു ഉത്തരവുണ്ടായിട്ടില്ല. വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രകൃതിധ്വംസനങ്ങളില്‍ അശാസ്ത്രീയ കെട്ടിട നിര്‍മ്മാണമാണ് ഒന്നാം സ്ഥാനത്തുള്ളത്. ഒരു ചെറുസംഘം ആദ്യം ഇതിനെ എതിര്‍ത്തിരുന്നെങ്കിലും ജനവികാരം മാനിച്ച് അവരും നിലപാട് മാറ്റുകയുണ്ടായി. വയനാട്ടില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ട ഈ ഉത്തരവിനെ വിവാദത്തില്‍ കുരുക്കി തിരുവനന്തപുരത്തെത്തിച്ച് അവിടെവെച്ച് ശിരച്ഛേദം നടത്താനുള്ള കെട്ടിടനിര്‍മ്മാണ മാഫിയകളുടെ ഒളി അജണ്ട നടപ്പാക്കുകയാണ് മന്ത്രി മഞ്ഞളാംകുഴി അലിയെന്നും അവര്‍ ആരോപിച്ചു.
വയനാടും വയനാട്ടിലെ ജനങ്ങളും എവിടെപ്പോയി തുലഞ്ഞാലും തങ്ങള്‍ക്ക് പണ സമ്പാദനം നടത്തണമെന്ന് ശഠിക്കുന്ന മാതൃഹത്യ നടത്താന്‍ മടിയില്ലാത്ത വിരലിലെണ്ണാവുന്ന രാജ്യദ്രോഹികളുടെ ദുഷ്ടലാക്കിനെതിരെ ശക്തായി പ്രതികരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest