Connect with us

Malappuram

പുതിയ ഒറ്റ രൂപ കറന്‍സിക്കൊപ്പം പുറത്തിറങ്ങിയ സ്റ്റാര്‍ കറന്‍സി കൗതുകമാകുന്നു

Published

|

Last Updated

മഞ്ചേരി: നാസിക്കിലെ കമ്മട്ടത്തില്‍ റിസര്‍വ്വ് ബേങ്ക് അച്ചടിക്കുന്ന നോട്ടുകളില്‍ പാക പിഴവുകള്‍ വന്ന കറന്‍സികള്‍ അധികൃതര്‍ മാറ്റിവെക്കാറുണ്ട്. പിന്നീട് ഇതേ നമ്പരില്‍ പുതുതായി അച്ചടിക്കുന്ന നോട്ടുകളില്‍ നക്ഷത്ര ചിഹ്നം മുദ്രണം ചെയ്യും. നമ്പറുകള്‍ക്കിടയില്‍ ഇത്തരത്തില്‍ നക്ഷത്രം മുദ്രണം ചെയ്ത നോട്ടുകള്‍ക്കാണ് സ്റ്റാര്‍ നോട്ടുകള്‍ എന്നു പറയുന്നത്. സാധാരണ ഗതിയില്‍ ആദ്യ പ്രിന്റിംഗിന് ശേഷം ഏറെ കഴിഞ്ഞാണ് സ്റ്റാര്‍ നോട്ടുകള്‍ പ്രിന്റ് ചെയ്ത് പുറത്തിറക്കുന്നത്. എന്നാല്‍ 2015ല്‍ പുതുതായി പ്രിന്റ് ചെയ്ത ഒറ്റ രൂപ കറന്‍സി പുറത്തിറങ്ങിയ ഉടന്‍ തന്നെ ഇതിന്റെ സ്റ്റാര്‍ നോട്ട് ഇറങ്ങിയത് കൗതുകമായി.
അപൂര്‍വ നാണയ, സ്റ്റാമ്പ്, കറന്‍സി, പുരാവസ്തു ശേഖരത്തിലൂടെ പ്രശസ്തനായ തൃപ്പനച്ചി മണ്ണിങ്ങച്ചാലി അബ്ദുല്‍ അലിയുടെ ശേഖരത്തിലാണ് ഈ സ്റ്റാര്‍ നോട്ട് ഇടംപിടിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ യോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് നടന്ന യോഗ സംഗമ സ്മാരകമായി സര്‍ക്കാര്‍ പുറത്തിറക്കിയ 10 രൂപ നാണയവും തൃപ്പനച്ചി എ യുപി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ അബ്ദുല്‍ അലിയുടെ ശേഖരത്തിലെത്തിയിട്ടുണ്ട്.
രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഇറക്കിയ 150 രൂപയുടെ നാണയം, റിസര്‍വ് ബേങ്കിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഇറക്കിയ 75 രൂപയുടെ നാണയം, ഡോ. രാജേന്ദ്ര പ്രസാദിന്റെ 100-ാം ജന്മദിനത്തോടനുബന്ധിച്ച് ഇറക്കിയ 100 രൂപയുടെ നാണയം, 1972-73 കാലങ്ങളില്‍ ഇറക്കിയ 50 രൂപയുടെയും 20 രൂപയുടെയും 10 രൂപയുടെയും നാണയങ്ങളും ശേഖരത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കറന്‍സിയായ റഷ്യയുടെ 1910 ല്‍ ഇറങ്ങിയ കറന്‍സി മുതല്‍, ബ്രസീല്‍, പെറു, അമേരിക്ക, ഉഗാണ്ട, ചൈന തുടങ്ങിയ 150 ല്‍ പരം രാജ്യങ്ങളുടെ കറന്‍സികളും നാണയങ്ങളും ശേഖരണത്തിലുണ്ട്. 1000 രൂപയുടെ ഇന്ത്യന്‍ നാണയമാണ് മറ്റൊരു അപൂര്‍വ്വ ഇനം. നാണയ ശേഖര കുതുകികളുടെ ക്ലബ്ബായ ന്യൂ മിസ്മാറ്റിക്ക് ക്ലബ്ബില്‍ അംഗമായ അബ്ദുല്‍ അലിയെ ക്ലബ്ബും പ്രവാസി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സഹായിക്കുന്നു. ഇക്കഴിഞ്ഞ അഞ്ചിന് ദേശീയ അധ്യാപക ദിനത്തില്‍ മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്റെ 125-ാം ജന്മദിനം പ്രമാണിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ 125 രൂപയുടെ നാണയം ഉടന്‍ ശേഖരത്തില്‍ എത്തുമെന്ന് അബ്ദുല്‍ അലി പറഞ്ഞു. പരേതനായ ഹസ്സന്‍ കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ് അലി. ഭാര്യ കൊട്ടുക്കര പി പി എം എച്ച് എസിലെ അധ്യാപിക ജസീലയാണ്. മക്കള്‍: നജാ ഫാത്തിമ, നഷ ആയിഷ.

Latest