Connect with us

Malappuram

ടാങ്കര്‍ ലോറികളുടെ ശവപ്പറമ്പായി വട്ടപ്പാറ വളവ്

Published

|

Last Updated

വളാഞ്ചേരി: വട്ടപ്പാറയില്‍ ടാങ്കര്‍ ലോറികള്‍ മറിയുന്നത് നിത്യ സംഭവമാകുന്നു. ഭീതിയോടെയാണ് സമീപവാസികള്‍ അന്തിയുറങ്ങുന്നത്. ഇതിനിടെ ചെറുതും വലുതുമായ നൂറോളം അപകടങ്ങളാണ് ഇവിടെ നടന്നത്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓടിയെത്തേണ്ട ഫയര്‍ ഫോഴ്‌സ് മണിക്കൂറുകള്‍ക്ക് ശേഷമാണ് എത്തുന്നത്.
ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ വട്ടപ്പാറയിലെ വളവ് ഇപ്പോള്‍ നിവര്‍ ത്തുമെന്ന് പ്രഖ്യാപനം നടത്തുക മാത്രമാണ് ചെയ്യാറാള്ളുത്. നിരവധി അപകടങ്ങള്‍ക്ക് വട്ടപ്പാറ സാക്ഷിയായി. എന്നാല്‍ വല്ലപ്പോഴും മണ്ഡലത്തില്‍ എത്തുന്ന എം എല്‍ എ വട്ടപ്പാറയില്‍ ഫയര്‍ സ്റ്റേഷന്‍ കെണ്ടുവരുന്നതിനോ അപകടങ്ങള്‍ കുറക്കുന്നതിനോ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല. വട്ടപ്പാറ സെയ്ഫ് സോണായി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ പ്രവര്‍ത്തനം എവിടെയും എത്തിയിട്ടില്ല. വട്ടപ്പാറ വികസനം പേരില്‍ മാത്രം ഒതുങ്ങുമ്പോള്‍ ജനങ്ങള്‍ രോക്ഷത്തിലാണ്. ഒരു നാടു തന്നെ കത്തി ചാമ്പലാകാന്‍ ഒരു ടാങ്കര്‍ ലോറി അപകടം നടന്നാല്‍ മതി. ഓരോ ടാങ്കര്‍ ലോറിയും വട്ടപ്പാറ വഴി കടന്നുപോകുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ തീയാണ്. വട്ടപ്പാറയില്‍ ഉണ്ടായ അപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. അതെ സമയം വട്ടപ്പാറയിലെ അപകടം കുറക്കാന്‍ കഞ്ഞിപ്പുര – മൂടാല്‍ ബൈപ്പാസ് യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ബൈപ്പാസ് പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍വഹിച്ചതാണ്. എന്നാല്‍ ബൈപ്പാസ് ഇന്നും പൊട്ടിപ്പൊളിഞ്ഞ റോഡ് മാത്രമാണ.് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പ്രഖ്യാപനങ്ങള്‍ നടത്തുന്ന ജനപ്രതിനിധികള്‍ കണ്ണു തുറക്കണം. കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ ഇതിന് എല്ലാം പരിഹാരമാവുകയുള്ളൂ. കോട്ടക്കല്‍ മണ്ഡലം എം എല്‍ എ അബ്ദുസമദ് സമദാനി വട്ടപ്പാറയിലെ അപകട സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ടാങ്കര്‍ ലോറികളിലെ ഡ്രൈവര്‍മാര്‍ക്ക് മതിയായ വിശ്രമമില്ല
വളാഞ്ചേരി: ടാങ്കര്‍ ലോറികളിലെ ഡ്രൈവര്‍മാര്‍ക്ക് മതിയായ വിശ്രമം ലഭിക്കുന്നില്ല. ടാങ്കറുകള്‍ നിരത്തിലൂടെ ദിവസങ്ങളോളം യാത്ര ചെയ്യുമ്പോള്‍ ഉറങ്ങാതെ വാഹനം ഓടിക്കുകയാണ് ഡ്രൈവര്‍മാര്‍. 30 മണിക്കൂര്‍ നേരം തുടര്‍ച്ചയായി വാഹനം ഓടിക്കേണ്ടി വരുന്ന അനുഭവത്തെ കുറിച്ച് ഡ്രൈവര്‍മാര്‍ തന്നെ പങ്കുവെക്കുന്നു. ഡ്രൈവര്‍മാര്‍ ഉറങ്ങി പോകുമ്പോഴാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. മതിയായ വിശ്രമം നല്‍കിയതിന് ശേഷം മാത്രമാണ് ഇവര്‍ ടാങ്കര്‍ ലോറികള്‍ ഓടിക്കാന്‍ പാടുകയുള്ളൂവെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത് പാലിക്കപെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട അധികൃതരാണ് ഇപ്പോള്‍ കണ്ണ് അടച്ച് ഉറങ്ങുന്നത്. നൈറ്റ് പട്രോളിംഗിന് ഇറങ്ങുന്ന ഹൈവേ പോലിസിന്റെ വാഹനം റോഡരികില്‍ നിര്‍ത്തി ഉറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഇതെല്ലാം നാട്ടിലെ കാഴ്ച്ചകളായി മാറുമ്പോള്‍ അപകടങ്ങളാണ് തുടര്‍ക്കഥയാകുന്നത്. ടാങ്കര്‍ ലോറികളുടെ ഉള്‍വശം ഒരു വീടിന് സമാനമാണ്. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഇതിലുണ്ട്. വസ്ത്രങ്ങളും പല്ലു തേക്കുന്ന പേസ്റ്റും ഇതില്‍ ഉള്‍പ്പെടും. പാചകം ചെയ്ത് കഴിക്കാനുള്ള പാത്രങ്ങളും സ്റ്റവ്വിന്റെ അടുപ്പും വാഹനത്തിലുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് പലപ്പോഴും ദീര്‍ഘദൂര യാത്രകളാണ് ടാങ്കര്‍ ലോറികളില്‍ പാചക വാതകം എത്തിക്കാന്‍ വേണ്ടി വരുന്നത്. ഒന്നില്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ വേണ്ടി വരുന്നിടത്ത് ഒരു ഡ്രൈവറും ക്ലീനറും മാത്രമാണ് ലോറികളില്‍ ഉണ്ടാകാറുള്ളത്. കഴിഞ്ഞ മാസം എടരിക്കോടില്‍ ടാങ്കര്‍ ലോറി അപകടം ഉണ്ടായപ്പോള്‍ ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായത്. അന്നത്തെ അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിയതാണ്.

ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിച്ച്
പരസ്യ ബോര്‍ഡുകള്‍
വളാഞ്ചേരി: അപകട മേഖലയായ വട്ടപ്പാറ വളവില്‍ റോഡരികുകളിലെ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ ഇനിയും മാറ്റിയില്ല. വട്ടപ്പാറ പ്രധാന വളവില്‍ അപകടം കുറക്കാന്‍ വേണ്ടി റോഡ് സൈഡിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിരിന്നു. നിര നിരയായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്താല്‍ ഒരു പരിധി വരെ അപകടം കുറക്കാം. ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കാനും അതുവഴി അപകടം ഉണ്ടാവാനും പരസ്യ ബോര്‍ഡുകള്‍ കാരണമാകുമെന്നതിനാലാണ് ഇവിടുത്തെ പരസ്യ ബോര്‍ഡുകള്‍ മാറ്റണമെന്ന ആവശ്യം ശക്തമായത്.

Latest