Connect with us

Gulf

മേഖലയുടെ സമാധാനത്തിന് യു എ ഇ സൈന്യം

Published

|

Last Updated

അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ്
മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ രക്തസാക്ഷിയായ സൈനികന്റെ ഭവനം സന്ദര്‍ശിക്കുന്നു

യമനില്‍ 52 യു എ ഇ സൈനികര്‍ ധീര രക്തസാക്ഷികളായതിന്റെ മനോവേദന സമൂഹത്തില്‍ നിന്ന് വിടപറഞ്ഞിട്ടില്ല. അത് ഉള്‍കൊണ്ട്, ഏവരും പ്രവര്‍ത്തിക്കുന്നുവെന്നത്, രക്തസാക്ഷികളുടെ ആശ്രിതര്‍ക്ക് വലിയ ആശ്വാസം. യു എ ഇ ഭരണകൂടം അവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്നുവെന്നത് മഹത്വം.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റ ആശുപത്രികളിലുള്ള സൈനികരെയും ആശ്വസിപ്പിക്കാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. അവരുടെ സാന്ത്വന വാക്കുകളും ആശ്ലേഷവും ഉറ്റവരുടെ വേര്‍പാടിന്റെ മുറിവ് അല്‍പമെങ്കിലും ഉണക്കാന്‍ പര്യാപ്തമായി. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രത്യേക ഓഫീസ് തുറന്നു.
അടുത്തകാലത്തൊന്നും ഇത്രമാത്രം വൈകാരികാഘാതം യു എ ഇ സമൂഹത്തിന് ഉണ്ടായിട്ടില്ല. അത് വേണ്ടവിധം മനസിലാക്കാന്‍ വിദേശീ സമൂഹം തയ്യാറായി. സ്വദേശി സമൂഹത്തോടും ഭരണകൂടത്തോടും ഏവരും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇത്തരം സന്ദര്‍ഭങ്ങളിലെ മാനവിക ബോധം സമൂഹത്തിന്റെ കെട്ടുറപ്പിന് വലിയ ഗുണം ചെയ്യും. യമനില്‍ ഹൂത്തി തീവ്രവാദികള്‍ക്കെതിരെ സമൂഹം ഒന്നടങ്കം രംഗത്തുവരുകയും ചെയ്തു.
യമനില്‍, സമാധാനം പുനഃസ്ഥാപിക്കപ്പെടേണ്ടത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അനിവാര്യമാണ്. തീവ്രവാദത്തിന്റെ വിഷവിത്തുകള്‍ മുളയില്‍ തന്നെ നുള്ളിക്കളയണം. അല്ലെങ്കില്‍ എല്ലായിടത്തും അത് എത്തിപ്പെടും. ഇറാഖിലും സിറിയയിലും കൊടും ക്രൂരതകളും രക്തച്ചൊരിച്ചിലും പലായനങ്ങളും നിത്യസംഭവങ്ങളാണ്. അതില്‍ നിന്ന് പാഠം ഉള്‍കൊണ്ട് തീവ്രവാദത്തെ പിഴുതെറിയണം.
സഊദി അറേബ്യയുടെ നേതൃത്വത്തില്‍, ഹൂത്തി തീവ്രവാദികളെ തുരത്താന്‍ പ്രതിജ്ഞാബദ്ധമായ സഖ്യസേനയില്‍ നിര്‍ണായക പങ്കാണ് യു എ ഇ വഹിക്കുന്നത്. യമനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നൂറുകണക്കിന് യു എ ഇ സൈനികരാണ് നിയോഗിക്കപ്പെട്ടത്. ദേശസ്‌നേഹ പ്രചോദിതരായ യു എ ഇ സൈന്യം സഊദി സേനയുമായി ചേര്‍ന്ന് ദൗത്യനിര്‍വഹണം നടത്തുമ്പോള്‍ പ്രതീക്ഷിക്കാതെ ആക്രമണത്തിന് വിധേയരാവുകയായിരുന്നു.
മേഖലയില്‍ സമ്പൂര്‍ണ സമാധാനം എന്ന ആഗ്രഹം സഫലീകരിക്കപ്പെടണം എന്നത് വിദേശീ സമൂഹത്തിന്റെയും ആവശ്യമാണ്. പരുക്കേറ്റ സൈനികര്‍ക്ക് രക്തം നല്‍കാന്‍ ആയിരക്കണക്കിന് വിദേശികള്‍ തയ്യാറായത് അഭിമാനകരം.
യമനില്‍ സമാധാനത്തിനുവേണ്ടി ഐക്യരാഷ്ട്രസഭ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. അത് വിജയത്തിലെത്താന്‍ പ്രാര്‍ഥിക്കുക. ഹൂത്തി തീവ്രവാദികള്‍ ആയുധം താഴെവെക്കുമെന്ന് പ്രതീക്ഷിക്കുക.

Latest