Connect with us

Kerala

ആര്‍മി റിക്രൂട്ട്‌മെന്റ് ഇനി ഓണ്‍ലൈന്‍ വഴി

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴി. റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ലഭിക്കുന്ന പ്രിന്റ്ഔട്ടുമായി ചെല്ലുന്നവര്‍ക്കുമാത്രമേ ഇനി മുതല്‍ റാലിയില്‍ പ്രവേശനം നല്‍കൂ. അടുത്ത ഏപ്രില്‍ മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം പരീക്ഷയും ഓണ്‍ലൈന്‍ മുഖേനയായിരിക്കും.അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതലാണ് റിക്രൂട്ട്‌മെന്റ് പരീക്ഷ ഓണ്‍ലൈനാകുന്നത്. പരീക്ഷ ഓണ്‍ലൈന്‍ ആകുന്നതോടെ ഫലം ഉടന്‍ അറിയാകാനും. ഫിസിക്കല്‍ ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും പൂര്‍ത്തിയാക്കി 15 ദിവസത്തിനകം ഉദ്യോഗാര്‍ഥികളുടെ നിയമനനടപടികള്‍ പൂര്‍ത്തീകരിക്കാനുമെന്നും റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ യോഗേഷ് രാജാധ്യക്ഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറത്ത് ഒക്‌ടോബര്‍ 29ന് നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് ഡിസംബര്‍ 10 മുതല്‍ 18വരെ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 11 മുതല്‍ നവംബര്‍ 24 വരെ നടക്കും. റാലിക്ക് 15 ദിവസം മുമ്പ് രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിപ്പിക്കും.
www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് ഉദ്യോഗാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ പരിചയപ്പെടുത്താനായി രജിസ്‌ട്രേഷന്‍ മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒക്‌ടോബര്‍16, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒക്‌ടോബര്‍ 17നും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒക്‌ടോബര്‍ 19നും രജിസ്‌ട്രേഷന്‍ മേള നടത്തും. ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തില്‍ അഞ്ചാംസ്ഥാനമാണുള്ളത്. പ്രതിവര്‍ഷം 6000-7000 പേര്‍ കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ട്. റിക്രൂട്ട്‌മെന്റ് റാലികള്‍ക്കിടയില്‍ ഉദ്യോഗസ്ഥര്‍ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശമായ പെരുമാറ്റമുണ്ടായാല്‍ പരാതിപ്പെടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ആര്‍മി റിക്രൂട്ട്‌മെന്റ് തികച്ചും സുതാര്യമായാണ് നടക്കുന്നതെന്നും ഏതെങ്കിലും വ്യക്തികളോ സംഘടനകളോ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിലോ ആര്‍മി റിക്രൂട്ടിംഗ് ഓഫീസുകളിലോ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest