Connect with us

Kerala

മദ്യപര്‍ക്കും അഴിമതിക്കാര്‍ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കില്ല

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് സ്വീകരിക്കേണ്ട പൊതു മാനദണ്ഡമുണ്ടാക്കാന്‍ നിയോഗിച്ച വി ഡി സതീശന്‍ കമ്മറ്റി ഇന്ന് കെ പി സി സിക്ക് റിപ്പോര്‍ട്ട് നല്‍കും. വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം ഇന്നലെ സമിതിയോഗം ചേര്‍ന്നാണ് മാര്‍ഗരേഖക്ക് അന്തിമരൂപം നല്‍കിയത്. മദ്യപാനികള്‍ക്കും അഴിമതിക്കാര്‍ക്കും സീറ്റ് നല്‍കരുതെന്നാണ് സമിതിയുടെ പ്രധാന നിര്‍ദേശം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനൊപ്പം ജയസാധ്യത കണക്കിലെടുത്ത് സ്വതന്ത്രരെയും പരിഗണിക്കും. ഒരേ സീറ്റില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ മാറി മാറി മത്സരിക്കുന്ന പ്രവണത തടയും. സ്ഥാനാര്‍ഥികള്‍ക്ക് ടേം നിശ്ചയിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും സമിതി ഇക്കാര്യം തള്ളി. ജനപ്രീതിയും വ്യക്തിബന്ധങ്ങളും കൊണ്ടാണ് പ്രദേശികതലത്തില്‍ തുടര്‍വിജയങ്ങള്‍ ഉണ്ടാകുന്നത്. അവരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവന്നാല്‍ ആ സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറപ്പില്ല. അതിനാല്‍ ഇത്തരക്കാര്‍ക്കു സീറ്റ് നല്‍കേണ്ടി വരും. നിയമസഭയിലക്ക് ഉള്‍പ്പെടെ പതിറ്റാണ്ടുകളായി ഒരേ ആളുകള്‍ മത്സരിക്കുന്ന സാഹചര്യം നിലനില്‍ക്കെ താഴെ തട്ടില്‍ മാത്രം ഇങ്ങിനെയൊരു നിയന്ത്രണം ശരിയല്ലെന്ന നിലപാടും സമിതി സ്വീകരിച്ചു.
മികച്ച പ്രതിച്ഛായയുള്ളവരും പാര്‍ട്ടികൂറ് പുലര്‍ത്തുന്നവരും ആയിരിക്കണം സ്ഥാനാര്‍ഥികള്‍. ജനറല്‍ സീറ്റുകളിലേക്കു വനിതകളെ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്നാണ് മറ്റൊരു നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം നിലവിലുള്ളതിനാല്‍ ജനറല്‍ സീറ്റുകളിലേക്കു കൂടി അവരെ പരിഗണിക്കുന്നത് ബാലന്‍സിംഗ് നഷ്ടപ്പെടുത്തും.
വനിതാ സ്ഥാനാര്‍ഥികളെ പാര്‍ട്ടിയുടെ പോഷക സംഘടനകളില്‍ നിന്നുതന്നെ കണ്ടെത്തണം. സംസ്ഥാനത്താകെ പതിമൂവായിരത്തില്‍പ്പരം വനിതാ സ്ഥാനാര്‍ഥികളെയാണു യു ഡി എഫിനു വേണ്ടിവരുന്നത്. ഇതില്‍ ഭൂരിഭാഗവും കോണ്‍ഗ്രസില്‍ നിന്നാകും.
സ്ഥാനാര്‍ഥി നിര്‍ണയത്തിനു ത്രിതല സംവിധാനമാണ് സമിതി ശിപാര്‍ശ ചെയ്യുന്നത്. ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളെ വാര്‍ഡ് തലത്തില്‍ നിര്‍ണയിക്കണം. ജനസ്വാധീനം മാനദണ്ഡമാക്കിയാകണം സ്ഥാനാര്‍ഥി നിര്‍ണയം. എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പ്രശ്‌നപരിഹാരത്തിനു നിയോജകമണ്ഡലംതലത്തില്‍ ഏഴംഗ സമിതികള്‍ രൂപവത്കരിക്കണം.
ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു ജില്ലാതല സമിതികള്‍ രൂപവത്കരിക്കും. കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ പ്രത്യേക സമിതി വേണം. ഇവിടങ്ങളെ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാനുള്ള ചുമതല സംസ്ഥാനതല തെരഞ്ഞെടുപ്പ് സമിതിക്കായിരിക്കും. പാര്‍ട്ടി ഭാരവാഹികള്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ടാകില്ല. എന്നാല്‍ മേല്‍ഘടകങ്ങള്‍ ഇത്തരം സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാന്‍ പാടില്ല. ഡി സി സി, കെ പി സി സി ഭാരവാഹികള്‍ക്കു മത്സരിക്കണമെങ്കില്‍ അവര്‍ ബന്ധപ്പെട്ട കമ്മിറ്റികളെ സമീപിക്കണം. അവിടെ നിന്നു പേരുകള്‍ അംഗീകരിച്ചുവന്നാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരമാവധി കെ പി സി സി ഇടപെടരുതെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
വി ഡി സതീശന്‍ ചെയര്‍മാനായ കമ്മിറ്റിയുടെ കണ്‍വീനര്‍ എന്‍ വേണുഗോപാലാണ്. കെ പി സി സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, ട്രഷറര്‍ അഡ്വ. ജോണ്‍സ്ണ്‍ എബ്രഹാം, സെക്രട്ടറി മാന്നാര്‍ അബ്ദുല്ലത്തീഫ് എന്നിവരാണ് അംഗങ്ങള്‍. കെ പി സി സി നേതൃയോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് സമിതി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.