Connect with us

Malappuram

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്: എം എസ് എഫിന് നേട്ടം

Published

|

Last Updated

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ 63 കോളജുകളിലെ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എം എസ് എഫിന് നേട്ടം.
പുതുതായി ആറ് കോളജുകളില്‍ യൂനിയന്‍ പിടിച്ച് എസ് എഫ് ഐയും മികച്ച മുന്നേറ്റം നടത്തി. കെ എസ് യു – എം എസ് എഫ് സഖ്യത്തിലെ വിള്ളല്‍ ചിലയിടങ്ങളില്‍ ഇരുകൂട്ടര്‍ക്കും നഷ്ടമുണ്ടാക്കി. എം എസ് എഫിന് ഭൂരിപക്ഷമുള്ള കോളജുകളില്‍ എസ് എഫ് ഐയുമായി കെ എസ് യു കൂട്ടുകൂടിയെന്ന ആരോപണവുമായി എം എസ് എഫ് ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
ഭൂരിപക്ഷയിടങ്ങളിലും കോളജ് തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. യൂനിയനുകളില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്ന അവകാശവാദവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ എട്ടുവര്‍ഷത്തിന് ശേഷം യൂനിയന്‍ പിടിച്ചെന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ശ്യാം പ്രസാദ് പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍, ജോയിന്റ് സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍ എന്നീ സ്ഥാനങ്ങളും രണ്ട് ക്ലാസ് റെപ്രസന്റേറ്റീവുമാരെയുമാണ് ലഭിച്ചത്. കെ എസ് യുവുമായി എവിടെയും യാതൊരുവിധ രഹസ്യസഖ്യവും ഉണ്ടാക്കിയിട്ടില്ല.
മതേതര മൂല്യങ്ങളും വിദ്യാഭ്യാസ കച്ചവടത്തിനെതിരെയുള്ള താക്കീതുമാണ് വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. താനൂര്‍ ഗവണ്‍മെന്റ് കോളജിലെ ആദ്യ തിരഞ്ഞെടുപ്പ് വിജയം എസ് എഫ് ഐ നേടി. പെരിന്തല്‍മണ്ണ എസ് എന്‍ ഡി പി കോളജ്, ചുങ്കത്തറ മാര്‍ത്തോമ്മ കോളജ്, വളാഞ്ചേരി സഫ കോളജ്, ജെ എം കോളജ് തിരൂര്‍, പൊന്നാനി എം ഇ എസ് കോളജ് എന്നിവിടങ്ങളിലും എസ് എഫ് ഐയ്ക്ക് മേല്‍ക്കൈ ലഭിച്ചു. 30 കോളജുകളില്‍ എം എസ് എഫ് തനിച്ച് യൂനിയന്‍ പിടിച്ചതായി ജില്ലാ പ്രസിഡന്റ് ടി പി ഹാരിസ് പറഞ്ഞു. എട്ട് കോളജുകളില്‍ കെ എസ് യുമായുള്ള സഖ്യവും നേടി.
75 യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സില്‍ സീറ്റില്‍ 52 പേര്‍ വിജയിപ്പിച്ചതായി എം എസ് എഫും 17 പേരെ ലഭിച്ചതായി എസ് എഫ് ഐയും 11 പേരെ ലഭിച്ചതായി കെ എസ് യുവും അവകാശപ്പെട്ടു. തനിച്ച് മത്സരിച്ച് 14 കോളജുകളില്‍ യൂനിയന്‍ ചെയര്‍മാന്‍ സ്ഥാനവും കെ എസ് യുവിന് ലഭിച്ചു

---- facebook comment plugin here -----

Latest