Connect with us

Articles

ഔറംഗസീബ് ഏറെ തെറ്റിദ്ധരിക്കപ്പെട്ടു'

Published

|

Last Updated

?മുഗള്‍ ചരിത്രം ഇന്ത്യയുടെ ഭാഗമല്ലെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ബി ജെ പി സര്‍ക്കാറാണല്ലോ ഇന്ന് കേന്ദ്ര ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, സംസ്‌കൃതത്തെ എങ്ങനെയാണ് മുഗള്‍ ചക്രവര്‍ത്തിമാര്‍ പരിപോഷിപ്പിച്ചതെന്നും സംസ്‌കൃത ഭാഷയും സാഹിത്യവും എങ്ങനെയാണ് മുഗള്‍ കാലഘട്ടത്തില്‍ പുഷ്‌കലമായതെന്നും സവിസ്തരം ചര്‍ച്ച ചെയ്യുന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് താങ്കള്‍. വൈരുധ്യാത്മകമായ ഈ രണ്ട് ആശയധ്രുവങ്ങളെ എങ്ങനെയാണ് താങ്കള്‍ക്ക് ഒരേ ദിശയില്‍ കൊണ്ടുവരാന്‍ കഴിയുക.
– വ്യത്യസ്തമായ ഈ രണ്ട് ആശയധാരകളെ സംയോജിപ്പിക്കുന്നതിന് പകരം പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്ന പ്രസ്തുത അഭിപ്രായങ്ങള്‍ക്കിടയില്‍ ഏതിനാണ് കൂടുതല്‍ പ്രാമാണികതയുള്ളതെന്ന അന്വേഷണമാണ് അവയില്‍ പ്രധാനം. മുഗള്‍ ഭരണാധികാരികളെ ഇന്ത്യാ ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ ബി ജെ പിയെ പ്രേരിപ്പിക്കുന്ന രാഷ്ട്രീത താത്പര്യങ്ങള്‍ ഏതൊക്കെയാണ് എന്നതാണ് അടുത്ത ചോദ്യം. എന്റെ പഠനങ്ങള്‍ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ചരിത്രത്തിന്റെ സത്യസന്ധമായ തലം പുറത്തെടുക്കുന്നതിലാണ്. ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായക ശക്തികളായിരുന്നു മുഗളന്മാര്‍. സംസ്‌കൃതമാകട്ടെ മുഗള്‍ രാജധാനിയിലെ ഒരു പ്രധാന വിനിമയ ഭാഷയും. ഇത്തരം കണ്ടത്തലുകള്‍ ബി ജെ പിയെയും അവരെ അനുകൂലിക്കുന്നവരെയും അസ്വസ്ഥപ്പെടുത്തിയേക്കാം. പക്ഷേ, ഒരു ചരിത്രകാരിയെന്ന നിലയില്‍ പ്രതികൂലമായ സമകാലിക രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് എന്റെ പര്യവേക്ഷണങ്ങളെ ഒരിക്കലും നിഷ്പ്രഭമാക്കാനാകില്ല. പ്രാമാണിക പിന്‍ബലമില്ലാത്ത ബി ജെ പി വാദമുഖങ്ങള്‍ക്കെതിരെ അവയിലൂടെ പ്രതിരോധം സൃഷ്ടിക്കാനാകുമെന്നും ഞാന്‍ കരുതുന്നു.
? വിരോധാഭാസമെന്ന് പറയാം, മുഖ്യധാരാ ചര്‍ച്ചകളില്‍ സംസ്‌കൃതത്തിന് വര്‍ധിത പ്രാധാന്യം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ സമീപകാലത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, അവര്‍ നികൃഷ്ടരും നിന്ദ്യരുമെന്ന് കരുതുന്ന ഒരു സാമ്രാജ്യത്തിന്റെ അധിപന്മാര്‍ എങ്ങനെയായിരുന്നു പ്രസ്തുത ഭാഷയുടെ സംരക്ഷകരായിത്തീര്‍ന്നത് എന്ന വിഷയത്താലാണല്ലോ താങ്കള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
– സംസ്‌കൃത ഭാഷയിലെയും സാഹിത്യത്തിലെയും തങ്ങള്‍ക്കിഷ്ടപ്പെട്ട തുരുത്തുകളിലൂടെ മാത്രം സഞ്ചരിക്കാനാണ് ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിശ്രുത സാഹിത്യകാരനായ കാളിദാസന്‍ അവരുടെ ഈ അന്വേഷണ പരിധിക്ക് പുറത്താണ്. പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ പ്രചോദനത്തില്‍ സംസ്‌കൃത്തിന് അതുല്യ സംഭാവനകളര്‍പ്പിച്ച ജൈന സന്യാസിമാരുടെ രചനകള്‍ പഠനവിധേയമാക്കാന്‍ അവരെങ്ങനെ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുമെന്നതും അചിന്തനീയമാണ്. സംസ്‌കൃത സാഹിത്യം വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാത്രം അധിഷ്ഠിതമല്ല. മതേതര പ്രതിപാദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു മേഖല തന്നെ ആ ഭാഷക്ക് സ്വന്തമായുണ്ട്.
? മുഗള്‍ ഭരണാധികാരികളില്‍ ആരൊക്കെയായിരുന്നു സംസ്‌കൃതത്തിന് കൂടുതല്‍ പ്രചാരവും സംരക്ഷണവും നല്‍കിയത്.
– അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നീ മൂന്ന് മുഗള്‍ രാജാക്കന്മാരാണ് തങ്ങളുടെ വിദ്വല്‍ സദസ്സുകളിലും കോടതികളിലും സംസ്‌കൃതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. എന്നാല്‍, ഔറംഗസീബിന് സംസ്‌കൃതത്തോടുണ്ടായിരുന്ന വിമുഖത അദ്ദേഹത്തെക്കുറിച്ച് നാം കേട്ടിട്ടുള്ള മുന്‍വിധികളുമായല്ല ബന്ധപ്പെടുത്തേണ്ടത്. സമീപകാലത്ത് വ്യാപകമായി വേരുറച്ച വര്‍ഗീയ – വിദ്വേഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകളിലൊരാളാണ് അദ്ദേഹം. ഔറംഗസീബിന്റെ രാജധാനിയില്‍ സംസ്‌കൃതം അവഗണിക്കപ്പെടാന്‍ രണ്ട് കാരണങ്ങളാണ് ഉള്ളത്. ഹിന്ദിയുടെ വികാസമാണ് അവയില്‍ പ്രഥമം. പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സംജാതമായ ഒരു പ്രത്യേക സാഹിതീയ വികാസത്തിന്റെ പരിണതഫലമായിരുന്നു അത്. ഷാജഹാന്റെ കാലത്ത് തന്നെ സംസ്‌കൃതത്തോടൊപ്പം ഭാഷാപരമായി താദാത്മ്യം പ്രാപിക്കാന്‍ ഹിന്ദിക്ക് സാധിച്ചു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സാഹിത്യ രംഗത്ത് ഈ പരിവര്‍ത്തനം കൂടുതല്‍ ശക്തിപ്രാപിച്ചതാണ് സംസ്‌കൃതത്തിന് ഔറംഗസീബിന്റെ കൊട്ടാരത്തില്‍ പ്രധാന്യം ലഭിക്കാതിരിക്കാനുള്ള മുഖ്യ കാരണം.
ഔറംഗസീബും ദാരാഷിക്കോവുമായുണ്ടായ അധികാര വടംവലികളാണ് രണ്ടാമത്തേത്. 1640നും 1650നുമിടയില്‍ സംസ്‌കൃതമുള്‍പ്പെടെയുള്ള ഭാഷകളില്‍ ഇന്ത്യയുടെ സാംസ്‌കാരിക ഔന്നത്യത്തെ പ്രമേയവത്കരിക്കുന്ന നിരവധി പഠനങ്ങള്‍ നടത്തിയ വ്യക്തിയാണ് ദാര. സഹോദരനുമായുള്ള അധികാരത്തര്‍ക്കത്തിനിടയില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളെയും അവഗണിക്കേണ്ടത് ഔറംഗസീബിന് ഒരു അനിവാര്യതയായിത്തീര്‍ന്നു. സിംഹാസനത്തിനും തനിക്കുമിടയിലെ ദൂരം പ്രസ്തുത രാഷ്ട്രീയ വ്യവഹാരങ്ങളിലൂടെ ഇല്ലാതാക്കാമെന്ന് ഔറംഗസീബ് വിശ്വസിച്ചു. തന്റെ പ്രപിതാക്കള്‍ സംസ്‌കൃതത്തോട് പ്രകടിപ്പിച്ച ആഭിമുഖ്യം ഔറംഗസീബിന് ഇല്ലാതെ പോയത് അത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. മറിച്ച് സാംസ്‌കാരികത അസഹിഷ്ണുതയല്ല അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്.
അക്ബര്‍ സംസ്‌കൃതത്തിന്റെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകളെയും അത്തരമൊരു രാഷ്ട്രീയത്തിന്റെ അനന്തരഫലമായിരുന്നു. മതേതരത്വ മൂല്യങ്ങളെ കാത്തുസൂക്ഷിച്ചു എന്നതാണ് അക്ബറിന്റെ പ്രശസ്തിക്ക് ഹേതുകം. പരുഷമായ വിധിപ്രസ്താവങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ ഒരു വിമുഖതയുമില്ലാത്ത പ്രകൃതക്കാരനായിരുന്നു അക്ബര്‍. മുഗള്‍ കോര്‍ട്ടിലെ ജൈന സന്യാസിമാര്‍ ഏകദൈവാരാധകരാണോ അല്ലേ എന്ന് അദ്ദേഹം നടത്തിയ ലിറ്റ്മസ് ടെസ്റ്റ് അതിനുദാഹരണമാണ്. ബഹുദൈവാരാധകരായിരുന്നുവെങ്കില്‍ രാജസദസ്സില്‍ നിന്നും അവരെ പുറത്താക്കാനായിരുന്നുവത്രേ അക്ബറിന്റെ തീരുമാനം.
? മുഗള്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥന്മാരും ബ്രാഹ്മണ, ജൈന സന്യാസിമാര്‍ക്കുമിടയിലുണ്ടായിരുന്ന ആശയ സംവേദനങ്ങള്‍ ഏത് രൂപത്തുലുള്ളവയായിരുന്നു.
ബ്രാഹ്മണന്മാര്‍ക്ക് പ്രധാനമായും സംസ്‌കൃത ഗ്രന്ഥങ്ങളെ പേര്‍ഷ്യനിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഉത്തരവാദിത്വമാണ് ഉണ്ടായിരുന്നത്. അവര്‍ വേദ പാരായണം നടത്തുകയും മുഗളര്‍ക്ക് കൂടി ഗ്രഹിക്കാന്‍ കഴിയുന്ന ഹിന്ദിയില്‍ വാചിക രൂപേണ വിശദീകരിക്കുകയും ചെയ്യും. തുടര്‍ന്ന് അവയത്രയും പേര്‍ഷ്യനിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ് പതിവ്. ജൈനരും ബ്രാഹ്മണരും വാനശാസ്ത്രത്തില്‍ മുഗള്‍ രാജാക്കന്മാര്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ബ്രാഹ്മണര്‍ സംസ്‌കൃത ഗ്രന്ഥങ്ങള്‍ ആസ്പദമാക്കിയാണ് ഗ്രഹനിലക്കുറിപ്പുകള്‍ തയ്യാറാക്കിയിരുന്നത്. ജഹാംഗീറിന്റെ കൊച്ചുമകളെ ജാതകദോഷത്തില്‍ നിന്ന് മുക്തയാക്കാന്‍ ജൈനര്‍ക്ക് കീഴില്‍ സംഘടിപ്പിക്കപ്പെട്ട പ്രത്യേക ചടങ്ങുകളെ പോലെയുള്ളവ മുഗള്‍ രാജധാനിയില്‍ പരിമിതമായെങ്കിലും നടന്നിരുന്നു. വൈകാതെ പ്രസിദ്ധീകരിക്കാനിരിക്കുന്ന “സാംസ്‌കാരിക സംവാദങ്ങള്‍” എന്ന എന്റെ ഗ്രന്ഥത്തില്‍ ബ്രാഹ്മണ- ജൈന സന്യാസിമാരും മുഗള്‍ പ്രമുഖരും തമ്മിലുള്ള ആശയവിനിമയത്തെ പ്രതി വിപുലമായി പ്രതിപാദിക്കുന്ന ഒരു അധ്യായം തന്നെ പ്രതീക്ഷിക്കാം.
? ഗുജറാത്ത് വംശഹത്യാനന്തരം രൂപപ്പെട്ടതും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ ന്യൂനപക്ഷ പീഡനങ്ങളിലൂടെ അക്രമരാഷ്ട്രീയം വിപണം ചെയ്യുന്ന സൈദ്ധാന്തിക പരിസരം മുഗള്‍ ചരിത്രത്തെ നിഷ്‌കാസനം ചെയ്യാനുദ്ദേശിച്ചുള്ളതാണെന്നും ഇന്ത്യാ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത മതവിദ്വേഷത്തിന്റെ വിത്ത് വിതക്കുകയാണെന്നും താങ്കള്‍ നിരീക്ഷിക്കുന്നു. അത്തരം വിശകലനങ്ങളിലൂടെ മുഗള്‍ ഇന്ത്യയില്‍ വംശീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണോ താങ്കള്‍ വാദിച്ചുറപ്പിക്കുന്നത്.
-അല്ല, മുഗള്‍ കാലത്ത് നിരവധി കലാപങ്ങല്‍ ഉണ്ടായിട്ടുണ്ട്. കലഹങ്ങളും തര്‍ക്കങ്ങളും മാനുഷിക പ്രകൃതമാണ്. അക്ബറിന് കീഴില്‍ പോലും നിരവധി അക്രമ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ അവയില്‍ എത്ര കലാപങ്ങള്‍ മതകീയമായിരുന്നു എന്നത് അന്വേഷണ വിധേയമാക്കപ്പെടേണ്ടതാണ്. മുസ്‌ലിം, ഹിന്ദു, രജപുത്രര്‍ എ എന്നീ ഭാവഭേദങ്ങളില്ലാതെ മുഗളര്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ അക്രമങ്ങളഴിച്ചുവിട്ടിട്ടുണ്ട്. അവയെല്ലാം മതാധിഷ്ഠിതമായിരുന്നു എന്ന് വ്യാഖ്യാനിക്കുന്നത് അനൗചിത്യമായിരിക്കും. ആധുനികപൂര്‍വ യൂറോപ്പില്‍ നിന്നും ഏറെ വ്യതിരിക്തമാണ് കൊളോണിയല്‍ അധിനിവേശത്തിനു മുമ്പുള്ള ഇന്ത്യ. മുഗളര്‍ മതകീയ ലക്ഷ്യത്തോടെ എതിരാളികള്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നു എന്നതിന് പര്യാപ്തമായ തെളിവുകളൊന്നും ലഭ്യമല്ല.
വിധിവൈപരീതമെന്ന് പറയട്ടെ, ആധുനിക യൂറോപ്പ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന മതസഹിഷ്ണുതാ സിദ്ധാന്തങ്ങള്‍ മധ്യ- മുഗള്‍ ഇന്ത്യ സന്ദര്‍ശിച്ച പശ്ചാത്യന്‍ സഞ്ചാരികളുടെ ദൃക്‌സാക്ഷി വിവരണങ്ങളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
മതപരമായ അഭിപ്രായാന്തരങ്ങളുടെ പേരില്‍ ചിലരെ മുഗള്‍ ചക്രവര്‍ത്തിമാര്‍ ശിക്ഷിച്ചതിന് വിരളമായ ചില ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. ഏതാനും മുസ്‌ലിം പണ്ഡിതന്മാരെ മക്കയിലേക്ക് ഹജ്ജിനെന്ന വ്യാജേന മുഗള്‍ കോര്‍ട്ടില്‍ നിന്നും അക്ബര്‍ നാടുകടത്തിയത് അതിന് മികച്ച ഉദാഹരണമാണ്. യാത്രാമധ്യേ അവരില്‍ പലരും വധിക്കപ്പെടുകയാണുണ്ടായത്.
? ബി ജെ പി ഭരണകൂടം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പോലെ മാര്‍ക്‌സിസ്റ്റ് ചരിത്രരചനാ രീതിയുടെ ഭാഗമായി രൂപപ്പെട്ട അത്തരം വ്യാഖ്യാനങ്ങള്‍ക്ക് ഒരുപാട് പരിമിതികള്‍ ഇല്ലേ.
മാര്‍ക്‌സിയന്‍ ചരിത്രത്തിന് അനേകം പ്രതിസന്ധികളുണ്ട്. ചരിത്രത്തിന്റെ സഞ്ചാരപഥത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങളെയും വര്‍ഗശ്രേണികളെയും മാത്രമാണ് അവര്‍ അഭിമുഖീകരിക്കുന്നത്. എന്നാല്‍, സാമ്പത്തിക സാമൂഹികേതര വാദമുഖങ്ങളെ കൂടി പരിഗണിച്ച് ഗതകാലത്തെ അതിവിശാലമായ ഒരു പ്രതലത്തില്‍ നിന്നും വീക്ഷിക്കാനാണ് ആധുനിക ചരിത്രകാരന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
? ഹിന്ദു ദേശീയവാദ ഭാവനകളില്‍ മുഗള്‍ ചരിത്രം സ്വാര്‍ഥ താത്പര്യങ്ങളും കലാപങ്ങളും നിറഞ്ഞതാണ്. ഈയൊരു കാലത്തെക്കുറിച്ച് പണ്ഡിതോചിതമായ ഒരു വിശകലനത്തിലൂടെ താങ്കള്‍ക്കെങ്ങനെയാണ് അവതരിപ്പിക്കാനാകുക? പുനരുത്ഥാന വാദത്തിന്റെ കാഹളങ്ങള്‍ രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അതിന് പ്രാധാന്യമേറെയുണ്ട്.
– ചരിത്രകാരിയെന്ന നിലക്കാണ് ഞാന്‍ വസ്തുതകളെ സമീപിക്കാറ്. വിവിധ ഭാഷകളിലുള്ള പ്രാഥമിക രേഖകളെയും തെളിവുകളെയും അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങളാണ് അവയില്‍ ആദ്യ ഘട്ടം. തുടര്‍ന്ന് ദ്വിതീയ അവലംബങ്ങള്‍ ശേഖരിച്ച് കൊളോണിയല്‍ പൂര്‍വകാലത്തെ കുറിച്ച് ഏറ്റവും കൃത്യമായ വിതാനത്തില്‍ അപഗ്രഥനങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. സമകാലിക വിഷയങ്ങളെ ഞാന്‍ ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ, അവയെല്ലാം പ്രാഥമികമായി ഉദ്ധരിച്ചതിന് ശേഷം സാന്ദര്‍ഭികമായേ കടന്നുവരാറുള്ളൂ. ദേശീയ അന്താരാഷ്ട്ര തലങ്ങളിലുള്ള പല ബുദ്ധിജീവികള്‍ക്കും ദഹിക്കാത്ത ഒരു കൃത്യമാണത്. ശ്രമകരവും സവിശേഷ ജ്ഞാനങ്ങള്‍ ആവശ്യമുള്ളതും വേഗത കുറഞ്ഞതും എന്നാല്‍ വളച്ചുകെട്ടില്ലാത്തതുമായ നിഗമനങ്ങളില്‍ പര്യവസാനിക്കുന്നവയുമാകും അത്തരം നിരീക്ഷണങ്ങള്‍. ആധുനിക ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഹിതകരമല്ലാത്ത ചരിത്ര, വൈജ്ഞാനിക വാഗ്വാദങ്ങളെ സന്ദേഹത്തോടെ വീക്ഷിക്കുന്ന അക്കാദമികരല്ലാത്ത നിരവധി വ്യക്തികളുണ്ട്. ഭൂതകാലത്തെ വര്‍ഗീയമായ ഒരു ക്യാന്‍വാസിലേക്ക് പുനഃപ്രതിഷ്ഠിച്ച് കലഹങ്ങള്‍ തീര്‍ക്കുന്ന നിക്ഷിപ്ത താത്പര്യക്കാരെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന അത്തരം ആളുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നവയാകും എന്റെ പഠനങ്ങളെന്ന് തീര്‍ച്ച.
?ചരിത്രത്തിന്റെ വീണ്ടുവായനകളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ എന്തൊക്കെയാണ്
സങ്കുചിത ലക്ഷ്യങ്ങളോടു കൂടി നിര്‍ദിഷ്ട ഗ്രന്ഥങ്ങള്‍ മാത്രം അടിസ്ഥാനമാക്കി നടത്തപ്പെടുന്ന ചരിത്രപുനരാവിഷ്‌കാരങ്ങളില്‍ അനേകം അപകടങ്ങള്‍ പതിയിരിപ്പുണ്ട്. അസഹിഷ്ണുതക്കും മതാന്ധതക്കും അവ ഊര്‍ജം പകരുന്നു എന്നതാണ് കാതലായ പ്രശ്‌നം. പല വിധത്തിലും അത് ആധുനിക ഇന്ത്യയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ കാലത്തെ മൂല്യരഹിതവും സൗകുമാര്യതകളില്ലാത്തതുമാക്കുന്നു എന്നതാണ് മറ്റൊരു ദുരന്തഫലം. ആഗോള തലത്തില്‍ തന്നെ ഏറ്റവും ഉത്കൃഷ്ടമായ ചരിത്രപാരമ്പര്യമുള്ളതും സാഹിത്യ സമ്പുഷ്ടവുമായ ഒരു പൈതൃകം ഇന്ത്യക്കുണ്ട്. പക്ഷേ, അവയെ പ്രകീര്‍ത്തിക്കാന്‍ നാം കാണിക്കുന്ന വിമുഖത ദൗര്‍ഭാഗ്യകരമാണ്.
? സമീപകാലത്ത് മോദി സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനങ്ങളിലധികവും 1757 മുതല്‍ 1947 വരെയുള്ള കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ വികസിപ്പിച്ചെടുത്ത മുഗള്‍- ഹിന്ദു വിഭജനവാദത്തിന്റെ പിന്തുടര്‍ച്ചയാണെന്ന് താങ്കള്‍ വാദിക്കുന്നു. എന്നാല്‍, നിഷ്പക്ഷ ചരിത്രകാരന്മാരാണെന്നാണ് ബ്രിട്ടീഷുകാര്‍ സ്വയം പുകഴ്ത്താറുള്ളത്. ഈയൊരു ചരിത്ര സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആരാണ് സത്യത്തിന്റെ വക്താക്കള്‍
ചരിത്ര സംരക്ഷകര്‍ ഹിന്ദുത്വ പ്രചാരകരും തീവ്രദേശീയതയുടെ വക്താക്കളും മാത്രമാണെന്നാണ് ബി ജെ പിക്കാരുടെ അവകാശവാദം. ഇന്ത്യയുടെ യഥാര്‍ഥ മുഖം അനാവരണം ചെയ്യാന്‍ തങ്ങള്‍ക്ക് മാത്രമേ അധികാരമുള്ളൂ എന്നും അവര്‍ സ്ഥാപിക്കുന്നു. ഇന്ത്യ ഹിന്ദുക്കളുടേതു മാത്രമാണെന്ന അത്തരം കാഴ്ചപ്പാടുകള്‍ അപകടകരമാണ്. കാലിക പ്രസക്തമല്ലാത്തതും ഏകശിലാത്മകവുമായ ഹൈന്ദവ ഭൂതകാലമല്ല, അത്ഭുതപ്പെടുത്തുന്ന സാംസ്‌കാരിക വൈവിധ്യമാണ് ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയത്. എന്നാല്‍ ബി ജെ പി അനുകൂലികള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാകട്ടെ, ഈ മഹാത്മ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഏതാനും വസ്തുതകള്‍ മാത്രവും.
(കടപ്പാട് – ദി ഹിന്ദു, വിവര്‍ത്തനം: ഉമൈര്‍ ബുഖാരി)

---- facebook comment plugin here -----

Latest