Connect with us

Kerala

പിന്നോട്ടില്ലെന്ന് സുധീരന്‍; ഒരുമിച്ച് നീങ്ങാന്‍ എ, ഐ ഗ്രൂപ്പുകള്‍

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര് ശക്തമായി തുടരുന്നതിനിടെ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും നിലപാട് കടുപ്പിക്കുന്നു. താന്‍ ഉയര്‍ത്തിയ വിഷങ്ങളില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ തിരുത്താന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകള്‍ തനിക്കെതിരെ തിരിഞ്ഞതിന്റെ സാഹചര്യം വ്യക്തമാക്കി ഹൈക്കമാന്‍ഡിനെയും നിലപാട് അറിയിച്ചു. എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച സുധീരന്‍ പാര്‍ട്ടിയുടെ നന്മക്ക് വേണ്ടിയുള്ള ഇടപെടല്‍ മാത്രമാണ് നടത്തുന്നതെന്നറിയിച്ചു.
അതേസമയം, ഭിന്നത പുറമേക്ക് വരാത്തവിധം വി എം സുധീരനെതിരെ ഒന്നിച്ച് നീങ്ങാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. കണ്‍സ്യൂമര്‍ ഫെഡ് എം ഡി ജോയ് തോമസിനെ മാറ്റാനാകില്ലെന്ന ഐ ഗ്രൂപ്പ് നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ഇന്നലെ രംഗത്തുവന്നു.
പുനഃസംഘടന ഉള്‍പ്പെടെ താന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെല്ലാം പാര്‍ട്ടിയുടെ നന്മക്ക് വേണ്ടിയാണെന്നാണ് സുധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്ക് പുതിയ മുഖം നല്‍കാന്‍ പുനഃസംഘടന ഗുണം ചെയ്യുമെന്നും രാഹുല്‍ ഗാന്ധിയെ സുധീരന്‍ അറിയിച്ചു. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് വിഷയത്തി ല്‍ ഇടപ്പെട്ടിട്ടുണ്ടെങ്കിലും ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല.
കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും തന്റെ നിലപാടുകള്‍ പാര്‍ട്ടിയുടെ നന്മക്ക് വേണ്ടിയാണെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിക്ക് വേണ്ടിയുള്ള നിലപാടുകളുമായി മുന്നോട്ടുപോകും. തെറ്റ് കാണുമ്പോള്‍ അത് തിരുത്താന്‍ വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. സുധീരന്‍ പിന്നാക്കം പോയിട്ടില്ലെങ്കിലും പൊട്ടിത്തെറിയിലേക്ക് കൊണ്ടുപോകാതെ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം.
മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ ഇരു ഗ്രൂപ്പുകളിലെയും പ്രമുഖര്‍ പരസ്പരം സംസാരിച്ചാണ് സുധീരനെതിരെ ഒന്നിച്ചുനീങ്ങാന്‍ ധാരണയിലെത്തിയത്. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനെ മാറ്റണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് തങ്ങളെ തമ്മിലടിപ്പിക്കാനാണ് സുധീരന്‍ ശ്രമിച്ചതെന്നാണ് ഇരു ഗ്രൂപ്പുകളുടെയും വിലയിരുത്തല്‍. അതുകൊണ്ടാണ് കണ്‍സ്യൂമര്‍ ഫെഡ് വിഷയത്തില്‍ മുഖ്യമന്ത്രി ഇന്നലെ പരസ്യപ്രതികരണത്തിന് മുതിര്‍ന്നത്.
കണ്‍സ്യൂമര്‍ ഫെഡിലെ മാനേജിംഗ് ഡയറക്ടറെ മാറ്റിയത് പോലെ ചെയര്‍മാനെ സര്‍ക്കാറിന് മാറ്റാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന ചെയര്‍മാനെ മാറ്റുന്നതില്‍ സര്‍ക്കാറിന് പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന്‍ കത്ത് നല്‍കിയപ്പോള്‍ ഐ ഗ്രൂപ്പും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഗ്രൂപ്പ് അതിപ്രസരം ഇല്ലാതിരുന്നിട്ടും സംസ്ഥാനത്ത് അമിതവും അനാരോഗ്യകരവുമായ ഗ്രൂപ്പ് പ്രവര്‍ത്തനം നടക്കുന്നുവെന്ന് വരുത്താനാണ് സുധീരന്റെ ശ്രമമെന്ന വികാരമാണ് ഇരു ഗ്രൂപ്പ് നേതാക്കള്‍ക്കുമിടയില്‍ ഉള്ളത്.
പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വിചിത്രവും ഏകപക്ഷീയവുമായ നടപടികളാണ് കെ പി സി സി പ്രസിഡന്റ് എടുക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനെ തത്കാലം മാറ്റേണ്ടെന്നും തൃശൂരിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണമെന്നും ധാരണയായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കേ കെ പി സി സി പ്രസിഡന്റിനെതിരെ പാര്‍ട്ടിയിലെ പ്രബല വിഭാഗങ്ങള്‍ പോരാട്ടത്തിനിറങ്ങിയത് ഹൈക്കമാന്‍ഡിനും തലവേദനയായിട്ടുണ്ട്.