Connect with us

Kerala

പാലായില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

പാലാ: കോണ്‍വെന്റ് മുറിക്കുള്ളില്‍ കന്യാസ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സി എം സി ജയ്മാതാ പ്രൊവിന്‍സിയിലെ ലിസ്യു കോണ്‍വെന്റ് മഠാംഗമായ സിസ്റ്റര്‍ അമല (കുഞ്ഞുമോനിക്ക- 69) യെയാണ് പാലാ ലിസ്യു കോണ്‍വെന്റിലെ മുറിക്കുള്ളില്‍ ഇന്നലെ പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലായിലെ കന്യാസ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച കോട്ടയം എസ് പി സതീഷ് ബിനോ പറഞ്ഞു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്.
സംശയകരമായ ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആയുധമുപയോഗിച്ച് തലക്ക് പിന്നിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രഥമിക നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് പാലാ ഡി വൈ എസ് പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
സിസ്റ്റര്‍ അമല താമസിച്ചിരുന്ന മുറിയുടെ വാതില്‍ ചാരിയ നിലയിലായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മഠത്തിന്റെ പിന്‍ഭാഗത്തെ വാതിലില്‍ കണ്ടെത്തിയ വിരലടയാളം പോലീസ് പരിശോധനക്ക് വിധേയമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയെ തുടര്‍ന്ന് കിടപ്പിലായിരുന്ന സിസ്റ്റര്‍, കുര്‍ബാന സ്വീകരിക്കാന്‍ മാത്രമാണ് ദേവാലയത്തിലെത്തിയിരുന്നത്. മഠം ചാപ്പലില്‍ സിസ്റ്റര്‍ അമലയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ.് സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കാര്‍മല്‍ ഹോസ്പിറ്റല്‍ ചാപ്പലില്‍ ശുശ്രൂഷകള്‍ക്ക് ശേഷം കിഴതടിയൂര്‍ സെന്റ് ജോസഫ് സെമിത്തേരിയില്‍ നടക്കും. വെളിയന്നൂര്‍- അമനകര വാലുമ്മേല്‍ കുടുംബാംഗമാണ്.
സിസ്റ്റര്‍ ഹില്‍ഡ മേരി (ഗ്രീന്‍ ഗാര്‍ഡന്‍സ് പന്നിമറ്റം), സിസ്റ്റര്‍ ലൂസിമേരി (സി എം സി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ പാലാ), പരേതയായ സിസിലി ജോസ് എന്നിവരാണ് സഹോദരങ്ങള്‍. കര്‍മലീത്താ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിലുള്ള കാര്‍മ്മല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സിസ്റ്റര്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.