Connect with us

Ongoing News

ബ്ലാസ്റ്റേഴ്‌സ് റെഡി

Published

|

Last Updated

തിരുവനന്തപുരം: ഐ എസ് എല്‍ ഫുട്‌ബോള്‍ രണ്ടാം സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ മുഹമ്മദ് റാഫിയും, സി കെ വിനീതുമുള്‍പ്പെടെ ടീമിനെയാണ് ടീം ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇന്നലെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ചടങ്ങില്‍ ടീമിന്റെ ജേഴ്‌സി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് ടീം അംഗങ്ങളെ സച്ചിന്‍ പരിചയപ്പെടുത്തി.
ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടീം സ്‌പോണ്‍സര്‍മാരായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പങ്കെടുത്തു.
ടീം: പ്രധാന കോച്ച്: പീറ്റര്‍ ടൈലര്‍. കോച്ച്: ട്രെവര്‍ മോര്‍ഗന്‍, അസി.കോച്ച്: ഇഷ്ഫാഖ് അഹ്മദ്. മുന്‍ നിര: മുഹമ്മദ് റാഫി, സി കെ വിനീത്, ക്രിസ് ഡഗ്‌നല്‍, അന്റോണിയോ തിമോത്തി, സാഞ്ചസ് വാട്ട്, മന്‍ദീപ് സിംഗ്.
മധ്യനിര: മെഹതാബ് ഹുസൈന്‍, വിക്ടര്‍ ഹരീക്കോ ഫൊക്കാര്‍ഡ്, ജാവ കോയിമ്പ്ര, കാവിന്‍ ലോബോ, ശങ്കര്‍ തമ്പിംഗരാജ്, പീറ്റര്‍ കാര്‍വലോ, ജോഷ്വ കുര്യസ് പ്രിറ്റോ.
പ്രതിരോധ നിര: കാര്‍ലോസ് മര്‍ച്ചേന, പീറ്റര്‍ റെമെയ്ജ്, മാര്‍ക്കസ് വില്യംസ്, ബ്രൂണോ പെറോണ്‍, ഗുര്‍വീന്ദര്‍ സിംഗ്, രമണ്‍ദീപ് സിംഗ്, സന്ദേശ് ജിംഗാന്‍, സൗമിക് ഡേ.
ഗോള്‍കീപ്പര്‍: സന്ദീപ് നന്ദി, സ്റ്റീഫന്‍ ബൈവാട്ടണ്‍, ഷില്‍ട്ടന്‍ പോള്‍.
വീണ്ടും “ഒറ്റയാന്‍” കുതിപ്പ് ?
കോഴിക്കോട്: ലോകഫുട്‌ബോളിലെ മഞ്ഞപ്പടയായ ബ്രസീലിനെ അനുസ്മരിപ്പിക്കുന്ന ഇന്ത്യയുടെ മഞ്ഞപ്പട – കേരളബ്ലാസ്റ്റേഴ്‌സ് ! രണ്ടാമത് ഐ എസ് എല്ലിലും അതേ മഞ്ഞക്കുപ്പായത്തില്‍ കേരള ടീമെത്തുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ “ഒറ്റയാനാ”യി കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും മാറിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. തുടക്കത്തില്‍ തണുപ്പന്‍ നയമായിരുന്നെങ്കിലും പിന്നീട് ഉറച്ച കാല്‍വെപ്പുകളിലാണ് ബ്ലാസ്റ്റേഴ്‌സ് നീങ്ങിയത്. ടീം തിരഞ്ഞെടുപ്പ് മുതല്‍ ടീമിനെ അവതരിപ്പിക്കുന്നതില്‍ വരെ അത് എത്തിനില്‍ക്കുന്നു. ഇത്തവണയും ടീം ഉടമയായ സച്ചിന്‍ തന്നെയാണ് ടീമിനെ അവതരിപ്പിച്ചത്. എല്ലാ പൊസിഷനിലേക്കും കഴിവുള്ള വിദേശ കളിക്കാരെ കണ്ടെത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ ആഭ്യന്തരതാരങ്ങളും കിടിലനാണ്. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 21 കോച്ചായിരുന്ന പീറ്റര്‍ ടെയ്‌ലര്‍ കേരള ടീമിന് മുതല്‍ക്കൂട്ടാകും. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ വേഗം കൈവരിച്ചാകും ബ്ലാസ്റ്റേഴ്‌സ് എതിരാളികളുടെ മേല്‍ തലയെടുപ്പ് കാണിക്കുക.
ഏഴ് ടീമുകളും വിദേശരാജ്യങ്ങള്‍ പരിശീലനത്തിന് തിരഞ്ഞെടുത്തപ്പോള്‍ നാട്ടിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചത്. കേരളത്തിലെ പരിശീലനം ബ്ലാസ്റ്റേഴ്‌സിന്റെ വിദേശകളിക്കാര്‍ക്ക് ഇന്ത്യന്‍ സാഹചര്യവുമായും സ്റ്റേഡിയവുമായും പൊരുത്തപ്പെടാന്‍ ഏറെ സഹായകരമാകും. മാത്രമല്ല, കെ എസ് ഇ ബി, എസ് ബി ടി ടീമുകളുമായുള്ള പരിശീലനമത്സരത്തില്‍ ഗോളടിച്ചു കൂട്ടിയും ടീം ആത്മവിശ്വാസം ഉയര്‍ത്തി.
ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ പരീക്ഷിക്കാതിരിക്കുന്നത് ടീമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും തടസ്സമാകും. തിരുവനന്തപുരത്തെ ക്യാമ്പിനുശേഷം സാല്‍ഗോക്കര്‍, ഡെംപോ ടീമുകളുമായുള്ള പരിശീലനത്സരങ്ങള്‍ക്കായി ഗോവയിലേക്ക് പോകുമെന്ന് പറഞ്ഞിരുന്ന ബ്ലാസ്റ്റേഴ്‌സ് കേരളത്തില്‍ തന്നെ പരിശീലനം പൂര്‍ത്തിയാക്കാനാണ് സാധ്യത. ഐ എസ് എല്‍ ടീമുകളിലുള്ള ഗോവന്‍ ക്ലബുകളിലെ ഇന്ത്യന്‍ താരങ്ങളെ ടീമിന് ഇപ്പോള്‍ കിട്ടാത്തതിനാല്‍ പൂര്‍ണ ടീമിനെ ഇറക്കാന്‍ കഴിയില്ലെന്നതാണ് ഇതിന് കാരണം.
കരുത്തരായ എതിരാളികളെ കണ്ടെത്തി പരിശീലന മത്സരം സംഘടിപ്പിക്കാത്തതും ടീമിന്റെ നീക്കങ്ങള്‍ മാധ്യമങ്ങള്‍ക്കും അതുപോലെ തന്നെ ആരാധകര്‍ക്കും സമയത്തിന് നല്‍കാന്‍ കഴിയാത്തതും ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങളിലെ പോരായ്മയായി നിലനില്‍ക്കുകയാണ്. എല്ലാ ടീമുകളും തങ്ങളുടെ പരിശീലന മത്സരങ്ങളുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്നുണ്ട്. ഡല്‍ഹി ഡൈനാമോസ് തങ്ങളുടെ പരിശീല മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങും ലഭ്യമാക്കുന്നുണ്ട്.