Connect with us

Kannur

ജനങ്ങളുടെ അഭിപ്രായമറിഞ്ഞ് ഭരിക്കാന്‍ സി പി എമ്മിന്റെ ജനകീയ സര്‍വേ

Published

|

Last Updated

കണ്ണൂര്‍: ജനസ്വാധീനം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് ജനകീയ-രാഷ്ട്രീയ, സംഘടനാ നടപടികളുമായി തദ്ദേശ തിരഞ്ഞെടുപ്പിന് സി പി എം രംഗത്തിറങ്ങുന്നു. സമീപകാലത്തായി തൊട്ടതെല്ലാം വിവാദത്തില്‍ കലാശിച്ച സി പി എമ്മിന്, തങ്ങളുടെ അടിത്തറക്ക് ഒരിളക്കവും തട്ടിയിട്ടില്ലെന്ന് തെളിയിക്കേണ്ട സാഹചര്യം കൂടിയായതിനാലാണ് ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും സ്വീകരിക്കാതിരുന്ന തരത്തിലുള്ള പുതിയ ജനകീയ പരിപാടികളുമായി പാര്‍ട്ടി രംഗത്തിറങ്ങുന്നത്. ഇടതുമുന്നണിയുടെ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ പ്രതിനിധിയും എന്തു തരം പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഏറ്റെടുത്തു നടത്തേണ്ടതുള്ളതെന്ന് ബഹുജനാഭിപ്രായത്തിലൂടെ അറിയാനുള്ള കര്‍മപരിപാടിക്കാണ് പാര്‍ട്ടി ഇക്കുറി തുടക്കമിടുന്നത്.
കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന സി പി എം നേതൃ യോഗമാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിച്ചത്. സംസ്ഥാന വ്യാപകമായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് പ്രകടനപത്രിക കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുതലത്തില്‍ പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇതിനായി പഞ്ചായത്തുകളില്‍ സെമിനാര്‍ സംഘടിപ്പിക്കും.
പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ബഹുജനാഭിപ്രായം തേടും. വായനശാല, റേഷന്‍ കടകളുടെ പരിസരം, ചന്തകള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലെല്ലാം ജനങ്ങള്‍ക്ക് അഭിപ്രായം എഴുതിയിടാന്‍ കഴിയുന്ന പെട്ടികള്‍ സ്ഥാപിക്കും. ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സെമിനാറില്‍ രേഖ അവതരിപ്പിക്കും. ഇതാണ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഭരണം നടത്താനുള്ള പ്രധാന മാര്‍ഗരേഖയായി കണക്കാക്കുക.
ഓരോ ജില്ലകളിലും ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യങ്ങള്‍ കണ്ടെത്തി പാര്‍ട്ടിയുടെ പ്രാദേശിക ഭാരവാഹികളോട് പ്രത്യേകം നിര്‍ദേശം സമര്‍പ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്. പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങളില്‍ കക്ഷിരാഷ്ട്രായ ഭേദമന്യേ എതിര്‍ കക്ഷികളുടെ നേതാക്കളോടക്കം പ്രത്യേകം അഭിപ്രായം തേടണമെന്നും ലോക്കല്‍-ഏരിയാതല നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. സി പി എമ്മിന് തീര്‍ത്തും സ്വാധീനമില്ലാത്ത കേന്ദ്രങ്ങളിലടക്കം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് പാര്‍ട്ടി നിര്‍ദേശം. അതേസമയം എതിരാളികളില്‍ നിന്നു പോലും സി പി എമ്മിന് ഏറെ പ്രശംസ ലഭിച്ച ജൈവ പച്ചക്കറി ഉത്പാദന പരിപാടിയെ പ്രധാന വികസന പരിപാടിയായി പ്രഖ്യാപിക്കുകയും ചെയ്യും.
എല്ലാ ജില്ലകളെയും ജൈവ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്ന ജില്ലകളാക്കി മാറ്റുന്നതിനുള്ള കര്‍മപരിപാടികളാവിഷ്‌കരിക്കാനും തീരുമാനമായിട്ടുണ്ട്. അതു കൂടാതെ ഭവനരഹിതരായ എല്ലാവര്‍ക്കും വീട് നല്‍കുക, സ്‌കൂളുകള്‍ തോറും ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തുക, വിദ്യാര്‍ഥികളില്‍ ജാതി മത വേര്‍തിരിവുണ്ടാക്കുന്നതിനെതിരെ ബോധവത്കരണം, അലോപ്പതി ആയുര്‍വേദ ഹോമിയോ ജില്ലാ ആശുപത്രികളുടെ പ്രവര്‍ത്തനം ശക്തമാക്കുക തുടങ്ങി നിരവധി പദ്ധതികളാണ് ആദ്യഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകള്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ കരട് പട്ടികയിലുണ്ടാകുക.
കണ്ണൂരിലാണ് അഭിപ്രായ സര്‍വേ പദ്ധതികള്‍ ആദ്യമായി ആരംഭിക്കുന്നത്. ഈ മാസം 25ന് നിര്‍ദേശങ്ങള്‍ ശേഖരിച്ച് അതത് പ്രദേശങ്ങളിലെ എല്‍ ഡി എഫ് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് പ്രാദേശിക വികസന പ്രകടനപത്രികകള്‍ തയാറാക്കുകയും ഒക്ടോബര്‍ രണ്ടിന് ജില്ലാ പഞ്ചായത്തിന്റെ കരട് പത്രിക പ്രകാശനം ചെയ്യുന്ന വിധത്തിലുമാണ് കണ്ണൂരിലെ പരിപാടികള്‍ നടക്കുക.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest