Connect with us

Kozhikode

മുക്കത്തെ ജ്വല്ലറിയിലെ കവര്‍ച്ച: മുഖ്യപ്രതിയെ കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

താമരശ്ശേരി: മുക്കത്തെ ജ്വല്ലറിയില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണവും നാലര കിലോ വെള്ളിയും കവര്‍ന്ന സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രധാന പ്രതിയെ താമരശ്ശേരിയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. ഝാര്‍ഖണ്ഡ് സ്വദേശിയായ കൃഷ്ണാ രബിദാസിനെ(27)യാണ് കൊടുവള്ളി സി ഐ. എ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തുടരന്വേഷണത്തിനും മോഷണമുതല്‍ കണ്ടെടുക്കാനുമായി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞമാസം 12 നാണ് മുക്കത്തെ വിസ്മയ ഗോള്‍ഡില്‍ കവര്‍ച്ച നടന്നത്. താമരശ്ശേരി ഡി വൈ എസ് പി. ആര്‍ ശ്രീകുമാറിന്റെ പ്രത്യേക ക്രൈം സ്‌ക്വാഡും കൊടുവള്ളി സി ഐ യും ചേര്‍ന്ന് അറസ്റ്റ് ചെയ്ത് മാള്‍ഡ കോടതിയില്‍ ഹാജരാക്കിയാണ് പ്രതിയെ താമരശ്ശേരിയിലെത്തിച്ചത്. കൃഷ്ണാ രബിദാസ് ഉള്‍പ്പെടെയുള്ള ഏഴംഗ സംഘമാണ് മോഷണം നടത്തിയതെന്നതിന് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി ഡി വൈ എസ് പി. ആര്‍ ശ്രീകുമാര്‍ പറഞ്ഞു. ദിവസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഉത്തരേന്ത്യന്‍ സംഘം മോഷണം നടത്തുന്നത്.
മോഷണം നടത്താനുള്ള സ്ഥാപനം ദിവസങ്ങളോളം നിരീക്ഷിക്കുകയും സമീപത്ത് താമസമാക്കുകയും ചെയ്യും. ശേഷം സഹായത്തിന് മറ്റുള്ളവരെ സംഘടിപ്പിക്കും. മോഷണം നടത്തിയാല്‍ ഉടന്‍ സ്ഥലം വിടും. ഇത്തരത്തിലുള്ള വന്‍ റാക്കറ്റ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ഡി വൈ എസ് പി പറഞ്ഞു. പ്രതിയെ ഇന്ന് മുക്കത്തെ ജ്വല്ലറിയിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുക്കും.

Latest