Connect with us

Malappuram

ലീഗിന്റെ പൊന്നാപുരം കോട്ട

Published

|

Last Updated

മലപ്പുറത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ബഹു ഭൂരിപക്ഷവും യു ഡി എഫിന്റെ കൈകളിലാണ്. മലപ്പുറം നഗരസഭയും വിഭിന്നമല്ല. നഗര ഹൃദയത്തിലെ മലപ്പുറം ജില്ലാ പഞ്ചായത്ത് 1970ലാണ് നഗരസഭയായത്. ഒരിക്കല്‍ മാത്രമാണ് ഇടതുപക്ഷം മലപ്പുറം നഗരസഭയുടെ അധികാരത്തിലെത്തിയത്. 1995ല്‍ സ്വതന്ത്രരുടെ പിന്‍ബലത്തിലായിരുന്നു ഇടതുപക്ഷം ഭരണം നടത്തിയത്.
മുസ്‌ലിംലീഗിന്റെ ശക്തി കേന്ദ്രമായതിനാല്‍ മറ്റ് കക്ഷികള്‍ക്ക് ഇവിടെ ജയിച്ച് കയറുക പ്രയാസകരമാണ്. ഇപ്പോഴും ഭരണം നടത്തുന്നത് മുസ്‌ലിംലീഗിന്റെ അംഗങ്ങളുടെ ഭൂരിപക്ഷ പിന്തുണയോടെ യു ഡി എഫ് തന്നെയാണ്. ഈ തിരഞ്ഞെടുപ്പിലും മലപ്പുറം നഗരസഭയില്‍ മാറ്റത്തിന്റെ കാറ്റു വീശാനുള്ള സാധ്യതകളൊന്നുമില്ല. ഇത് യു ഡി എഫിന് തികഞ്ഞ പ്രതീക്ഷ നല്‍കുന്നു. 33.61 ചതുരശ്ര കീലോമീറ്ററാണ് നഗരസഭാ വിസ്തീര്‍ണം. 75740 ആണ് നഗരസഭയിലെ ജനസംഖ്യ. സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധേയമായ പദ്ധതികള്‍ നടപ്പിലാക്കിയെന്നതാണ് മലപ്പുറത്തിന്റെ പ്രത്യേകത.
സീറോ ഫയല്‍ നഗസഭയായി മലപ്പുറം മാറി. മികച്ച സി ഡി എസിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു. ശിഹാബ് തങ്ങള്‍ ഭവന പദ്ധതിയിലൂടെ നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ച് നല്‍കി. പദ്ധതി വിഹിതം നൂറ് ശതമാനം ചെലവഴിച്ചതിന് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരവും ലഭിച്ചു. നേരറിയാന്‍ നേരിട്ട് പരിപാടിയിലൂടെ പൊതുജനങ്ങളുടെ 2700 പരാതികളില്‍ തീര്‍പ്പാക്കിയതായും ഭരണപക്ഷം അവകാശപ്പെടുന്നു. ഐ എസ് ഒ അംഗീകാരവും നഗരസഭയെ തേടിയെത്തി. എന്നാല്‍ പല പദ്ധതികളും പേരില്‍ മാത്രമായി ഒതുങ്ങി. ഏറ്റവും ഒടുവില്‍ നടപ്പാക്കിയ ഭക്ഷണം ചുമരിലുണ്ട്, അക്ഷയ പാത്രം എന്നീ പദ്ധതികള്‍ സമ്പൂര്‍ണതയിലെത്തിയില്ല. മലപ്പുറത്തെ സൗജന്യ വൈഫൈ നഗരമാക്കുമെന്ന പ്രഖ്യാപനവും പൂര്‍ണതയിലെത്തിയിട്ടില്ല. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് നാളുകളായിട്ടും വൈ ഫൈ കണക്ഷന്‍ ലഭിക്കാത്തവരാണ് കിട്ടിയവരേക്കാള്‍ കൂടുതല്‍.
മലപ്പുറം നഗരത്തിലെ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം പരിതാപകരമായി തുടരുന്നു. നഗര ഹൃദയത്തില്‍ പോലും തെരുവ് വിളക്കുകള്‍ കത്തുന്നില്ല. മലപ്പുറം ബൈപ്പാസ് തുറന്ന് കൊടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളായി മുറവിളി ഉയരുന്നുണ്ട്. ഇതേ തുടര്‍ന്ന് നഗരം മിക്ക സമയവും ഗതാഗത സ്തംഭനത്തില്‍ അമരുകയാണ്. ഗതാഗത പരിഷ്‌കരണത്തിനായി പല പദ്ധതികളും നടപ്പാക്കിയെങ്കിലും ഇവ കീറാമുട്ടിയായി തുടരുന്നു. കുടിവെള്ള പദ്ധതികളും നഗരസഭാ പരിധിയില്‍ മുഴുവനായി നടപ്പാക്കാനാകാത്തതും പോരായ്മയായി പ്രതിപക്ഷം ആരോപിക്കുന്നു. കുടിവെള്ളത്തില്‍ മാലിന്യം പടരുന്നത് തടയാന്‍ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല. ലക്ഷങ്ങള്‍ മുടക്കിയ കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്ക് കാടു പിടിച്ചും യന്ത്രങ്ങളെല്ലാം തുരുമ്പെടുത്തും മൃതാവസ്ഥയിലാണ്. മഴ പെയ്താല്‍ കോട്ടപ്പടി മാര്‍ക്കറ്റ് വെള്ളത്തില്‍ മുങ്ങും. പല തവണ വ്യാപാരികള്‍ ഈ പ്രശ്‌നം നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ശാശ്വത പരിഹാരമായിട്ടില്ല. ഭാവിയില്‍ കോര്‍പറേഷനായി മാറാന്‍ സാധ്യതയുള്ള തദ്ദേശ സ്ഥാപനമാണ് മലപ്പുറം നഗരസഭ. ഇതിനുള്ള ശ്രമങ്ങളുണ്ടായെങ്കിലും പിന്നീടതിനെ കുറിച്ച് ചര്‍ച്ചകളുണ്ടായില്ല.