Connect with us

National

മധ്യപ്രദേശില്‍ പുതിയ അഴിമതി; ഗുഡ്കക്ക് കോടികളുടെ നികുതി ഇളവ്

Published

|

Last Updated

ഭോപ്പാല്‍: വ്യാപം കേസില്‍ പ്രതിരോധത്തിലായ മധ്യപ്രദേശ് സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍. റവന്യൂ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഒരു ഗുഡ്ക കമ്പനിക്ക് നികുതിയിളവ് നല്‍കുക വഴി 600 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് വെളിപ്പെടുത്തല്‍.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് സി ബി ഐ സമീപിച്ചിരിക്കുകയാണ് ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ അസിസ്റ്റന്റ് കമ്മീഷണര്‍ സ്വരണ്‍ കുമാര്‍ ബന്‍സാല്‍. 2009ല്‍ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പില്‍ ചീഫ് റവന്യൂ കമ്മീഷണറായിരുന്ന എസ് കെ എസ് സോംവന്‍ഷി അടക്കമുള്ളവരാണ് ക്രമക്കേടിന് നേതൃത്വം കൊടുത്തതെന്ന് സ്വരണ്‍ കുമാര്‍ പറയുന്നു. ഇപ്പോള്‍ ഭീലായിയില്‍ ജോലി ചെയ്യുന്ന തന്റെ കൈയില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇക്കാര്യം മനസ്സിലാക്കിയ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയും റവന്യൂ സര്‍വീസില്‍ തന്നെ ഉദ്യാഗസ്ഥയായ ഭാര്യയെയും നിരന്തരം സ്ഥലം മാറ്റുകയാണ്. ഭോപ്പാലില്‍ നിന്ന് നേരെ കൊച്ചിയിലേക്കായിരുന്നു സ്ഥലം മാറ്റം. പിന്നീട് ഭീലായിയിലേക്ക് മാറ്റി. മധ്യപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുഡ്ക കമ്പനിക്ക് അനുകൂലമായി തീരുമാനങ്ങളെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വരണ്‍ കുമാറിന്റെ പരാതി സ്വീകരിച്ച് സി ബി ഐ പ്രഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കാന്‍ തെറ്റായ കണക്കുകള്‍ കാണിക്കുകയായിരുന്നു കൈപാന്‍ ഗുഡ്കാ കമ്പനിയെന്നും ഇതിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നുവെന്നും സി ബി ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഗുഡ്ക പാക്കിംഗിന് ഹൈ സ്പീഡ് യന്ത്രം വാങ്ങിയതിലാണ് പ്രധാനമായും ചെലവ് കുറച്ച് കാണിച്ചത്. നോയിഡയിലെ ഉള്‍ഫക്‌സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് യന്ത്രം വാങ്ങിയത് ഒരു യന്ത്രത്തിന് 90 ലക്ഷം എന്ന നിരക്കിലാണ്.
എന്നാല്‍ നേരത്തേയുള്ള യന്ത്രത്തിന് അറുപതിനായിരം രൂപ മാത്രമാണ് വില. എന്നാല്‍ ഈ നിരക്ക് തന്നെയാണ് പുതിയ മെഷീനും കാണിച്ചിരിക്കുന്നത്. വിലയില്‍ 150 ശതമാനത്തിന്റെ അന്തരമാണുള്ളതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ നികുതി അധികൃതര്‍ക്ക് കമ്പനി വ്യക്തമായ കണക്ക് നല്‍കിയില്ല. ഉള്‍ഫെക്‌സ് കമ്പനിയുടെ ചെയര്‍മാന്‍ അശോക് ചതുര്‍വേദി കൈക്കൂലി നല്‍കിയതിന് നിയമനടപടി നേരിടുന്നുണ്ട്.
ഗുഡ്ക കമ്പനിയുടെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കണമെന്ന തന്റെ നിലപാട് അംഗീകരിക്കാന്‍ സോംവന്‍ഷി തയ്യാറായില്ലെന്നും കമ്പനിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ ടെലിഫോണ്‍ വിവരങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും സ്വരണ്‍ കുമാര്‍ പറയുന്നു.

---- facebook comment plugin here -----

Latest