Connect with us

National

ഏഴര ലക്ഷം രൂപവരെ ഈടില്ലാതെ വിദ്യാഭ്യാസ വായ്പ

Published

|

Last Updated

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനായി ഒരു ഈടുവെയ്പുമില്ലാതെ ഏഴര ലക്ഷം രൂപ വരെ ബേങ്ക് വായ്പ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അപൂര്‍വമായി മാത്രം രണ്ട് ശതമാനത്തില്‍ താഴെ പലിശ ഈടാക്കുകയുള്ളൂവെന്നും പറയുന്നു. 20 വര്‍ഷംകൊണ്ട് അടച്ചുതീര്‍ക്കാവുന്ന വായ്പ തുക, വിദ്യാര്‍ഥിയുടെ പഠനം പൂര്‍ത്തിയായി ഒരു വര്‍ഷം മുതലോ അല്ലെങ്കില്‍ ജോലി ലഭിച്ചതിനുശേഷമോ അടച്ചു തുടങ്ങിയാല്‍ മതി. നേരത്തേ നാല് ലക്ഷം രൂപ വരെയാണ് വിദ്യാഭ്യാസ വായ്പ നല്‍കിയിരുന്നത്. അതും കാര്യമായ വ്യവസ്ഥകളുടെയും ഈടിന്റെയും പിന്‍ബലത്തില്‍. പഠനം കഴിഞ്ഞ് ആറുമാസം കൊണ്ട് വിഹിതം അടച്ചുതുടങ്ങുകയും വേണം. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സേവന വകുപ്പ് വിദ്യാഭ്യാസ വായ്പക്കുള്ള ഫണ്ട് വിതരണം പുതുക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ബന്ധപ്പെട്ട ഓഫീസ് വെളിപ്പെടുത്തി.
2012 ല്‍ യു പി എ സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പിലാക്കാനായില്ല. വായ്പ നല്‍കുന്നതിന് വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഫണ്ട് ഉറപ്പുവരുത്താനും സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.
മാനവ വിഭവശേഷി വികസന വകുപ്പ് ബജറ്റ് വിഭവങ്ങളില്‍നിന്നും ക്രെഡിറ്റ് ഗ്യാരന്റി ഫണ്ടിലേക്കായി പണം കണ്ടെത്താനുള്ള നടപടിയിലാണ്. എല്ലാ ദേശസാത്കൃത ബേങ്കുകളും ഈ പദ്ധതിയുടെ ഭാഗമാണ്. ധാരാളം സ്വകാര്യ ബേങ്കുകളും ഇന്ത്യന്‍ ബേങ്ക് അസോസിയേഷനില്‍ അംഗമായിട്ടുള്ള മറ്റു ബേങ്കുകളും ഈ പദ്ധതിയുടെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

Latest