Connect with us

International

പാക്കിസ്ഥാനില്‍ തീവ്രവാദി ആക്രമണം: 42 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

പെഷാവര്‍: പാക്കിസ്ഥാനിലെ പെഷാവറിന് സമീപം വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിലും തുടര്‍ന്നുണ്ടായ സൈനിക പ്രത്യാക്രമണത്തിലും 42 പേര്‍ കൊല്ലപ്പെട്ടു. വ്യോമസേനാ ക്യാപ്റ്റനും വ്യോമസേനാ താവളത്തിലെ സാങ്കേതിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 29 പേര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. പ്രത്യാക്രമണത്തില്‍ 13 തെഹ്‌രികെ താലിബാന്‍ ഭീകരരെ സൈന്യം കൊലപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്റെ പാക് പതിപ്പായ തെഹ്‌രികെ താലിബാന്‍ പാക്കിസ്ഥാന്‍ (ടി ടി പി) ഏറ്റെടുത്തു.
ആയുധധാരികളായ ഭീകരസംഘം ഇന്നലെ പുലര്‍ച്ചെയാണ് പെഷാവറില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ബദാബര്‍ വ്യോമസേനാ താവളത്തിനകത്തെ പള്ളിയില്‍ ആക്രമണം നടത്തിയത്. എ കെ 47 തോക്കുകളും ഗ്രനേഡുകളുമായി സൈനിക വേഷത്തില്‍ രണ്ട് സംഘങ്ങളായാണ് ആക്രമികള്‍ അകത്തുകടന്നത്. അകത്ത് പ്രവേശിച്ചയുടനെ പള്ളിയില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന 16ഓളം പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികരും സാങ്കേതിക ഉദ്യോഗസ്ഥരുമടക്കം 29 പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാക് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 13 ഭീകരരെ കൊലപ്പെടുത്തിയതായി സൈനിക വക്താവ് മേജര്‍ ജനറല്‍ അസിം ബാജ്വ ട്വീറ്റ് ചെയ്തു. ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരടക്കം 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഭീകരര്‍ ആക്രമണം തുടങ്ങി വളരെ പെട്ടെന്നുതന്നെ സൈനിക പ്രത്യാക്രണവും ആരംഭിച്ചു. അഞ്ച് മണിക്കൂറിനുള്ളില്‍ അവരെ തുരത്താന്‍ കഴിഞ്ഞെങ്കിലും മറഞ്ഞിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള പരിശോധനകള്‍ തുടരുകയാണെന്നും ബാജ്വ കൂട്ടിച്ചേര്‍ത്തു. കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹിദായത്തുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ നടത്തിയ വ്യോമനിരീക്ഷണത്തിലൂടെ ആക്രമണവുമായി ബന്ധപ്പെട്ട 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ് സംഭവ സ്ഥലം സന്ദര്‍ശിച്ചു.
അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി തെഹ്‌രികെ താലിബാന്‍ പാക്കിസ്ഥാന്‍ (ടി ടി പി) വക്താവ് മുഹമ്മദ് ഖുര്‍റാസനി മാധ്യമങ്ങള്‍ക്കുള്ള ഇ മെയില്‍ സന്ദേശത്തില്‍ അറിയിച്ചു. 80തോളം സൈനികര്‍ തങ്ങളുടെ പ്രവര്‍ത്തകരെ വളഞ്ഞുവെന്നും അവരില്‍ അമ്പതോളം പേരെ കൊലപ്പെടുത്തിയെന്നുമാണ് ടി ടി പിയുടെ അവകാശവാദം. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നവാസ് ശരീഫ്, രാജ്യത്ത് നിന്ന് ഭീകരവാദം പിഴുതെറിയുമെന്ന് ആവര്‍ത്തിച്ചു.
അതിനിടെ, പഞ്ചാബ് പ്രവിശ്യയിലെ കമ്‌റ നാവിക താവളത്തിന് നേരെ ഭീകരര്‍ ആസൂത്രണം ചെയ്ത ചാവേര്‍ ബോംബാക്രമണം വിഫലമാക്കിയതായി കറാച്ചി പോലീസ് അറിയിച്ചു. അത്രയൊന്നും അറിയപ്പെടാത്ത തെഹ്‌രികെ ഇമാറത്ത് ഇസ്‌ലാമിയ അഫ്ഗാനിസ്ഥാന്‍ എന്ന ഭീകര സംഘടനയുടെ പ്രധാന നേതാവിനെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
പെഷാവറിലെ ബദാബര്‍ നാവികത്താവളം ഇപ്പോള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നില്ല. പകരം, സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള താമസ സൗകര്യമാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭീകരര്‍ ഏറെത്തവണ ആക്രമണം നടത്തിയിട്ടുള്ള സ്ഥലമാണ് പെഷാവര്‍. കഴിഞ്ഞ ഡിസംബറില്‍ ഇവിടത്തെ സൈനിക സ്‌കൂളിന് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ നിരവധി കുട്ടികളടക്കം 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.