Connect with us

National

നേതാജിയെ സംബന്ധിച്ച രഹസ്യ രേഖകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

Published

|

Last Updated

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. 12000ല്‍ അധികം
പേജ് അടങ്ങിയ 64 ഫയലുകളാണ് പുറത്തുവിട്ടത്. കൊല്‍ക്കത്തയിലെ പൊലീസ് മ്യൂസിയത്തിലാണ് രേഖകള്‍ പുറത്തുവിട്ടത്. ഏഴ് പതിറ്റാണ്ട് നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് രേഖകള്‍ പുറത്തുവിട്ടത്. രേഖകള്‍ ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് കമ്പ്യൂട്ടറിലാക്കിയിട്ടുണ്ട്.

64 ഫയലുകളും നേതാജിയുടെ കുടുംബത്തിന് കൈമാറി. ഡിവിഡിയിലാക്കിയ രേഖകള്‍ ഉടന്‍ മാധ്യമങ്ങള്‍ക്ക് നല്‍കും. 64 ഫയലുകളില്‍ 55 എണ്ണം കൊല്‍ക്കത്ത പൊലീസില്‍ നിന്നുള്ളതും 9 എണ്ണം ഇന്റലിജന്‍സ് ബ്രാഞ്ചില്‍ നിന്നുള്ളതുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള 130 രേഖകളും ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

1945 ഓഗസ്റ്റ് 18ന് തായ്‌ഹോക്കുവിലുണ്ടായ വിമാനാപകടത്തില്‍ നേതാജി മരിച്ചെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ വിമാനാപകടത്തില്‍ നേതാജി മരിച്ചിട്ടില്ലെന്ന് വിശ്വസിച്ചവരും ഏറെയുണ്ടായിരുന്നു. വിമാനാപകടത്തിന്റെ അഞ്ച് മാസത്തിനു ശേഷവും നേതാജി ജീവിച്ചിരിക്കുന്നുവെന്ന് തോന്നലുണ്ടെന്ന് ഗാന്ധിജി തന്നെ വ്യക്തമാക്കിയിരുന്നു. 1964 വരെ അജ്ഞാത കേന്ദ്രത്തില്‍ നേതാജി ജീവിച്ചിരുന്നൂവെന്ന വാദവും ഉണ്ടായിരുന്നു. നേതാജിയുടെ തിരോധാനത്തിന്റെ ചുരുളഴിക്കുന്നതിന് വേണ്ടി മൂന്ന് കമീഷനുകളെ കേന്ദ്ര സര്‍ക്കാരുകള്‍ വിവിധ കാലങ്ങളിലായി നിയോഗിച്ചിരുന്നു. എന്നാല്‍ കമീഷനുകള്‍ക്കും യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശം ഉണ്ടായിരുന്നു.

സ്വാതന്ത്ര്യാനന്തരം കേന്ദ്ര സര്‍ക്കാര്‍ 1956ല്‍ ഷാനവാസ് കമ്മിറ്റിയേയും 1970ല്‍ ജി ഡി ഖോസ്‌ല ഏകാംഗ കമീഷനേയും നേതാജിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചു. രണ്ട് റിപ്പോര്‍ട്ടുകളും മരണം വിമാനാപകടത്തിലാണെന്ന നിഗമനം ശരിവയ്ക്കുകയായിരുന്നു. പിന്നീട് 1999ല്‍ നേതാജിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട മുഖര്‍ജി കമീഷന്‍ ആദ്യത്തെ രണ്ട് റിപ്പോര്‍ട്ടുകളും തള്ളിയെങ്കിലും നേതാജിക്ക് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയില്ല. സുഭാഷ് ചന്ദ്ര ബോസിന് 1992ല്‍ മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കിയത് ബന്ധുക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ സര്‍ക്കാരിന് തിരിച്ചെടുക്കേണ്ടിവന്നിരുന്നു. അദ്ദേഹം മരിച്ചെന്ന് തെളിയിക്കാന്‍ സര്‍ക്കാറിന് കഴിയാതിരുന്നതാണ് കാരണം.
അതേസമയം നേതാജി മരിച്ചത് സൈബിരിയയിലെ സോവിയറ്റ് തടവറയിലാണെന്നും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.