Connect with us

Wayanad

വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ്

Published

|

Last Updated

മാനന്തവാടി: വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.
ഈ മാസം 30ന് രാവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടത്താനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൂറുമാറിയവരെ അയോഗ്യരാക്കി കൊണ്ടുള്ള കമ്മീഷന്‍ ഉത്തരവിന്റെ സ്‌റ്റേ നീക്കിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കിയത്. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.
നിലവിലുണ്ടായിരുന്ന പ്രസിഡന്റ് പി മുഹമ്മദ്, വൈസ് പ്രസിഡന്റ് ഗ്രേസി ബെന്നി, അംഗങ്ങളായ ശാരദാ അപ്പച്ചന്‍, കൊയ്‌രമ്മ എന്നിവരെയാണ് അയോഗ്യരാക്കിയത്. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് അംഗങ്ങളായ ഇവര്‍ കൂറുമാറി ഭരണം നടത്തുകയായിരുന്നു.
ഇവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. കൂറുമാറിയ സുലൈഖ ഉസ്മാന്‍ ഇപ്പോള്‍ യു ഡി എഫിലാണ്. ഇതോടെ 16 അംഗ ഭരണ സമിതിയില്‍ യു ഡി എഫിന് ഒമ്പത് പേരും എല്‍ ഡി എഫിന് ഏഴു പേരുമാണ് ഉള്ളത്. യു ഡി എഫിലെ സി മമ്മു ഹാജി പ്രസിഡന്റ് സ്ഥാനത്തേക്കും ഷീമ സുരേഷ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചേക്കുമെന്നാണ് സൂചന. ത്രിതല പഞ്ചായത്ത് പഞ്ചായത്തുകളുടെ കാലാവധി അവസാനിക്കാന്‍ ഒന്നര മാസം മാത്രം ബാക്കി നില്‍ക്കെയാണ് തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശം വന്നിരിക്കുന്നത്.