Connect with us

Malappuram

ഡിഫ്തീരിയ മരണം; 22ന് പ്രദേശത്ത് കുത്തിവെപ്പ് ക്യാമ്പ്

Published

|

Last Updated

മലപ്പുറം: വെട്ടത്തൂരില്‍ ഡിഫ്തീരിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരണപ്പെട്ട സാഹചര്യത്തില്‍ ഈ മാസം 22ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ നടത്തും.
രോഗത്തിന്റെ വ്യാപ്തി തടയുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍. ഇതിനായി ജില്ലാ ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിക്കും. ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ജില്ലാപഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ഡിഫ്തീരിയ കുത്തിവെപ്പെടുത്തവരുടെ ലിസ്റ്റ് തയ്യാറാക്കും. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെ കണ്ടെത്തി ബോധവത്കരിച്ച് കുത്തിവെപ്പെടുക്കാന്‍ ആരോഗ്യ വകുപ്പ് പദ്ധതി തയ്യാറാക്കി. രോഗം പൂര്‍ണമായി പ്രതിരോധിക്കാനായി 10 വയസ് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒക്‌ടോബര്‍ ഒന്നു മുതല്‍ 10 വരെ ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കും. വിദ്യായലങ്ങള്‍ കേന്ദ്രീകരിച്ചാണ് കുത്തിവെപ്പ് നല്‍കുക. നിലവില്‍ അഞ്ച് വയസിന് മുകളിലുള്ളവര്‍ക്കാണ് കുത്തിവെച്ച് നല്‍കി വരുന്നത്.
ഈ ലിസ്റ്റില്‍ 60 ശതമാനത്തില്‍ താഴെ മാത്രമാണ് കുത്തിവെപ്പെടുത്തിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെടാത്തവരാണ് ബോധവത്കരണത്തിലുടെ കുത്തിവെപ്പെടുപ്പിക്കുക. ഡിഫ്തീരിയ ബാധിച്ച് വെട്ടത്തൂര്‍ യതീംഖാനയിലെ അന്തേവാസിയായിരുന്ന അമീറുദ്ദീന്‍(12) കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ജില്ലയില്‍ നിന്ന് തുടച്ച് നീക്കിയെന്ന് പറയപ്പെടുന്ന ഡിഫ്തീരിയ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആരോഗ്യ വകുപ്പിന് തലവേദനയായിട്ടുണ്ട്. സംഭവം പുറത്ത് വന്നതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്ഥലം സന്ദര്‍ശിച്ചു. ഡെപ്യുട്ടി ഡി എം ഒ ആര്‍ രേണുകയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. കൂടാതെ ഈ യതീംഖാനയിലെ ഒരു കുട്ടിക്ക് കൂടി രോഗം പിടി കൂടിയിരുന്നു. ഈ കുട്ടിക്ക് രോഗം നിയന്ത്രവിധേയമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ബാക്ടീരിയ മൂലം തൊണ്ടക്ക് പാട രൂപപ്പെടുകയും ഇത് കാരണം രോഗിക്ക് ആഹാരമിറക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കും. കൂടാതെ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷം ഹൃദയത്തെ ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ കാളംപാറ, വെട്ടത്തൂര്‍ യതീംഖാനകളിലെ കുട്ടികളിലാണ് ഡിഫ്തീരിയ പടര്‍ന്ന് പിടിച്ചിരുന്നത്. ഇവിടങ്ങളിലെ 18 ഓളം വിദ്യാര്‍ഥികള്‍ നിലവില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.