Connect with us

Malappuram

ഭാഷാപിതാവിന്റെ മണ്ണില്‍ പോരാട്ടത്തിന് ഉറച്ച് മുന്നണികള്‍

Published

|

Last Updated

കഴിഞ്ഞ 44 വര്‍ഷത്തെ നഗരസഭയുടെ ചരിത്രത്തില്‍ രണ്ട് തവണ മാത്രമായിരുന്നു ലീഗിന് ഭരണം നഷ്ടമായത്. ലീഗിലെ പിളര്‍പ്പ് വേളയില്‍ അഖിലേന്ത്യാ ലീഗ് സി പി എം സഖ്യം ഭരണത്തിലെത്തിയതാണ് ആദ്യ സംഭവം.
പിന്നീട് 1995ല്‍ ഇടതു മുന്നണിയും ഭരിച്ചു. 2005ല്‍ ഒരു സീറ്റിന്റെ വ്യത്യാസത്തിലായിരുന്നു യു ഡി എഫ് ഭരണം നിലനിര്‍ത്തിയത്. എന്നാല്‍ 2010ല്‍ ലീഗ് തൂത്തുവാരി. ഇക്കാലയളവില്‍ പല വാര്‍ഡുകളിലും വിമതര്‍ തലപൊക്കി തുടങ്ങിയെങ്കിലും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷത്തോടെ ലീഗ് കൂടുതല്‍ ശക്തിയാര്‍ജിക്കുകയായിരുന്നു. തിരൂര്‍, തൃക്കണ്ടിയൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് തിരൂര്‍ നഗരസഭ. വടക്ക് താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളും കിഴക്ക് ചെറിയമുണ്ടം പഞ്ചായത്തും തെക്ക് തലക്കാടും പടിഞ്ഞാറ് വെട്ടം, നിറമരുതൂര്‍ പഞ്ചായത്തുകളുമാണ് അതിര്‍ത്തി പങ്കിടുന്നത്.
ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള തിരൂരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും യു ഡി എഫ് മുന്നണിയില്‍ വിഭാഗീയതയോ തമ്മിലടിയോ ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയം. അതേസമയം, ലീഗിനകത്തെ വിഭാഗീയതയും ആഭ്യന്തര കലഹവും സുഖമമായ ഭരണത്തിന് എന്നും തടസം സൃഷ്ടിച്ചു. പുതുമയാര്‍ന്ന വികസന പച്ചപ്പില്‍ ഭരണപക്ഷം ആത്മനിര്‍വൃതി കൊളളുമ്പാള്‍ പരാതീനതകളും നഗരത്തിന്റെ പിന്നോട്ടടിയും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നു.
സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ഇ സാക്ഷരതാ നഗരസഭയാണ് തിരൂര്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇതു പ്രഖ്യാപിച്ചത്. ജൈവപച്ചക്കറി കൃഷിയില്‍ സമ്പൂര്‍ണത കൈവരിച്ച നഗരസഭകളിലൊന്ന് എന്ന ഖ്യാതിയും തിരൂരിനുണ്ട്. ഇതിന് സര്‍ക്കാരില്‍ നിന്ന് അഞ്ചു ലക്ഷം രൂപയുടെ അവാര്‍ഡ് ലഭിച്ചു. കിടപ്പിലായ രോഗികളെ വീടുകളിലത്തെി പരിചരിക്കുന്നതിന് പരിരക്ഷ പദ്ധതി നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ നഗരസഭയാണ് തിരൂര്‍. കൗണ്‍സിലര്‍മാര്‍ക്ക് വാര്‍ഡ് വികസന ഫണ്ടെന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കി. കൗണ്‍സിലര്‍മാര്‍ക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വീതമാണ് വാര്‍ഡ് വികസന ഫണ്ടായി നല്‍കുന്നത്.
1970 മുതലുള്ള ജനനമരണ രജിസ്‌ട്രേഷന്‍ കമ്പ്യൂട്ടര്‍വത്കരിച്ചു. വീടില്ലാത്ത അഞ്ഞൂറ് കുടുംബങ്ങള്‍ക്കു രണ്ടു ലക്ഷം രൂപ വീതം ഭവന നിര്‍മാണത്തിന് അനുവദിച്ച് “അന്തസോടെ അന്തിയുറങ്ങാന്‍” പദ്ധതി നടപ്പിലാക്കി. 60 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് രോഗ പരിചരണത്തിന് 20 കേന്ദ്രങ്ങള്‍. മാനസിക വൈകല്യം നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി ബഡ്‌സ് സ്‌കൂള്‍. കുടുംബശ്രീയുടെ 11യൂനിറ്റുകളില്‍ ആടുഗ്രാമം പദ്ധതിയും 35 ഇടത്ത് കോഴി വളര്‍ത്തലും 38 കാര്‍ഷിക ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നു. ചേരി വികസനത്തിന് മൂന്നു കോടി രൂപ ചെലവിട്ടു. കാക്കടവ് കാരുടെ സ്വപ്‌നമായിരുന്ന തൂക്കുപാലം യാഥാര്‍ഥ്യമാക്കി. വാഗണ്‍ട്രാജഡി ടൗണ്‍ഹാള്‍ നവീകരിച്ചു. മത്സ്യമാംസ മാര്‍ക്കറ്റില്‍ മലിനജല സംസ്‌കരണ പഌന്റ് സ്ഥാപിച്ചു. നഗരസഭാ ഓഫീസ് 48ലക്ഷം രൂപ ചെലവില്‍ മോടികൂട്ടി. വികലാംഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, അങ്കണ്‍വാടികള്‍ക്ക് ഗ്യാസ് കണക്ഷന്‍, ഉപകരണങ്ങള്‍ എന്നിവ നല്‍കി. 2010ല്‍ 1044 പേര്‍ക്കാണ് സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗുണഭോക്താക്കളുടെ എണ്ണം നാലായിരം കടന്നു. സ്‌കൂളുകളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചും അടിസ്ഥാന സൗകര്യങ്ങളൊരുക്കിയും വിദ്യാഭ്യാസ മേഖലയിലും നേട്ടങ്ങള്‍ സൃഷ്ടിച്ചു. വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞു കിടന്നിരുന്ന ബസ്സ്റ്റാന്റ് ആധുനിക രീതിയില്‍ നവീകരിച്ചതും പ്രധാന നേട്ടമായി കരുതന്നു.
എന്നാല്‍ പല പദ്ധതികളും ഉദ്ഘാടന മാമാങ്കങ്ങളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. കൂടാതെ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനോ കായിക പ്രേമികളുടെ ചിരകാല സ്വപ്‌നമായ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനോ നഗരസഭയ്ക്കു കഴിഞ്ഞിട്ടില്ല. പാര്‍ക്കിംഗ് സംവിധാനമില്ലാത്തത് വ്യാപാര മേഖലയേയും കാര്യമായി ബാധിച്ചു.
നഗരത്തിലെ മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരം കാണുന്നതിലും നഗരസഭ പരാജയപ്പെട്ടു. 23 ലക്ഷം രൂപ ചിലവിട്ട് മത്സ്യ മാര്‍ക്കറ്റില്‍ നിര്‍മിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. രണ്ട് പതിറ്റാണ്ടോളമായി നഗരവാസികള്‍ കൊതിക്കുന്ന കാക്കടവ് സ്വപ്‌ന നഗരി പദ്ധതി സ്വപ്‌നമായി തന്നെ ഇന്നും തുടരുന്നു. സ്ഥലപരിമിതില്‍ വീര്‍പ്പ് മുട്ടുകയാണ് നഗരസഭാ ഓഫിസ് കെട്ടിടം.
ഓഫീസ് അനക്‌സ് കോംപ്ലക്‌സ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയെല്ലാം ഇപ്പോഴും കടലാസിലൊതുങ്ങുന്നു.