Connect with us

Gulf

എന്‍ ആര്‍ ഐ കമ്മീഷന്‍ രൂപവത്കരിക്കാന്‍ നടപടി തുടങ്ങി: മന്ത്രി കെ സി ജോസഫ്

Published

|

Last Updated

അബുദാബി: പ്രവാസികളുടെ സ്വത്തിനും വസ്തുക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിന് എന്‍ ആര്‍ ഐ കമ്മീഷന്‍ രൂപവത്കരിക്കാനുള്ള നടപടി ആരംഭിച്ചതായി പ്രവാസി കാര്യമന്ത്രി കെ സി ജോസഫ്. അബുദാബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് ബില്‍ അംഗീകരിച്ച് നിയമവകുപ്പിന് നല്‍കിയിരിക്കുകയാണ്. നിയമസഭയില്‍ ഓര്‍ഡിനന്‍സായി അവതരിപ്പിക്കും. വസ്തുക്കള്‍ അന്യാധീനപ്പെടുന്ന പരാതികളില്‍ പോലീസിന്റെ അന്വേഷണം കാലതാമസമുണ്ടാക്കുന്നു. അത് കൊണ്ടാണ് കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്, ജോസഫ് വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ നാല് മാസത്തെ അനുഭവത്തില്‍ പുനഃവിചിന്തനം ആവശ്യമാണെന്നാണ് സര്‍ക്കാറിന്റെ അഭിപ്രായം. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തട്ടിപ്പ് വര്‍ധിച്ചതാണ് കേരള സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയമമായി അംഗീകരിക്കുവാനും കാരണം. 18 രാജ്യങ്ങളിലെ ലേബര്‍ റിക്രൂട്ട്‌മെന്റിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കി. കൂടാതെ നോര്‍ക്ക, കേരള സര്‍ക്കാറിന്റെ ലേബര്‍ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് എംബസികള്‍ വഴി മാത്രമേ ഏജന്‍സികള്‍ക്ക് ലേബര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് സാധിക്കുകയുള്ളു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 12ന് ശേഷം പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യവിട്ട് പോകുവാന്‍ കഴിഞ്ഞിട്ടില്ലെന്നും അത് കൊണ്ട് നിയമത്തില്‍ മാറ്റം അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ നിയമം അനുസരിച്ച് വിദേശ രാജ്യങ്ങളിലെ ആശുപത്രികളില്‍ നഴ്‌സുമാരെ ആവശ്യമുണ്ടെങ്കില്‍ ഇ-മൈഗ്രേഷന്‍ രജിസ്റ്റര്‍ ചെയ്യണം. മത്സരം നടക്കുന്ന ഗ്ലോബല്‍ തൊഴില്‍ മാര്‍ക്കറ്റില്‍ നൂലാമാലകളുടെ പിന്നാലെ പോകുവാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ല. നടപടി ക്രമങ്ങളില്‍ താല്‍പര്യമില്ലാത്ത കമ്പനികള്‍ ഇന്ത്യക്കാരെ ജോലിക്കെടുക്കുവാന്‍ തയ്യാറാകുന്നില്ല. ഇത് തൊഴില്‍ നിഷേധത്തിന് ഇടയാക്കുന്നു. മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തണം. ഗള്‍ഫ് ജോലിയുമായി ബന്ധപ്പെട്ട റാക്കറ്റുകളെ തടയണം.
കണ്ണൂര്‍ എയര്‍പോര്‍ട്ടിന് സ്ഥലം നല്‍കിയവര്‍ക്ക് നല്‍കിയ നഷ്ടപരിഹാരം കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ കാര്യത്തിലും സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പത്ത് വര്‍ഷങ്ങളായിട്ടും നാട്ടില്‍ പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് നാട്ടിലേക്ക് എത്താന്‍ ഫ്രീ വിമാനടിക്കറ്റ് നോര്‍ക്ക നല്‍കും. ആദ്യഘട്ടത്തില്‍ പത്തു വര്‍ഷമായിട്ടും നാട്ടില്‍ വരാനാകാത്തവരെയാണ് സഹായിക്കുക. പിന്നീട് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും. ഇത്തരക്കാരെ കണ്ടെത്തിയ ശേഷം മുന്‍ഗണനാ ക്രമം അനുസരിച്ചാവും അവര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കുക. എയര്‍ കേരള സര്‍ക്കാറിന്റെ സജീവപരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest